അവിവാഹിതരെ അലട്ടുന്ന 10 ലൈംഗികസംശയങ്ങൾ
Mail This Article
ദാമ്പത്യജീവിതത്തിനു തയാറെടുക്കുന്ന യുവതീയുവാക്കൾക്ക് സെക്സിനെകുറിച്ചു നിരവധി ആശങ്കകളും സംശയങ്ങളും ഉണ്ടാകാറുണ്ട്. അവിവാഹിതർ പൊതുവേ ഉന്നയിക്കുന്ന ലൈംഗികസംശയങ്ങൾക്കുള്ള ശാസ്ത്രീയമായ ഉത്തരങ്ങളാണിത്.
1. പങ്കാളിയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന് ആശങ്കയുണ്ട്, അതു മാറ്റാനെന്തു ചെയ്യണം?
ലൈംഗിക കാര്യങ്ങളിൽ പൊതുവേ ആകാംക്ഷ/ആശങ്കകൾ കൂടുതലുള്ള ഒരു വിഭാഗം സ്ത്രീപുരുഷന്മാർ കേരളത്തിലുണ്ട്. കൗമാരത്തിൽതന്നെ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ അഭാവം മൂലമാണിത്. വിവാഹപൂർവ ലൈംഗിക കൗൺസലിങ്, വിവാഹശേഷമുള്ള ലൈംഗിക കൗൺസലിങ് ഇവ രണ്ടും ആവശ്യമാണ്. ലൈംഗിക കാര്യങ്ങളിൽ അറിവു നേടാനും കാര്യങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കാനും ലൈംഗിക കൗൺസലിങ് ആവശ്യമാണ്. ലൈംഗിക കൗൺസലിങ്ങിനു മനോരോഗവിദഗ്ധനെ സമീപിക്കുന്നതാണ് ഉചിതം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പരസ്പരം തൃപ്തിപ്പെടത്തുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
2. ആദ്യരാത്രിയിൽ ലൈംഗികബന്ധം ആകാമോ? നിയന്ത്രണം വേണമെന്നു പറയുന്നത് എന്തുകൊണ്ടാണ്?
വിവാഹചടങ്ങിനുശേഷമുള്ള ആദ്യരാത്രി ലൈംഗികബന്ധം ആകാമെന്നോ, പാടില്ല എന്നോ ഒരു നിയമമോ നിബന്ധനയോ ഇല്ല. വധുവരന്മാർ തമ്മിൽ ഒരു നല്ല സൗഹൃദബന്ധം പോലും രൂപപ്പെടുന്നതിനു മുമ്പുള്ള ലൈംഗികബന്ധം അപരിചിതർ തമ്മിൽ നടക്കുന്ന ഒരു ബന്ധം പോലെയായിരിക്കും. ജീവിതത്തിൽ ആദ്യത്തെ അനുഭവവും അനുഭൂതിയും ആയതുകൊണ്ട് ആകാക്ഷയും അപരിചിതത്വവുമെല്ലാം അനുഭൂതിയുടെ ആസ്വാദ്യത കുറയ്ക്കാൻ സാധ്യതയുണ്ട്. പരിചയവും സൗഹൃദവും രൂപപ്പെട്ട് ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം മനസ്സിലാക്കി ലൈംഗികബന്ധത്തിനുള്ള മാനസികമായുള്ള സമ്മതത്തോടും തയാറെടുപ്പോടും കൂടിയുള്ള ലൈംഗികബന്ധത്തിന് ആസ്വാദ്യത കൂടും. വിവാഹത്തിനു മുമ്പു പരിചയവും സൗഹൃദവും നിരന്തരമായ ആശയവിനിമയങ്ങളുള്ളവരിൽ പോലും വിവാഹദിവസത്തെ തിരക്കിട്ട പരിപാടികളുടെ ഇടയിൽ തയാറെടുപ്പില്ലാത്ത ലൈംഗികബന്ധം തുടക്കത്തിലേ താളം തെറ്റാനുള്ള സാധ്യതകൾ കൂട്ടും.
