നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
Mail This Article
നന്നായി ഉറങ്ങാൻ സാധിക്കാതെ, ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇൻസോമ്നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്. സമ്മർദം മൂലം കുറച്ചു കാലത്തേക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റവും ഇതിന് കാരണമാണ്. എന്നാൽ ദീർഘകാല ഇൻസോമ്നിയയ്ക്ക് കാരണങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ഗുരുതരവുമാണ്.
ഗുരുതരമായ ഉറക്കമില്ലായ്മ ഉള്ളവർക്ക് ആഴ്ചയിൽ മൂന്നോ അതിലധികമോ രാത്രികളിൽ ഉറങ്ങാൻ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നിൽക്കുകയോ ചെയ്യാം. കുറച്ചു കാലത്തേക്ക് മാത്രം ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെങ്കിൽ മരുന്നു കഴിക്കാതെ തന്നെ ഭക്ഷണത്തിലൂടെ ഈ അവസ്ഥയെ മറികടക്കാൻ കഴിയും. പോഷകങ്ങളായ മഗ്നീഷ്യം, കാൽസ്യം, സിങ്ക്, ചില ബി വൈറ്റമിനുകള്‍ എന്നിവ ഉറക്കത്തിനു സഹായിക്കും.
അമിനോആസിഡ് ആയ ട്രിപ്റ്റോഫാൻ, സെറോടോണിൻ ആയി തലച്ചോർ മാറ്റുന്നു. ഇത് മെലാടോണിൻ ആയി മാറുന്നു. മെലാടോണിന്റെയും സെറാടോണിന്റെയും കുറഞ്ഞ അളവ് ഇൻസോമ്നിയയിലേക്കും മറ്റ് ഉറക്ക രോഗങ്ങളിലേക്കും നയിക്കും. നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.
∙ചൂട് പാൽ
പാലിൽ അടങ്ങിയ ട്രിപ്റ്റോഫാൻ, മെലാടോണിൻ ഇവ നല്ല ഉറക്കത്തിനു സഹായിക്കും.
∙ബാർലിഗ്രാസ് പൊടിച്ചത്
ബാർലിച്ചെടിയുടെ ഇലകൾ പൊടിച്ചതിൽ ഉറക്കത്തിനു സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ ഉണ്ട്. കാൽസ്യം, GABA, ട്രിപ്റ്റോഫാൻ, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഇതിലുണ്ട്.
∙വാൾനട്ട്
നല്ല ഉറക്കം ലഭിക്കാൻ വാൾനട്ട് സഹായിക്കും. ഇവയിൽ മെലാടോണിൻ ധാരാളമുണ്ട്. വാൾനട്ടിലെ ഫാറ്റി ആസിഡുകളും ഉറക്കത്തിനു സഹായിക്കും. ഇതിൽ ആൽഫാ– ലിനോലെനിക് ആസിഡ് (ALA) എന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇത് DHA ആയി മാറുന്നു. സെറാടോണിന്റെ ഉൽപാദനം വർധിപ്പിക്കാൻ DHA സഹായിക്കും.
∙മത്തങ്ങാക്കുരു വറുത്തത്
മത്തങ്ങാക്കുരു ട്രിപ്റ്റോഫാന്റെ ഉറവിടമാണ്. ഉറക്കത്തിനു സഹായിക്കുന്ന അമിനോ ആസിഡ് ആണ് ട്രിപ്റ്റോഫാൻ. മത്തങ്ങാക്കുരുവിലടങ്ങിയ സിങ്ക്, കോപ്പർ, സെലെനിയം എന്നിവയും സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കും.
∙വാഴപ്പഴം
ഉറക്കത്തിനു സഹായിക്കുന്ന പോഷകങ്ങളായ മഗ്നീഷ്യം, ട്രിപ്റ്റോഫാൻ, വൈറ്റമിൻ ബി 6, അന്നജം, പൊട്ടാസ്യം ഇവയെല്ലാം വാഴപ്പഴത്തിലുണ്ട്.
∙ചിയ വിത്ത്
ട്രിപ്റ്റോഫാൻ ധാരാളം അടങ്ങിയ ചിയ വിത്ത് കുതിർത്തത് നല്ല ഉറക്കം ലഭിക്കാനും മനോനില മെച്ചപ്പെടുത്താനും സഹായിക്കും.
Content Summary: Foods that will help you sleep better