ADVERTISEMENT

‌വിളർച്ച രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവു കുറയുമ്പോഴാണ് ഉണ്ടാകുന്നത്. പൊതുവേയുള്ള പോഷണക്കുറവ്, ചില പ്രത്യേക പോഷകങ്ങളുടെ അഭാവം, നാടവിരയുടെ (റ്റേപ്പ് വേം) ശല്യം, ഹൂക്ക് വേമിന്റെ ശല്യം, രക്തം നഷ്ടപ്പെടൽ, വിഷം ശരീരത്തിലെത്തിപ്പെടുക, അമിത പോഷകങ്ങളുടെ ആവശ്യകത ഉള്ള – കുട്ടിക്കാലം, കൗമാരം, ഗർഭാവസ്ഥ, മുലയൂട്ടുന്ന കാലം – കുട്ടികളിലും കൗമാരക്കാരിലും സ്ത്രീകളിലുമാണ് വിളർച്ച പൊതുവേ കാണപ്പെടുന്നത് മുകളിൽ പറഞ്ഞവയൊക്കെയാണു വിളർച്ചയ്ക്കു കാരണം. മുപ്പതു ശതമാനത്തിലേറെ കുഞ്ഞുങ്ങളിലും അറുപത്തഞ്ചു ശതമാനത്തോളം ഗർഭിണികളിലും കാണുന്ന വിളർച്ച, ശാരീരിക, മാനസിക വൈകാരിക അസ്വസ്ഥതകൾക്കു കാരണമാകുന്നു. ഓർമക്കുറവ്, താൽപര്യക്കുറവ്, ക്ഷീണം, കുറ‍ഞ്ഞ രോഗപ്രതിരോധശക്തി എന്നിവ ബാഹ്യമായി കാണുന്ന ലക്ഷണങ്ങളാണ്. എന്നാൽ ആന്തരികമായി രാസപ്രവർത്തനങ്ങളുടെ അസന്തുലിതാവസ്ഥയും രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവും മൂലം ശ്വസന പ്രക്രിയയിലെ അസ്വസ്ഥതകളും സാധാരണമാണ്. ഹൃദയമിടിപ്പിന്റെ താളവും ശരീരകോശങ്ങളിലെ വെള്ളത്തിന്റെ അതിപ്രസരവും (നീര്) പല സുപ്രധാന അവയവങ്ങളുടെ പ്രവർത്തനരീതിയെ തകരാറിലാക്കും. ആന്തരികാവയവങ്ങളിലെ സൂക്ഷ്മസ്തരങ്ങൾ (മ്യൂക്കെസ്മെംബ്രയിൻസ്) കേടുവരുകയും ആവരണം നഷ്ടപ്പെട്ട് അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യുന്നു. നാക്കിലെ തൊലി പോയി ചുവക്കുക, നഖങ്ങളുടെ ആകൃതിയിൽ വ്യത്യാസമുണ്ടാകുക, നഖം പൊട്ടുക എന്നിവ ഉദാഹരണങ്ങളാണ്.

നല്ല മാംസ്യാംശം, ഇരുമ്പിന്റെ അംശം, ജീവകം ബി 12 ഉറവിടങ്ങൾ, ജീവകം സിയുടെ ഉറവിടങ്ങൾ, ഫോളിക് അമ്ലങ്ങളുടെ ഉറവിടങ്ങൾ, മൃദുഭക്ഷണം, ധാരാളം  ജലാംശം എന്നിവയാണു ഭക്ഷണത്തിലൂടെ വിളർച്ചയെ നേരിടുവാനുള്ള മാർഗങ്ങൾ. ഏറ്റവും നല്ല സ്രോതസ്സുകൾ വേണം തിരഞ്ഞെടുക്കുവാൻ. വിശപ്പില്ലായ്മയും ക്ഷീണവും മൂലം കൂടുതൽ ഭക്ഷണം കഴിക്കുവാൻ വിമുഖത കാണിക്കും. ഒരു ഭക്ഷണത്തിൽ തന്നെ മൂന്നു നാലു പോഷകങ്ങൾ കലർത്തി നൽകിയാൽ കൂടുതൽ പോഷണം ഒരു നേരത്തെ ആഹാരത്തിൽക്കൂടി എത്തിപ്പെടും. എന്തെല്ലാം പോഷകങ്ങൾ നൽകിയാലും ഹൂക്ക് വേം (Hook worm), നാടവിര (Tape Worm) ഇവ കുടലിൽ കടിച്ചു തൂങ്ങി കിടക്കുന്നുണ്ടെങ്കിൽ രക്തമൊക്കെ അവ വലിച്ചു കുടിച്ചു ഹീമോഗ്ലോബിന്റെ അളവു കുറയും. ഇവയെ നേരിടുവാനുള്ള മരുന്നുകൾ കൃത്യമായി ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചാൽ മാത്രമേ മറ്റു പരിചരണങ്ങളുടെ ഗുണം ലഭിക്കുകയുള്ളു.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ

