കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം? അറിയാം
Mail This Article
കണ്ണിന്റെ ആരോഗ്യവും പൊതുവായ ആരോഗ്യവും ചേർന്നു നിൽക്കുന്ന ഒന്നാണ്. ആരോഗ്യം മെച്ചപ്പെടുത്താനും നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചില പോഷകങ്ങളും വൈറ്റമിനുകളുമായ എ, സി, ഒമേഗഫാറ്റി ആസിഡുകൾ, സിങ്ക് എന്നിവയെല്ലാം തിമിരം, പ്രായമാകുമ്പോഴുണ്ടാകുന്ന മക്യുലാർ ഡീജനറേഷൻ തുടങ്ങിയ നേത്രരോഗങ്ങളിൽ നിന്നു സംരക്ഷണമേകും. വൈറ്റമിൻ എയും ബീറ്റാകരോട്ടിനും ധാരാളം അടങ്ങിയതിനാൽ കാരറ്റ് കണ്ണിനു നല്ലതാണെന്ന് നമുക്കറിയാം.
കണ്ണിന് ആരോഗ്യമേകുന്ന മറ്റ് ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം
നട്സ്, പയർവർഗങ്ങൾ
പയർവർഗങ്ങളിൽ സിങ്ക് ധാരാളം ഉണ്ട്. ഇറച്ചിക്കു പകരം നിൽക്കുന്നവയാണ് പയർവർഗങ്ങൾ. പ്രോട്ടീനും ധാരാളമായി ഇവയിലുണ്ട്. പൂരിതകൊഴുപ്പുകൾ ഇല്ലാത്തതിനാലും നാരുകൾ ധാരാളം അടങ്ങിയതിനാലും കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് പയർവർഗങ്ങൾ. ചില നട്സുകളായ വാൾനട്ട്, കാഷ്യുനട്ട് (കശുവണ്ടി), നിലക്കടല, ബദാം എന്നിവയിൽ ഒമേഗ 3 യും വൈറ്റമിൻ ഇ യും ഉള്ളതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
കാരറ്റ്, കാപ്സിക്കം, ബ്രോക്‌ലി
വൈറ്റമിൻ എ യുടെ കലവറയാണ് കാരറ്റ്. ബീറ്റാ കരോട്ടിനും ഇതിൽ ധാരാളമുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. റോഡ് കോശങ്ങളുടെയും കോൺ കോശങ്ങളുടെയും ഉൽപ്പാദനത്തിന് വൈറ്റമിൻ എ കൂടിയേ തീരൂ. കാഴ്ചയ്ക്കു കാരണമാകുന്ന റെറ്റിനയിലെ രണ്ടു തരം ഫോട്ടോറിസെപ്റ്റേഴ്സ് ആണിവ. ബീറ്റാ കരോട്ടിൻ, കണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കുന്നതോടൊപ്പം രോഗങ്ങളും അണുബാധകളും വരാതെ തടയുന്നു.
വൈറ്റമിൻ എ യും സി യും ധാരാളം അടങ്ങിയ കാപ്സിക്കം േനത്രരോഗങ്ങളായ തിമിരവും, മക്യുലാർ ഡീ ജനറേഷനും വരാനുള്ള സാധ്യത കുറയ്ക്കുന്നു. ബ്രക്കോളിയിലാകട്ടെ വൈറ്റമിൻ സി, ല്യൂട്ടിൻ, സീസാന്തിൻ എന്നിവയുണ്ട്. ഇവ നേത്രാരോഗ്യമേകുന്നു.
സീഡ്സ്
പലതരം വിത്തുകൾ കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്. സൺഫ്ലവർ സീഡ്സ്, മത്തങ്ങാക്കുരു, ഫ്ലാക്സ് സീഡ്സ്, ചിയ വിത്ത് ഇവയിലെല്ലാം ഒമേഗ 3, വൈറ്റമിൻ ഇ ഇവ ധാരാളമുണ്ട്. ദിവസവും ഒരു പിടി വീതം ഈ സീഡ്സ് കഴിക്കുന്നത് നേത്രരോഗങ്ങൾ വരാതെ സംരക്ഷിക്കും.
നാരകഫലങ്ങൾ
നാരകഫലങ്ങളിൽ വൈറ്റമിൻ സി ധാരാളമുണ്ട്. കണ്ണിന് ഏറ്റവും പ്രധാനപ്പെട്ടതാണിത്. പ്രായമാകുമ്പോൾ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇതിനു കഴിയും. ഭക്ഷണത്തിൽ നാരങ്ങ, ഓറഞ്ച്, മുസംബി, ബെറിപ്പഴങ്ങൾ, ഗ്രേപ്പ് ഫ്രൂട്ട് ഇവ ഉൾപ്പെടുത്തണം.
ഇലക്കറികൾ
കാഴ്ചയ്ക്കു സഹായിക്കുന്ന ഭക്ഷണങ്ങളിൽ പ്രധാനിയാണ് പച്ചനിറത്തിലുള്ള ഇലക്കറികൾ. പച്ചച്ചീര, കേൽ തുടങ്ങിയവയിലെല്ലാം ല്യൂട്ടിൻ, സീസാന്തിൻ തുടങ്ങിയവ ധാരാളമുണ്ട്.
Content Summary: What foods improve eyesight naturally?