3. ശീഘ്രസ്ഖലനം നേരത്തേ തിരിച്ചറിയാമോ? എന്താണ് പരിഹാരം?
ഉത്തേജനത്തിന്റെ പാരമ്യത്തിലെ അനുഭൂതിയെ സ്ഖലനം എന്നു നിർവചിക്കാം. സ്ഖലനസമയത്ത് ശുക്ലം (പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ദ്രവവും പുരുഷബീജവും) പുരുഷ ലൈംഗികാവയവത്തിലൂടെ പുറത്തേക്കു വരുന്നു. പുരുഷന്മാരിൽ സ്ഖലനം സ്വയം ഭോഗം ചെയ്യുമ്പോഴും ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴുമാണ് ഉണ്ടാവുന്നത്. ചുരുക്കം ചിലരിൽ സ്വപ്നസ്ഖലനവും ഉണ്ടായേക്കാം. വിവാഹത്തിനു മുമ്പ് ശീഘ്രസ്ഖലനം ഉണ്ടോ എന്നു കണ്ടെത്താനുള്ള ശ്രമവും ചിന്തയും തന്നെ അപാകതയാണ്. സ്ത്രീകൾ രതിമൂർച്ഛയിൽ എത്താൻ കൃത്യമായി സമയം പറയുന്നില്ല. ചില സ്ത്രീകളിൽ അടുത്തടുത്ത് പല പ്രാവശ്യം രതിമൂർച്ഛ ഉണ്ടാകാറുണ്ട്.
4. കന്യാചർമം പൊട്ടുന്നതും രക്തസ്രാവവും ഭയപ്പെടുത്തുന്നു. എന്തു ചെയ്യണം?
കന്യാചർമം എന്ന ശരീരഭാഗം യോനിയുടെ ഏറ്റവും മുൻഭാഗത്തായി കാണുന്നവളരെ ലോലമായ ഒരു ചർമപാളിയാണ്. ചിലരിൽ ജന്മസിദ്ധമായിതന്നെ കന്യാചർമം കാണാറില്ല. 60–70% പെൺകുട്ടികളിലും വളരെ കട്ടി കുറഞ്ഞ ഒരു ചർമമാണിത്. യോനീഭാഗങ്ങൾ കഴുകി വൃത്തിയാക്കുമ്പോഴോ കാഠിന്യമുള്ള ശാരീരിക പ്രവർത്തികളിൽ ഏർപ്പെടുമ്പോഴോ ചിലപ്പോൾ ഈ ചർമം പൊട്ടിപ്പോകാറുണ്ട്. മറ്റു ചിലരിൽ ആദ്യമായി ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴാണ് കന്യാചർമം പൊട്ടുന്നത്. ആദ്യ ലൈംഗികബന്ധ സമയത്ത് കന്യാചർമം പൊട്ടുന്നതു ലൈംഗിക ഉത്തേജനത്തിനിടയിൽ പലരും അറിയാറുപോലുമില്ല എന്നതാണു യാഥാർഥ്യം. രണ്ടോമൂന്നോ ശതമാനം പെൺകുട്ടികളിൽ കന്യാചർമം പൊട്ടുമ്പോൾ വളരെ ലഘുവായ രക്തസ്രാവം ഉണ്ടായി എന്നുവരാം. കന്യാകത്വത്തിന്റെ ലക്ഷണമാണ് കന്യാചർമം എന്നും ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴാണ് കന്യാചർമം പൊട്ടുന്നത് എന്നെല്ലാമുള്ള ധാരണകൾ അടിസ്ഥാനമില്ലാത്തതാണ്.
5. ലിംഗവലുപ്പം കുറഞ്ഞാൽ ആശങ്കപ്പെടേണ്ടതുണ്ടോ?
