‘വലുപ്പ’മില്ലെങ്കിൽ ദാമ്പത്യം തകരുമോ? കെട്ടുകഥകളിൽ ഉറക്കം വെടിയേണ്ട
Mail This Article
പ്രണയിക്കാനോ വിവാഹം കഴിക്കാനോ ഭയക്കുന്ന ഒരു വ്യക്തി നിങ്ങളുടെ കൂട്ടത്തിലുമില്ലേ. ആ പേടിക്കു പിന്നിൽ പല കാരണങ്ങളുണ്ടാകാമെങ്കിലും സ്വന്തം ശരീരത്തെയും അവയവങ്ങളെപ്പറ്റിയുമുള്ള ആശങ്ക ഒരു വ്യക്തിയെ പുറകോട്ടു വലിക്കാം. സ്ത്രീപുരുഷ ഭേദമന്യേ ആർക്കും ഇത്തരത്തിൽ ആശങ്കകളുണ്ടാകാം. പുരുഷന്മാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ലിംഗവലുപ്പത്തെ പറ്റിയുള്ള സംശയങ്ങൾ.
കൗമാരത്തിലേക്കു കടക്കുന്ന ആൺകുട്ടികളുടെയും വിവാഹത്തിനൊരുങ്ങുന്ന പുരുഷന്മാരുടെയും പൊതു സംശയമാണിത്. ലിംഗത്തിന്റെ വലുപ്പം കുറഞ്ഞാൽ പങ്കാളിയെ തൃപ്തിപ്പെടുത്താൻ സാധിക്കുമോ, അതിനു കഴിഞ്ഞില്ലെങ്കിൽ അവൾ തന്നെ ഉപേക്ഷിക്കുമോ, ദാമ്പത്യജീവിതം തകരുമോ എന്നിങ്ങനെ പോകും സംശയങ്ങൾ. കൂട്ടുകാരിൽനിന്നും മറ്റും കേൾക്കുന്ന കെട്ടുകഥകൾ ചിലരുടെ ഉറക്കം കെടുത്തും. ഇന്റർനെറ്റിൽ കണ്ടിട്ടുള്ള പല വിഡിയോകളും തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തിരിച്ചറിയാത്തത് പലരുടെയും ജീവിതം തകരുന്നതിനും കാരണമാകും.
കൗമാരത്തിൽ മനസ്സിൽ തോന്നുന്ന സംശയങ്ങൾ അകറ്റാൻ, ചെറുപ്രായത്തിൽത്തന്നെ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നൽകുകയെന്നതാണ് ഏറ്റവും നല്ല മാർഗം. എന്നിട്ടും സംശയമുണ്ടെങ്കിൽ വൈദ്യസഹായം തേടി തെറ്റിദ്ധാരണകൾ മാറ്റി വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നതാണ് അഭികാമ്യം.
ലിംഗവലുപ്പം കൂടിയാൽ പ്രയോജനമുണ്ടോ?
മറ്റ് അവയവങ്ങൾക്കുള്ള പരിഗണന തന്നെയാണ് ലിംഗത്തിനും നൽകേണ്ടത്. ലിംഗവലുപ്പം കൂടിയാൽ സ്ത്രീയ്ക്ക് പരമാവധി സുഖം ലഭിക്കുമെന്ന ചിന്തയാണ് പലർക്കും. വലുപ്പം കൂടിയാൽ സ്ത്രീക്ക് ബന്ധപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ലിംഗവലുപ്പം കുറഞ്ഞതുകൊണ്ട് സുഖം കുറയില്ലെന്നുമാണ് വസ്തുത. ലിംഗവലുപ്പം കൂട്ടാനുള്ള അത്ഭുതമരുന്ന് തുടങ്ങിയ പരസ്യങ്ങളിൽ പലരും വീണു പോകാറുണ്ട്. മനുഷ്യശരീരത്തിന്റെ വളർച്ചയുടെ ഘട്ടത്തിൽ മാത്രമേ ലൈംഗിക അവയവങ്ങൾക്കും വളർച്ചയുണ്ടാകൂ എന്നിരിക്കേ അനാവശ്യമായി മരുന്നു കഴിച്ച് ആരോഗ്യം നശിപ്പിക്കാതിരിക്കുന്നതാണ് ബുദ്ധി. ലൈംഗികബന്ധത്തിൽ ലിംഗവലുപ്പമല്ല പ്രധാനപ്പെട്ടത്. പരസ്പരമുള്ള സ്നേഹവും പരിഗണനയും കിടപ്പറയിൽ സന്തോഷം നിറയ്ക്കും.
ലിംഗത്തിന്റെ വലുപ്പക്കുറവ് പല കൗമാരക്കാരെയും മോശമായ മാനസികാവസ്ഥയിലേക്ക് തള്ളിവിടാറുണ്ട്. എന്നാൽ ഈ വിഷയത്തിലെ വ്യക്തമായ അവബോധം നല്ലൊരു ജീവിതം നൽകും. എന്ത് പ്രശ്നങ്ങൾക്കും സ്വയം ചികിത്സ തേടാതെ വൈദ്യസഹായം തേടുന്നതാണ് നല്ലത്.