ചായയ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ആറ് ഭക്ഷണങ്ങൾ; കാരണവും
Mail This Article
ഒരു കപ്പ് ചായ കുടിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഓർത്തു നോക്കൂ. ചായ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ചായയ്ക്കൊപ്പം എന്തെങ്കിലും ലഘുഭക്ഷണവും നമ്മുടെ ശീലമാണ്. ബിസ്ക്കറ്റ്, സാൻഡ്‌വിച്ച്, പക്കോഡ, സമോസ ഇവയെല്ലാം ചായയോടൊപ്പം കഴിക്കാറുണ്ട്. രുചി മാത്രമല്ല ചായയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്. എന്നാൽ ചായയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണങ്ങൾ ചിലപ്പോൾ ആരോഗ്യത്തിന് ദോഷം ചെയ്തേക്കാം. ചായയ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.
ഇരുമ്പ് അടങ്ങിയ ഭക്ഷണം
ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങൾ, അതായത് ഇലക്കറികൾ, ധാന്യങ്ങൾ, പയർ വർഗങ്ങൾ, സെറീയൽസ് ഇവ ചൂടു ചായയ്ക്കൊപ്പം ഒഴിവാക്കാം. ചായയിൽ ടാനിനുകളും ഓക്സലേറ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഈ ഭക്ഷണങ്ങളിൽനിന്നd ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു.
നാരങ്ങ
നാരങ്ങയിൽ വിറ്റമിൻ സി ധാരാളമുണ്ട്. ഇത് ശരീരത്തിന് ആവശ്യമാണ്. പാൽച്ചായയോടൊപ്പം നാരങ്ങ ചേരുന്നത് അത്ര നല്ലതല്ല. ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് ലെമൺ ടീ. എന്നാൽ തേയില നാരങ്ങയുടെ ഒപ്പം നേരിട്ട് ചേരുന്നത് അസിഡിറ്റിക്കും ആസിഡ് റിഫ്ലക്സിനും കാരണമാകും. അസിഡിറ്റി ഉള്ള ആളാണെങ്കിൽ അതിരാവിലെ ലെമൺടീ കുടിക്കരുത്.
കടലമാവ്
ചായയുടെ ഒപ്പം കഴിക്കുന്ന പക്കോഡ, ഉള്ളിബജി, മറ്റ് ബജികൾ ഇവയെല്ലാം ഏറെ രുചികരമായ ലഘുഭക്ഷണങ്ങളാണ്. എന്നാൽ മിക്ക ലഘുഭക്ഷണങ്ങളും കടലമാവ് ചേർത്താണ് ഉണ്ടാക്കുന്നത്. ചായയും കടലമാവും ചേർച്ചയില്ലാത്ത രണ്ട് ഭക്ഷണപദാർഥങ്ങളാണ്. രക്തത്തിലേക്ക് പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിൽ നിന്ന് കടലമാവ് തടയുന്നു. വയറുവേദനയ്ക്കും മലബന്ധത്തിനും ഇത് കാരണമാകുകയും ചെയ്യും.
തണുത്ത ഭക്ഷണം
ചായയ്ക്കൊപ്പം ഐസ്ക്രീം പോലുള്ള തണുത്ത വസ്തുക്കൾ കഴിക്കാനേ പാടില്ല. വ്യത്യസ്ത താപനിലയിലുള്ള വസ്തുക്കൾ കഴിക്കുന്നത് ദഹനക്കേട് ഉണ്ടാക്കും. ഓക്കാനം വരുത്തും. ചൂടുചായ കുടിച്ച് 30 മുതൽ 45 മിനിറ്റ് കഴിയാതെ തണുത്തതൊന്നും കഴിക്കരുത്.
മഞ്ഞൾ
ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് മഞ്ഞൾ, എന്നാൽ ചായയ്ക്കൊപ്പം മഞ്ഞൾ ചേരുന്നത് അപകടകരമാണ്. മഞ്ഞളിലടങ്ങിയ സംയുക്തങ്ങൾ ഉദരപാളിയിൽ അസ്വസ്ഥത ഉണ്ടാക്കും. ഇതുമൂലം ദഹനക്കേട്, നെഞ്ചെരിച്ചിൽ ഇവയുണ്ടാകും.
നട്സ്
ശക്തിയും പോഷകഗുണങ്ങളും ഏകുന്ന മികച്ച ഭക്ഷണമാണ് നട്സ്. എന്നാൽ ചായയ്ക്കൊപ്പം നട്സ് കഴിക്കുന്നത് ഒട്ടും നല്ലതല്ല. വറുത്ത നിലക്കടല, കശുവണ്ടി, പിസ്ത ഇവയൊന്നും ചായയ്ക്കൊപ്പം കഴിക്കരുത്. നട്സിൽ ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഇതും ചായയോടും പാലിനോടും ചേരില്ല.
Content Summary : Six foods you should never eat with your tea