ഭാരം കുറയ്ക്കാന്‍ ഫൈബര്‍ കൂടിയതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ചില ഭക്ഷണങ്ങള്‍
Mail This Article
ഫൈബര്‍ അഥവാ നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്‍റെ ഗുണങ്ങള്‍ പലതാണ്. ദീര്‍ഘനേരം വിശക്കാതിരിക്കാനും ഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനുമൊക്കെ ഇവ സഹായിക്കും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഫൈബര്‍ അടങ്ങിയ പല ഭക്ഷണങ്ങളിലും കാര്‍ബോഹൈഡ്രേറ്റ് തോതും ഉയര്‍ന്നിരിക്കാറുണ്ട്. ഇത് കാര്‍ബോ കുറഞ്ഞ ഭക്ഷണം പിന്തുടരുന്നവര്‍ക്ക് ഫൈബര്‍ വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പം ഉണ്ടാക്കാം.
അത്തരക്കാര്‍ക്ക് വേണ്ടി ഫൈബര്‍ കൂടിയതും അതേ സമയം കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷനിസ്റ്റ് ദിവ്യ സോബ്തി.
1. സ്ട്രോബെറി
എട്ട് ഇടത്തരം വലുപ്പമുള്ള സ്ട്രോബെറിയില്‍ ഏഴ് ഗ്രാമോളം മാത്രമേ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളൂ. ഒരു ഓറഞ്ചില്‍ അടങ്ങിയിട്ടുള്ളത്ര വൈറ്റമിന്‍ സിയും ഇതില്‍ നിന്ന് ലഭിക്കും. ആന്‍റി-കാന്‍സര്‍, ആന്‍റി-ഇന്‍ഫ്ളമേറ്ററി ശേഷികളുള്ളതും ഹൃദയത്തെ സംരക്ഷിക്കുന്നതുമായ ഉയര്‍ന്ന തോതിലെ ഫൈബറും സ്ട്രോബെറിയില്‍ അടങ്ങിയിരിക്കുന്നു.
2. റാസ്ബെറി
രോഗങ്ങളില്‍ നിന്ന് ശരീരത്തെ രക്ഷിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകള്‍ റാസ്ബെറിയില്‍ അടങ്ങിയിരിക്കുന്നു. സ്നാക്സായും ബേക്ക് ചെയ്ത് മധുരത്തിനൊപ്പവും ഇവ ഉപയോഗിക്കാം. ഇവയിലെ ഫൈബര്‍ തോതും അധികമാണ്.
3. ചീര
കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതും ഫൈബര്‍ കൂടിയതുമായ ഒരു ഉത്തമ ഭക്ഷണമാണ് ചീര. ഒരു കപ്പ് പാകം ചെയ്ത ചീരയില്‍ ഏഴ് ഗ്രാം കാര്‍ബോയും നാല് ഗ്രാം ഫൈബറും അടങ്ങിയിരിക്കുന്നു. ദീര്‍ഘനേരം വിശക്കാതിരിക്കാനും ഇവ സഹായിക്കും.
4. ബ്ലാക്ബെറി
20 ചെറിയ ബ്ലാക്ബെറിയില്‍ 10 ഗ്രാമില്‍ താഴെ മാത്രമാണ് കാര്‍ബോഹൈഡ്രേറ്റ് ഉള്ളത്. രോഗങ്ങള്‍ക്കെതിരെ പൊരുതുന്ന ആന്റിഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ബ്ലാക്ബെറി. ഫൈബര്‍ കൂടുതലും ഫ്രക്ടോസ് കുറവുമായതിനാല്‍ ബ്ലാക്ബെറിയും മറ്റ് ബെറി പഴങ്ങളും ദഹനപ്രശ്നങ്ങളോ ഗ്യാസോ ഉണ്ടാക്കില്ല.
5. തേങ്ങ
തേങ്ങയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവും ഫൈബറും കൊഴുപ്പും കൂടുതലുമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന അര്‍ജിനൈന്‍ പ്രമേഹത്തിനെതിരെ പ്രവര്‍ത്തിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
6. ആല്‍മണ്ട്
പ്രോട്ടീനും ഫൈബറും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ആല്‍മണ്ടില്‍ കാര്‍ബോഹൈഡ്രേറ്റ് വളരെ കുറവാണ്. പെട്ടെന്ന് വിശപ്പ് തോന്നാതിരിക്കാനും ആല്‍മണ്ട് സഹായിക്കും. പ്രോട്ടീനും ഫൈബറും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ചിയ വിത്തുകളും കാര്‍ബോ കുറഞ്ഞ വിഭവമാണ്.
Content Summary: Some low-carb, high-fibre foods that are ideal for weight loss