ബുദ്ധി വര്‍ധിപ്പിക്കാൻ കുട്ടികൾക്ക് നൽകാം ഈ അഞ്ച് ഭക്ഷണങ്ങൾ
Mail This Article
കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധി വികാസത്തിനും എല്ലാം ആരോഗ്യകരമായ ഒരു ഭക്ഷണക്രമം ആവശ്യമാണ്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആവശ്യമായ വൈറ്റമിനുകളും പോഷകങ്ങളും ഉൾപ്പെട്ട ഭക്ഷണമായിരിക്കണം കുട്ടികൾക്ക് നൽകേണ്ടത്. തലച്ചോറിന്റെ മെച്ചപ്പെട്ട ആരോഗ്യത്തിനായി കുട്ടികൾക്ക് നൽകാന്‍ പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്.
∙യോഗർട്ട്
അയഡിന്റെ മികച്ച ഉറവിടമാണിത്. തലച്ചോറിന്റെ വികാസത്തിനും ബൗദ്ധിക പ്രവർത്തനത്തിനും ശരീരത്തിന് അത്യാവശ്യമായ പോഷകമാണ് അയഡിൻ. അയഡിൻ കൂടാതെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന മറ്റ് പോഷകങ്ങളായ പ്രോട്ടീന്‍, സിങ്ക്, ബി12, സെലനിയം എന്നിവയും യോഗർട്ടിൽ ധാരാളമുണ്ട്.
∙ഇലക്കറികൾ
പച്ച നിറത്തിലുള്ള ഇലക്കറികളായ സ്പിനാച്ച് അഥവാ പച്ചച്ചീര, കേൽ, ലെറ്റ്യൂസ് എന്നിവയിൽ ഫോളേറ്റ്, ഫ്ലേവനോയ്ഡുകൾ, വിറ്റമിൻ ഇ, വിറ്റമിൻ കെ തുടങ്ങിയ തലച്ചോറിനെ സംരക്ഷിക്കുന്ന സംയുക്തങ്ങളുണ്ട്. കരോട്ടിനോയ്ഡ് ധാരാളം അടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് കുട്ടികളിൽ ബുദ്ധിശക്തി വർധിപ്പിക്കും.
∙പയർ വർഗങ്ങൾ
പയർ വർഗങ്ങളിലും ബീൻസിലും മഗ്നീഷ്യം, സിങ്ക്, ഫൈബർ, ആന്റിഓക്സിഡന്റുകൾ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുണ്ട്. ഇവ മൂഡ് മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും.
∙മുഴുധാന്യങ്ങൾ
മുഴുധാന്യങ്ങൾ ആയ ഗോതമ്പ്, ബാർലി, അരി, ഓട്സ് തുടങ്ങിയവയിൽ ബി വൈറ്റമിനുകൾ ഉണ്ട്. ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമശക്തി നിലനിർത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
∙നട്സ്, സീഡ്സ്
മോണോസാച്ചുറേറ്റഡ് ഫാറ്റ്, ഒമേഗ 3 തുടങ്ങി തലച്ചോറിന്റെ വികാസത്തിനു സഹായിക്കുന്നവയാൽ സമ്പന്നമായ സൂപ്പർ ഫുഡ് ആണ് നട്സും സീഡ്സും പിസ്തയിൽ അടങ്ങിയ ല്യൂട്ടിൻ എന്ന ഫൈറ്റോ കെമിക്കൽ ബൗദ്ധിക പ്രവര്‍ത്തനങ്ങൾ മെച്ചപ്പെടുത്തും. ശരീരത്തെയും തലച്ചോറിനെയും സംരക്ഷിക്കുന്ന ശക്തിയേറിയ ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഒന്നാണ് മത്തങ്ങാക്കുരു.
പോഷകങ്ങൾ ധാരാളം അടങ്ങിയ ഇത്തരത്തിലുള്ള സമീകൃത ഭക്ഷണം കുട്ടികൾക്ക് നൽകുന്നത് തലച്ചോറിന്റെ ആരോഗ്യത്തോടൊപ്പം കുട്ടികൾക്ക് സൗഖ്യവും ഏകുന്നു.
Content Summary: Memory boosting foods