ലിംഗവലുപ്പം ലൈംഗികതയിൽ തികച്ചും അപ്രസക്തമാണ്. മാനസികമായ പൊരുത്തവും പരസ്പരമുള്ള സ്നേഹപരിഗണനകളുമാണ് ലൈംഗികതയുടെ ആരംഭവും അവസാനവും. പുരുഷന്റെ ഭംഗി പല സ്ത്രീകളും പലവിധത്തിലാണ് ആസ്വദിക്കുന്നത്. അസാധാരണമായ വലുപ്പമുള്ള ശരീരവും ലിംഗമടക്കമുള്ള ശാരീരിക അവയവങ്ങളും പല സ്ത്രീകളിലും ഭയവും ഉത്കണ്ഠയുമായിരിക്കും ഉണ്ടാക്കുക. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദനയുണ്ടാകുമോ എന്ന ഭീതിയും വരാം. എന്നാൽ ജന്മനാ ലിംഗത്തിന്റെ വലുപ്പം വളരെ കുറവാണ് എന്നു സംശയം തോന്നിയാൽ യൂറോളജിസ്റ്റിനെ കാണുക.
6. അഗ്രചർമം പുറകിലോട്ടു മാറാത്ത അവസ്ഥ ലൈംഗികതയെ ബാധിക്കുമോ? പരിഹാരത്തിനായി ഏതു ഡോക്ടറെയാണു സമീപിക്കേണ്ടത്?
പുരുഷലിംഗം ഉദ്ധരിക്കുമ്പോൾ അഗ്രചർമം തടസ്സമില്ലാതെ പുറകോട്ട് മാറേണ്ടതാണ്. കുട്ടി ജനിക്കുമ്പോൾ തന്നെ ശിശുരോഗവിദഗ്ധൻ പരിശോധിക്കുകയാണെങ്കിൽ ഈ ജന്മസിദ്ധമായ വൈകല്യം മനസ്സിലാക്കാൻ സാധിക്കും. എന്തെങ്കിലും കാരണവശാൽ ജനനസമയത്ത് ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിലും കൗമാരപ്രായത്തിൽ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ബാല്യത്തിലോ, കൗമാരകാലത്തോ, അഗ്രചർമത്തിന്റെ ഉൾഭാഗത്ത് അണുബാധ ഉണ്ടായാലും അഗ്രചർമം പുറകോട്ട് മാറ്റാൻ സാധിക്കാതെ ഒട്ടിപ്പിടിച്ച് ഇരിക്കുന്ന അവസ്ഥ ഉണ്ടായേക്കാം. വൈകല്യം മനസ്സിലാക്കിയാൽ കഴിയുന്നതും വേഗത്തിൽ ഒരു സർജനെ കാണണം. വളരെ ലഘുവായ ഒരു ഒാപ്പറേഷനിലൂടെ ഈ വൈകല്യം മാറ്റിയെടുക്കാം.
7. ആ ദിവസങ്ങളിൽ എങ്ങനെ വേണം?
ആർത്തവദിവസങ്ങളിൽ യോനീഭാഗങ്ങളിൽ ആർത്തവ രക്തം കാണാം. ആ ദിവസങ്ങളിൽ ലൈംഗിക ഉത്തേജനവും കുറവായിരിക്കും. ആസ്വാദ്യതയുള്ള ബാഹ്യലീലകൾക്കും സംഭോഗപ്രക്രിയകൾക്കും ആർത്തവ ദിവസങ്ങളിൽ സാധിച്ചെന്നുവരില്ല. മാത്രമല്ല പല തരത്തിലുള്ള അണുബാധ ഉണ്ടാക്കാനും സാധ്യതയുണ്ട്. അടിവയറിന്റെ ഭാഗത്തു വേദനയും അസ്വസ്ഥതകളും ഉള്ള ദിവസങ്ങളായതുകൊണ്ടു സ്ത്രീകൾ പൊതുവേ ലൈംഗികബന്ധങ്ങൾക്കു താൽപര്യം കാണിക്കാറില്ല. ആർത്തവദിവസമാണ് എന്ന് ഇണയോട് പറഞ്ഞു, കഴിയുന്നതും യോനീ ലൈംഗിക ബന്ധങ്ങളും നടത്തുന്നതിനു തയസ്സമില്ല. ആർത്തവ ദിവസങ്ങളിൽ സ്ത്രീ അശുദ്ധയാണ് എന്നധാരണയിൽ പുരുഷനിൽ നിന്ന് അകന്നു നിൽക്കേണ്ടതുമില്ല.
