ADVERTISEMENT

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് കീൻവ 'സൂപ്പർ ഫുഡ്', 'സൂപ്പർ ഗ്രെയ്ൻ' എന്നൊക്കെയാണ് കീൻവയുടെ വിശേഷണങ്ങൾ Quinoa യെ കീൻവാ എന്നും കെനോവ എന്നും ഒക്കെ ഉച്ചരിക്കാം. പ്രോട്ടീൻ, ഫൈബർ, വൈറ്റമിനുകൾ ധാതുക്കൾ ഇവയെല്ലാം കീൻവയിലുണ്ട്. ഗ്ലൂട്ടൻ ഫ്രീ ആണിത്. 

സാധാരണയായി അരിക്കു പകരം ഉപയോഗിക്കാവുന്ന ഒരു ധാന്യം ആയാണ് കീൻവയെ പരിഗണിക്കാറ്. എന്നാൽ യഥാർഥത്തിൽ ഇത് ഒരു സീഡ് ആണ്. Chenopodium quinoa  എന്ന സസ്യത്തിന്റെ മഞ്ഞനിറത്തിലുള്ള വിത്തുകളാണ് കീൻവ. പെറു ആണ്  കീൻവയുടെ ജന്മദേശം. വേവിക്കുമ്പോൾ മൃദുവും  ഫ്ലഫിയും ആകുന്ന കീൻവയ്ക്ക് നട്സിന്റെയൊക്കെ ഒരു രുചിയാണ്. ഇത് പൊടിയാക്കാം, കീൻവ ഫ്ലേക്സ് ആക്കാം. കൂടാതെ പാസ്‌ത, ബ്രെഡ് ഇതൊക്കെ കീൻവ കൊണ്ടുണ്ടാക്കാം. 

കീൻവ ഏതാണ്ട് 1,800 ൽ അധികം തരമുണ്ട്. കീൻവ സീഡ് കറുപ്പ്, ചുവപ്പ്, വെള്ള, പർപ്പിൾ, പിങ്ക്, മഞ്ഞ, ചാരം, ഓറഞ്ച്, പച്ച ഈ നിറങ്ങളിലെല്ലാം ഉണ്ട്. വെള്ള നിറമുള്ളതിനാണ് രുചി കൂടുതൽ. കൂടുതൽ പോഷകങ്ങൾ അടങ്ങിയത് ചുവപ്പ് കീൻവയിലാണ്. 

കീൻവയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രോട്ടീൻ, ഫൈബർ, അയൺ, കോപ്പർ, തയാമിൻ, വൈറ്റമിൻ ബി 6 എന്നിവയുടെ കലവറയാണ് കീൻവ. മഗ്നീഷ്യം, ഫോസ്‌ഫറസ്‌, മാംഗനീസ്‌ ഫോളേറ്റ് എന്നിവയും കീൻവയിൽ ധാരാളമുണ്ട്. എല്ലാ അമിനോആസിഡുകളും അടങ്ങിയ കീൻവ ഒരു കംപ്ലീറ്റ്  പ്രോട്ടീൻ സോഴ്‌സ് ആണെന്നു പറയാം. കീൻവ വെജിറ്റേറിയൻ ഭക്ഷണവും വീഗൻ ഭക്ഷണവും ശീലമാക്കിയവരുടെ പ്രിയപ്പെട്ട ഭക്ഷണമാകുന്നതും അതു കൊണ്ടു തന്നെ. വിശപ്പു കുറയ്ക്കാനും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും കീൻവ സഹായിക്കും. 

കൊളസ്‌ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കീൻവ സഹായിക്കും. ഒരു മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ആയ ഒലേയിക് ആസിഡ്, ആൽഫാ ലിനോ ലെനിക് ആസിഡ് ഇവ കീൻവയിൽ ധാരാളമുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും ഇൻഫ്ളമേഷൻ കുറയ്ക്കുകയും ചെയ്യും. 

മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം ഫൈബർ കീൻവയിലുള്ളതിനാൽ  ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഹൃദ്രോഗം തടയാനും പക്ഷാഘാതം ഉയർന്ന രക്തസമ്മർദം ഇവ തടയാനും നാരുകൾ സഹായിക്കും. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കാനും കീൻവ സഹായിക്കും. ഗ്ലൂട്ടൻ ഒട്ടും അടങ്ങിയിട്ടില്ലാത്തതിനാൽ  ഡയറ്റ് പിന്തുടരുന്നവർക്ക് കീൻവ ഒരു മികച്ച ഭക്ഷണമാണ്. 

കീൻവയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്റെ രൂപീകരണത്തിന് അയൺ പ്രധാനമാണ്. ഇത് പേശികളിലേക്കും തലച്ചോറിലേക്കും ഓക്‌സിജൻ സപ്ലൈ ചെയ്യുന്നു. കീൻവയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകലിനെയും നിരവധി രോഗങ്ങളെയും തടയുന്നു. 

quinoa
Photo credit : Elena Schweitzer / Shutterstock.com

ക്യുവർസെറ്റിൻ, കെയിംഫെറോൾ എന്നീ രണ്ടു സസ്യസംയുക്തങ്ങൾ കീൻവയിലുണ്ട്. ഇത് ഹൃദ്രോഗം, പ്രമേഹം, സ്‌കിൻ കാൻസർ, ലിവർ കാൻസർ തുടങ്ങി നിരവധി കാൻസറുകളിൽ നിന്നും സംരക്ഷണമേകുന്നു. ഫോളേറ്റ് ധാരാളം ഉണ്ട്. ഡിഎൻ എ യുടെ രൂപീകരണത്തിന് സഹായിക്കുന്ന ഒരു പ്രധാന ബി വൈറ്റമിൻ ആണ് ഫോളേറ്റ്. ഗർഭകാലത്ത് ഫോളേറ്റ് ആവശ്യത്തിനു ലഭിക്കുന്നത് ഗർഭസ്ഥശിശുവിന് ന്യൂറൽട്യൂബ് ഡിഫക്ടുകൾ ഒന്നും ഉണ്ടാകാതെ തടയും. ഫോളേറ്റ് അടങ്ങിയ ഭക്ഷണം കാൻസറുകളും വിഷാദവും വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. 

ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ കീൻവ  ഇന്ന് നമ്മുടെ നാട്ടിലും ലഭ്യമാണ്. ആദ്യകാലത്ത് പെറു, ബൊളീവിയ തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമായിരുന്നു കീൻവ ഉൽപാദിപ്പിച്ചിരുന്നത്. എന്നാൽ കീൻവയുടെ പോഷകമൂല്യവും ആരോഗ്യഗുണങ്ങളും ലോകത്തെ പട്ടിണി മാറ്റാൻ ഉള്ള കഴിവും മനസിലാക്കി, യുഎൻ 2013 നെ അന്താരാഷ്ട്ര കീൻവ വർഷമായി ആചരിച്ചു. ഗ്ലൂട്ടൻ ഫ്രീ ധാന്യം ആയതു കൊണ്ടു തന്നെ കീൻവ വളരെയധികം പോപ്പുലർ ആയി. ഗോതമ്പ് അലർജി ഉള്ളവർക്കും സീലിയാക് ഡിസീസ് ഉള്ളവർക്കും കീൻവ കഴിക്കാം. 

ശ്രദ്ധിക്കാൻ 

കീൻവ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കീൻവ സീഡ് സാപ്പൊനിയൻസ് കൊണ്ട് മൂടിയിരിക്കും. ബാക്‌ടീരിയ, ഫംഗസ്, വൈറസ് മുതലായവയിൽ നിന്നു ചെടികളെ സംരക്ഷിക്കാൻ ഡിസൈൻ ചെയ്‌തിരിക്കുന്ന  രാസവസ്‌തുക്കളാണ് സാപ്പൊനിയൻസ്. ഇതിന് കയ്പ്പും സോപ്പു രുചിയും ഉണ്ട്. വേവിക്കും മുൻപ് കീൻവ തണുത്ത വെള്ളത്തിൽ നന്നായി കഴുകണം. 

കീൻവ മറ്റ് മുഴുധാന്യങ്ങളെ അപേക്ഷിച്ച് വളരെ എളുപ്പത്തിൽ വേവും. 12 മുതൽ 15 മിനിറ്റ് മാത്രം മതി കീൻവ വേവാൻ. ചൂടോടെയും, തണുപ്പിച്ചും, റൂം ടെംപറേച്ചറിലും ഒക്കെ കീൻവ വിളമ്പാം. തണുത്താലും ഇതിന്റെ ടെക്സ്ചറിന് മാറ്റം വരുന്നില്ല. പ്രഭാത ഭക്ഷണമായും ഉച്ച ഭക്ഷണമായും സാലഡിനൊപ്പവും എല്ലാം കീൻവ കഴിക്കാം. സൂപ്പ്, സ്റ്റൂ ഇവയ്ക്ക് കൊഴുപ്പു വരാനും കീൻവ ചേർക്കും. പച്ചക്കറികളോ, പഴങ്ങളോ അരിഞ്ഞു ചേർത്ത് കീൻവയെ കൂടുതൽ രുചികരമാക്കുകയും ചെയ്യാം.

English Summary : Health benefits of Quinoa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com