ADVERTISEMENT

കേരളത്തിലെ മിക്ക പട്ടണങ്ങളിലെയും മതിലുകളിലും പോസ്റ്റുകളിലും ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ഒരു നോട്ടിസുണ്ട്– ‘ലൈംഗിക പ്രശ്നങ്ങൾക്ക് പരിഹാരം, ലിംഗ വലുപ്പം കൂട്ടും മരുന്ന്, സമയദൈർഘ്യത്തിനുള്ള അത്ഭുതമരുന്ന് !’ ഇതെല്ലാം കേട്ടാൽ തോന്നും മലയാളികൾക്ക് ഇത്രയും അധികം ലൈംഗിക പ്രശ്നങ്ങളുണ്ടെന്ന്. പൊതുവിൽ‘ ലൈംഗികം’ എന്ന വാക്കു കേട്ടാൽ നെറ്റി ചുളിക്കുന്ന മലയാളികൾ പക്ഷേ പോൺ വിഡിയോ കണ്ടും ദ്വയാര്‍ഥ പ്രയോഗം നടത്തിയും രഹസ്യമായി ലൈംഗികത ആസ്വദിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങളുടെ കണക്കിലും നാം പിന്നോട്ടല്ല. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ മനസ്സിലുദിക്കുന്ന ചോദ്യമിതാണ് – മലയാളിക്കൊരു കപടസദാചാരമുഖംമൂടിയുണ്ടോ?

വിവാഹമോചനത്തിന്റെ ‘യഥാർഥ’ കാരണം
പണ്ടു കാലത്ത് വിവാഹമോചനം എന്നത് അപൂർവമായാണ് കേട്ടിരുന്നതെങ്കിൽ ഇപ്പോൾ കുടുംബ കോടതികളിലെത്തുന്ന കേസുകളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. പുറമേനിന്നു നോക്കിയാൽ പങ്കാളികൾ തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങൾ മാത്രം കാരണമായി പറയുന്ന കേസുകളിൽ അൻപതു ശതമാനത്തിലേറെയും മുഖ്യകാരണം പങ്കാളികളുടെ ലൈംഗിക പ്രശ്നങ്ങളാണ്. വിവാഹത്തിന്റെ ആദ്യദിനങ്ങൾ പിന്നിടുമ്പോൾത്തന്നെ തുടങ്ങുന്ന ചെറിയ പ്രശ്നങ്ങൾ പിന്നീട് വലിയ പൊട്ടിത്തെറികൾക്കു വഴിതെളിക്കുന്നു. ആദ്യ ഘട്ടത്തിൽത്തന്നെ ലൈംഗിക പ്രശ്നങ്ങൾക്ക് വൈദ്യസഹായം തേടിയാൽ വിവാഹമോചനത്തിലേക്ക് എത്തുന്നത് തടയാൻ സാധിക്കും. രണ്ടും മൂന്നും തവണ വരെ വിവാഹമോചനം നേടിയ കേസുകളിലും വില്ലൻ ലൈംഗിക പ്രശ്നങ്ങൾ തന്നെ.

ആശ്വാസം നൽകുന്ന പ്രവണത
ലൈംഗിക രോഗങ്ങൾക്ക് പണ്ടു രഹസ്യമായാണ് ചികിൽസ തേടിയിരുന്നതെങ്കിൽ ഇപ്പോൾ സമൂഹത്തിന്റെ മനോഭാവത്തിൽ പ്രകടമായ മാറ്റം കാണുന്നുണ്ട്. ലൈംഗിക ചികിൽസ തേടാൻ പുരുഷന്മാരാണ് മുന്നിട്ടിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രീകളും മടി കാണിക്കുന്നില്ല. വിവാഹമോചന കേസുകളിൽ ലൈംഗികപ്രശ്നങ്ങൾ വില്ലനാകുമ്പോൾ മാതാപിതാക്കൾ തന്നെ മക്കളെ ലൈംഗിക ചികിൽസ തേടാൻ പ്രേരിപ്പിക്കുന്നതും കാലത്തിന്റെ മാറ്റമായി കരുതാം. ലൈംഗിക വിഷയങ്ങളെക്കുറിച്ച് പങ്കാളികൾ പരസ്പരം തുറന്നു സംസാരിക്കുന്നതും ആശ്വാസം നൽകുന്ന പ്രവണതയാണ്.

പെരുകുന്ന ലൈംഗിക അതിക്രമങ്ങൾ
ലൈംഗികതയോടുള്ള മലയാളിയുടെ കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്നാണ് പെരുകുന്ന ലൈംഗിക അതിക്രമങ്ങളുടെ കണക്കുകൾ കാണിക്കുന്നത്. മുൻ കാലങ്ങളെക്കാൾ ലൈംഗിക അതിക്രമങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സമൂഹത്തിന്റെ മനോഭാവത്തിന്റെ സുചനയായി കണക്കിലെടുക്കാം. ലൈംഗിക വിഷയങ്ങളോട് പൊതുവിൽ മുഖംതിരിക്കുന്ന മലയാളി അവസരം കിട്ടിയാൽ ഇരയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ അവസ്ഥയാണ് ഏറ്റവും ഗൗരവമായി എടുക്കേണ്ടത്. സ്കൂളുകളിൽത്തന്നെ ലൈംഗിക വിദ്യാഭ്യാസം ശാസ്ത്രീയമായി നടപ്പാക്കിയാൽ അതിക്രമങ്ങളെ ഒരുപരിധി വരെ ചെറുക്കാൻ നമ്മുടെ കുഞ്ഞുകൾക്കു പ്രാപ്തിയുണ്ടാകും.

(എറണാകുളം പത്തടിപ്പാലത്തുള്ള ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിലെ സെക്സ് തെറാപ്പിസ്റ്റും ക്ലിനിക്കൽ െെസക്കോളജിസ്റ്റുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com