ഗുണങ്ങളറിഞ്ഞ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ ഉണക്കപ്പഴങ്ങൾ
Mail This Article
ഉണക്കപ്പഴങ്ങൾ എല്ലാം രുചികരമാണെന്നു മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ്. വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയടങ്ങിയ ഇവ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ദഹനവും മെച്ചപ്പെടുത്തുന്നു. ദഹനസംബന്ധമായ രോഗങ്ങൾ അകറ്റാൻ ഉണക്കപ്പഴങ്ങൾ സഹായിക്കും. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഉണക്കപ്പഴങ്ങൾ (Dry fruits) ഏതൊക്കെ എന്നു നോക്കാം.
1. ബദാം
മധുരം ചേർന്ന ലഘുഭക്ഷണങ്ങൾക്ക് മികച്ച ഒരു പകരക്കാരനാണ് ബദാം. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബദാം ഏതു സമയത്തും കഴിക്കാം. കൊളസ്ട്രോൾ വളരെ കുറഞ്ഞ ബദാം മലബന്ധമകറ്റുന്നു. ശ്വസനപ്രശ്നങ്ങൾ, ഹൃദയത്തകരാറുകൾ ഇവയിൽ നിന്നും സംരക്ഷണമേകുന്നു, കൂടാതെ ആരോഗ്യമുള്ള ചർമം, പല്ലുകൾ, തലമുടി ഇവയേകുന്നു.
2. അണ്ടിപ്പരിപ്പ്
ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ അണ്ടിപ്പരിപ്പിൽ പ്രോട്ടീനുകൾ, നാരുകള്‍ ഇവ ധാരാളമുണ്ട്. ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകൾ, ധാതുക്കൾ എന്നിവയുമുള്ള അണ്ടിപ്പരിപ്പ് വിവിധതരം കറികൾക്ക് രുചി കൂട്ടുകയും ചെയ്യുന്നു.
3. ഉണക്കമുന്തിരി
മുന്തിരിയിലെ ജലാംശം നീക്കി ഉണക്കിയെടുക്കുന്ന ഉണക്കമുന്തിരി ദഹനത്തിനു സഹായിക്കുന്നു. അസിഡിറ്റി കുറയ്ക്കുന്നു. സൗഖ്യമേകുന്നു.
4. വാൾനട്ട്
അങ്ങേയറ്റം പോഷകസമ്പുഷ്ടമാണ് വാൾനട്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, ഭക്ഷ്യനാരുകൾ, പ്രോട്ടീനുകൾ, ആന്റി ഓക്സിഡന്റകള്‍, വൈറ്റമിനുകൾ, ധാതുക്കൾ ഇവയാൽ സമ്പന്നം. ലഘുഭക്ഷണമായോ സാലഡിലും സ്മൂത്തിയിലും ഡെസർട്ടുകളിലും ചേർത്തും കഴിക്കാം.
5. ഈന്തപ്പഴം
പല മധുരവിഭവങ്ങളുടെയും ചേരുവയാണ് ഈന്തപ്പഴം. വൈറ്റമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ, നാച്വറൽ ഷുഗർ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഉദരരോഗങ്ങൾ അകറ്റാനും വിളർച്ച തടയാനും സഹായകം.
6. പിസ്ത
രുചികരമാണെന്നു മാത്രമല്ല ആരോഗ്യത്തിനു ഗുണകരവുമാണ് പിസ്ത. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ കൂടാതെ നിരവധി പോഷകങ്ങളും ഇതിലുണ്ട്. ദിവസവും ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യമേകും. ശരീരഭാരം നിയന്ത്രിച്ചു നിർത്താനും സഹായകം.
7. ആപ്രിക്കോട്ട്
ഉണക്കിയ ആപ്രിക്കോട്ട് രുചികരവും ആരോഗ്യകരവുമാണ്. വൈറ്റമിൻ എ, സി, ഭക്ഷ്യനാരുകൾ, ആന്റിഓക്സിഡന്റുകൾ ഇവ ധാരാളം അടങ്ങിയിട്ടുള്ള പഴമാണിത്. ദിവസവും ഭക്ഷണത്തിൽ ആപ്രിക്കോട്ട് ഉൾപ്പെടുത്തുന്നത് ചർമത്തിന് ആരോഗ്യമേകുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
8. പ്രൂൺസ്
ഉണങ്ങിയ പ്ലം പഴമാണ് പ്രൂൺസ്. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഇത് എല്ലുകൾക്ക് ആരോഗ്യമേകുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നു.
9. അത്തിപ്പഴം
പോഷകസമ്പുഷ്ടമായ അത്തിപ്പഴം ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ ഇവ ധാരാളമുണ്ട്, അത്തിപ്പഴം ദഹനത്തിനു സഹായിക്കുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അത്തിപ്പഴം സഹായിക്കും.
Content Summary: Include these dryfruits in your diet