ADVERTISEMENT

അമിതവണ്ണം ലൈംഗിക ജീവിതത്തിന്റെ താളം തെറ്റിക്കാം. പ്രായമേറുമ്പോൾ പ്രത്യേകിച്ചും അൻപതുകൾ കടക്കുമ്പോൾ ലൈംഗിക താൽപര്യത്തിലോ ലൈംഗികപരമായ ഉണർവിലോ ഉണ്ടാകുന്ന കുറവുകളെ പലരും അത്ര ഗൗനിക്കാറില്ല. പ്രായമായില്ലേ. ഇനിയൊക്കെ ഇങ്ങനെ തന്നെയാവും എന്ന ധാരണയാണ് പലർക്കും. എന്നാൽ പ്രായം എത്രയായാലും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനു അതു തടസ്സമാകില്ലെന്നു മാത്രമല്ല, വേണ്ട വിധത്തിലുള്ള ലൈംഗിക ജീവിതം ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. ഏതു പ്രായത്തിലായാലും അമിതവണ്ണം ലൈംഗിക ജീവിതത്തിലെ വില്ലൻ തന്നെയാണ്. മധ്യവയസ്സു കടന്നവരിൽ അമിത വണ്ണം പലപ്പോഴും ലൈംഗിക ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കും. 

ഭാരം കുറയ്ക്കൽ ശസ്ത്രക്രിയയ്ക്കു മുൻപ് അമിതവണ്ണക്കാരിൽ നടത്തിയ സർവേകളിൽ 49% സ്ത്രീകളും 54% പുരുഷന്മാരും തങ്ങളുടെ ലൈംഗിക ജീവിതത്തിൽ സംതൃപ്തി ഉള്ളവർ ആയിരുന്നില്ല. 26% സ്ത്രീകളിലും 12%  പുരുഷന്മാരിലും ലൈംഗികതാൽപര്യം തന്നെ ഉണ്ടായിരുന്നില്ല. 

Photo Credit: imtmphoto/ Istockphoto
Photo Credit: imtmphoto/ Istockphoto

അമിതവണ്ണമുള്ളവർക്കു മറ്റു ശരീരചലനങ്ങളിലും കായികാധ്വാനത്തിലും കുറവു വരുന്നതുപോലെ ചലനാത്മകമായ ലൈംഗിക ജീവിതത്തിലും കാര്യമായ കുറവു വരും. ബന്ധപ്പെടലിൽ അമിതവണ്ണമുള്ളയാൾ അതിവേഗം ക്ഷീണിതരാകും. അതിനാൽ പങ്കാളിയുടെ അസംതൃപ്തിയാകും ഫലം. 

വണ്ണം പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവു കുറയ്ക്കും. ഇതും ലൈംഗിക താൽപര്യവും ഉത്തേജനവും കുറയ്ക്കും. സ്ത്രീകളിലും ചുരുങ്ങിയ അളവിലുള്ള ഇതേ ഹോർമോണാണ് ലൈംഗിക താൽപര്യത്തിനു ചുക്കാൻ പിടിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടു കൂട്ടരിലും ലൈംഗികോത്തേജനം കുറയ്ക്കും. 

Photo Credit: Ivan-balvan/ Istockphoto
Photo Credit: Ivan-balvan/ Istockphoto

അമിതവണ്ണമുള്ള സ്ത്രീകൾ അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് അടിക്കടിയുണ്ടാകുന്ന ലൈംഗികാവയവത്തിലെ അണുബാധ. സ്ത്രീകളിലെ ജനനേന്ദ്രിയത്തിലെ അമ്ലതയാണ് അണുബാധകളെ ചെറുക്കുന്നത്. സ്ത്രീകളിൽ ഇതു ക്ഷാരതയിലേക്കു (ആൽക്കലൈൻ) മാറും ഇതാണ് അണുബാധ സാധ്യത കൂട്ടുന്ന ഒരു ഘടകം. അമിതവണ്ണമുള്ള സ്ത്രീകളിൽ ആ ഭാഗത്തു വർധിക്കുന്ന ഈർപ്പം കുറയുന്ന രോഗാണു പ്രതിരോധ ശേഷി തുടങ്ങിയവ അടിക്കടി അണുബാധയ്ക്കു കാരണമാകുന്നു. 

അമിതവണ്ണത്താൽ പുരുഷന്മാരിലുണ്ടാകുന്ന പ്രധാന പ്രശ്നം ഉദ്ധാരണക്കുറവാണ്. രക്തധമനികളുടെ ഉൾവ്യാസം കുറയുന്നതിനാൽ ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറയൽ,  ഹോർമോണ്‍ മാറ്റങ്ങൾ, രക്തക്കുഴലുകളിലോ നാഡികളിലോ ഉണ്ടാകുന്ന നീർക്കെട്ട് (ഇൻഫ്ലമേഷൻ) തുടങ്ങിയ കാരണങ്ങളാലാണ് ഉദ്ധാരണം കുറയുന്നത്. അമിതവണ്ണം ഇരുവരുടെയും മാനസിക നിലയിൽ വരുത്തുന്ന മാറ്റങ്ങളും ലൈംഗികാനുകൂലമല്ല.
Read also:സ്‌ത്രീകളില്‍ ലൈംഗിക അസംതൃപ്തിയും ഉത്കണഠയും; അറിയാം അഞ്ച്‌ ലൈംഗിക പ്രശ്‌നങ്ങള്‍

എന്നാല്‍ അമിതവണ്ണം കുറച്ചാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകും എന്നതാണ് ആശ്വാസം. അതിനാൽ അൻപതു വയസ്സു കഴിഞ്ഞാൽ വണ്ണം കുറയ്ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി തന്നെ ലൈംഗിക പ്രശ്നങ്ങളെ കാണണം.  

(വിവരങ്ങൾക്കു കടപ്പാട്: ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. സോനു മോഹൻ എം. എസ്)

പിസിഒഡി അകറ്റാൻ പരീക്ഷിക്കാം: വിഡിയോ

English Summary:

Obesity can affect Sexual Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com