പ്രതിരോധ ശക്തി വര്‍ധിപ്പിക്കാം വൈറ്റമിന്‍ സമ്പുഷ്ടമായ ഈ എട്ട് ഭക്ഷണങ്ങളിലൂടെ
Mail This Article
ആരോഗ്യകരമായ ജീവിതത്തിന് ശക്തമായ പ്രതിരോധ സംവിധാനം ആവശ്യമാണ്. പ്രതിരോധ സംവിധാനത്തെ ബലപ്പെടുത്തുന്ന കാര്യത്തില്‍ നമ്മുടെ ഭക്ഷണക്രമവും ജീവിതശൈലിയും പ്രധാന പങ്ക് വഹിക്കുന്നു. വൈറ്റമിനുകളും ധാതുക്കളും ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍ ദിവസവും കഴിക്കുന്നത് പ്രതിരോധസംവിധാനത്തിന് കരുത്ത് പകരുമെന്ന് ഡയറ്റീഷന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ പ്രതിരോധസംവിധാനത്തെ ബലപ്പെടുത്തുന്ന വൈറ്റമിനുകളും ധാതുക്കളും അടങ്ങിയവയാണ്.
1. സിട്രസ് പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ജലദോഷം, ചുമ ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
2. ബ്രൊക്കോളി
വൈറ്റമിന്‍ എ, സി, ഇ, ഫൈബര്‍, നിരവധി ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ബ്രൊക്കോളിയും പ്രതിരോധസംവിധാനത്തിന് കരുത്ത് പകരും. ഇത് കഴിയുമെങ്കില്‍ പച്ചയ്ക്കോ ആവിയില്‍ പുഴുങ്ങിയോ കഴിക്കാന്‍ ശ്രദ്ധിക്കണം. അധികം പാകം ചെയ്താല്‍ ഇതിലെ പോഷണങ്ങള്‍ നഷ്ടപ്പെടുന്നതാണ്.
3. ചായ
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചായയും ശരീരത്തിന് ഗുണപ്രദമാണ്. പാല്‍ ചേര്‍ക്കാതെ കട്ടന്‍ ചായയായി കുടിക്കുന്നതാണ് ഉത്തമം. ഗ്രീന്‍ ടീ, തക്കോലം ഉപയോഗിച്ചുള്ള ചായ എന്നിവയില്‍ പോളിഫെനോളുകളും ഫ്ളാവനോയ്ഡുകളുമുണ്ട്.
4. കാപ്സിക്കം
ചുവന്ന നിറത്തിലുള്ള കാപ്സിക്കത്തില്‍ സിട്രസ് പഴങ്ങളേക്കാള്‍ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. ബീറ്റ കരോട്ടിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ശരീരം ഇവയിലെ ബീറ്റ കരോട്ടിനെ വൈറ്റമിന്‍ എയാക്കി മാറ്റുന്നു.
5. ആല്‍മണ്ട്
ആരോഗ്യകരമായ കൊഴുപ്പും വൈറ്റമിന്‍ ഇയും അടങ്ങിയ ആല്‍മണ്ടും പ്രതിദിനം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ആല്‍മണ്ടിന്‍റെ തൊലിയില്‍ പോളിഫെനോളുകളും അടങ്ങിയിരിക്കുന്നു.
6. പാലുത്പന്നങ്ങള്‍
യോഗര്‍ട്ട്, സ്മൂത്തികള്‍ പോലുള്ള പാലുത്പന്നങ്ങളും പ്രതിരോധശേഷിയെ ബലപ്പെടുത്തുന്നു. ഇവയിലെ പ്രോബയോട്ടിക്സ് ദഹനത്തെ സഹായിക്കും. വൈറ്റമിനുകള്‍, ലിപിഡുകള്‍, പ്രോട്ടീനുകള്‍ എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു.
7. പപ്പായ
ഒരു ഇടത്തരം പപ്പായയില്‍ പ്രതിദിനം ആവശ്യമായ വൈറ്റമിന്‍ സിയുടെ ഇരട്ടി അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ദഹനരസമായ പപ്പെയ്നിന് ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുമുണ്ട്. പപ്പായയില്‍ ശരീരത്തിന് ആവശ്യമായ പൊട്ടാസിയം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയും അടങ്ങിയിരിക്കുന്നു.
8. സൂര്യകാന്തി വിത്തുകള്‍
ഫോസ്ഫറസ്, മഗ്നീഷ്യം, വൈറ്റമിന്‍ ബി6, ഇ എന്നിവയെല്ലാം അടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണമാണ് സൂര്യകാന്തി വിത്തുകള്‍. സെലീനിയവും ഇതില്‍ വന്‍തോതില്‍ അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ ഇ ധാരാളമായി അടങ്ങിയ അവക്കാഡോയും പച്ചിലകളും പ്രതിരോധശേഷിക്ക് മികച്ചതാണ്.
Content Summary: Add These 8 Vitamin-Rich Foods To Your Diet To Boost Your Immunity