തുടരെ എക്സ്റേ എടുക്കേണ്ടി വരുന്ന രോഗികളിലും, റേഡിയം ചികിത്സ, എല്ലിൽ ടൂമെർ, തുടർച്ചയായി വയറിളക്കം ഉണ്ടാകുക, സിറോസിസ് എന്ന കരൾരോഗം ഉണ്ടാകുക, കരളിലും  പിത്താശയത്തിലും കാൻസർ ബാധിക്കുക ഇവയൊക്കെ രക്താണുക്കളുടെ നിർമാണത്തെ കുറയ്ക്കുകയും വിളർച്ചയുണ്ടാകുകയും ചെയ്യുന്നു. കുടലിൽ പുണ്ണ്( പെപ്റ്റിക് അൾസർ) രക്തസ്രാവമുള്ള പൈൽസ്, മാസമുറയിൽ അതിയായ രക്തസ്രാവം, ഹെർണിയ എന്നീ അവസ്ഥകളിലും വിളർച്ചയുണ്ടാക്കുന്നു. നൂറുഗ്രാം മാംസ്യാംശം അടങ്ങിയ നല്ല ഭക്ഷണം, ഏറ്റവും എളുപ്പം ആഗിരണം ചെയ്യുന്ന ഇരുമ്പംശം കലർന്ന ഭക്ഷണം, ധാരാളം ജീവകം സി അടങ്ങിയ പഴങ്ങൾ, ഇലക്കറികൾ, ബി ജീവകം പ്രത്യേകിച്ചും ബി12, ബി6 എന്നിവ അടങ്ങിയ കരൾ, തലച്ചോറ്, വൃക്കകൾ, എല്ലിലെ മജ്ജ എന്നിവ അവശ്യം നൽകണം. സസ്യഭുക്കുകൾ ബി12 ഉള്ള ഗുളികകൾ തന്നെ കഴിക്കണം. പച്ചക്കറികളിൽ ഈ ജീവകം കുറവാണ്. എള്ളുണ്ട, ഉണക്ക മുന്തിര, ഈന്തപ്പഴം, അത്തിപ്പഴം, ശർക്കര, ഇലക്കറികൾ, മാങ്ങാ, മുരിങ്ങക്ക, സോയാബീൻസ്, തവിട്, തണ്ണിമത്തൻ, പാഷൻ ഫ്രൂട്ട്, സപ്പോട്ട എന്നിവ ഇരുമ്പിന്റെ നല്ല ഉറവിടങ്ങളാണ്. മുട്ടയും ഉപയോഗിക്കാം.

ഫ്രൂട്ട് സാലഡ്
ചേരുവകൾ
ആപ്പിൾ – ഒരു പകുതി

ഓറഞ്ച് – ഒരു പകുതി
രസകദളിപ്പഴം – ഒരെണ്ണം
മുട്ട – ഒരെണ്ണം
പാൽ – ഒരു കപ്പ്
പഞ്ചസാര – ഒരു ടേബിൾ സ്പൂൺ

641008428
Representative Image. Photo Credit : Lecic / iStockPhoto.com

തയാറാക്കുന്ന വിധം
മുട്ട നല്ലവണ്ണം അടിച്ചു പതപ്പിക്കുക, ഇതിലേക്കു ചൂടുപാൽ അൽപാൽപ്പം ഒഴിച്ച് അടിക്കുക. പഞ്ചസാരയും ചേർത്തടിക്കുക. ഒരു പരന്ന പാത്രത്തിലേക്ക് ഇതൊഴിച്ചു ചെറിയ ചൂടിൽ കട്ടയില്ലാതെ കുറുക്കി എടുക്കുക. ഇതു ഫ്രീസറിൽ വച്ചു തണുപ്പിക്കുക. പഴങ്ങളെല്ലാം വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിയുക. വിളമ്പുവാൻ സമയമായാൽ ഫ്രിഡ്ജിൽ നിന്നു കസ്റ്റേർഡ് എടുത്തു പഴങ്ങളുമായി യോജിപ്പിക്കുക.

485040276
Representative Image. Photo Credit : PeteerS / iStockPhoto.com

ചീരയില ഓംലറ്റ്

ചേരുവകൾ
ചീരയില – അര കപ്പ്
പച്ചമുളക് – ഒരെണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – രണ്ട് അല്ലി
കടലമാവ് – കാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ഒരു ടീസ്പൂൺ
ഉള്ളി – മൂന്നെണ്ണം

തയാറാക്കുന്ന വിധം
ചീരയില വൃത്തിയാക്കി ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, ചെറുതായി അരിഞ്ഞ ഉള്ളി, വെളുത്തുള്ളി എന്നിവ വഴറ്റുക. ബ്രൗൺ കളറാകുമ്പോൾ ചീരയിലയും ഉപ്പും ചേർത്തു വീണ്ടും വഴറ്റുക. ചീരയില വേകുമ്പോൾ ഇറക്കിവയ്ക്കുക. കടലമാവ് അൽപ്പം വെള്ളവും ഉപ്പും ചേർത്തു കട്ടയില്ലാതെ കലക്കുക. ദോശക്കല്ലു ചൂടാക്കി എണ്ണ തടവി കടലമാവിലേക്കു ചീരക്കൂട്ടു ചേർത്തിളക്കി ഓംലറ്റു പോലെ കോരി ഒഴിക്കുക. അര തക്കാളി വേണമെങ്കിൽ രുചിക്കായി ഇതിൽ ചേർക്കാം. ഇരുമ്പംശവും ധാരാളം പ്രോട്ടീനും ഇതിൽ നിന്നു ലഭിക്കുന്നു.
വെറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നത്? – വിഡിയോ
 

English Summary:

What is the fastest way to cure anemia?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com