8. സെക്സിൽ ഫോർപ്ലേ എത്രത്തോളം പ്രസക്തമാണ്? സ്ത്രീക്കും പുരുഷനും ഇത് ഒരുപോലെ ആവശ്യമാണോ?
ഫോർപ്ലേ എന്നതിനു സംഭോഗപൂർവ രതിലീലകൾ എന്നു വിവർത്തനം ചെയ്യാം. സംഭോഗപ്രക്രിയയ്ക്ക് മുമ്പുള്ള മണിക്കൂറുകൾ, ദിവസങ്ങൾ, ആഴ്ചകൾ, ഒരു പക്ഷേ, മാസങ്ങൾ പോലും ഇക്കാര്യത്തിൽ പ്രസ്കതമാണ്. സ്പർശനവും ദർശനവും മാത്രമല്ല വാമൊഴികളും ശരീരഭാഷയും മുഖഭാവവും എല്ലാം ഇണയെ തന്നിലേക്ക് ലൈംഗികമായി ആകർഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനും സഹായകരമായ ഘടകളാണ്. ശരീരത്തിന്റെ ഗന്ധം, മുഖഭാവങ്ങൾ വിനോദഭാഷണങ്ങൾ, വസ്ത്രധാരണരീതി എല്ലാം രതിലീലകളുടെ മുന്നോടിയാണ്. താൽപര്യമുള്ള ഫോർപ്ലേ രീതികളെക്കുറിച്ചു ദമ്പതികൾ പരസ്പരം സംസാരിച്ചു ചർച്ച ചെയ്ത് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചു കാര‍്യങ്ങൾ നടക്കട്ടെ എന്നതാണ് അടിസ്ഥാന ആശയം.
9. ഒാറൽ സെക്സ് തെറ്റാണോ? ലൈംഗിക ആസ്വാദനത്തിൽ ഇതിനു പ്രസക്തിയുണ്ടോ?
ഒാറൽ സെക്സ് അഥവാ വായും നാക്കും ഉപയോഗിച്ചുള്ള രതിലീലകളുടെ കാര്യത്തിൽ തെറ്റും ശരീയും എന്നു ശാസ്ത്രീയമായ ഒരു വേർതിരിവില്ല. ലൈംഗിക കാര്യത്തിൽ ദമ്പതികൾക്ക് താൽപര്യമുള്ള ഏതുതരം ലൈംഗിക ലീലകളിലും ഏർപ്പെടാം പക്ഷേ, വൃത്തിയും വെടിപ്പും ഉണ്ടായിരിക്കണം. യോനീഭാഗങ്ങളും പൂരുഷലിംഗവും വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയശേഷം ഒാറൽ സെക്സിൽ ഏർപ്പെടുന്നതിൽ ഒരു അപാകതയും ഇല്ല. ഇഷ്ടമല്ലാത്ത രതിരീതികൾ ഇണയെ അടിച്ചേൽപ്പിക്കുന്നതുപോലെയാകുമ്പോൾ ചിലർക്കു ലൈംഗികതയോടു തന്നെ അറപ്പും വെറുപ്പും തോന്നാനുള്ള സാധ്യതകൾ വളരെ ഏറെയാണ്.
10. സെക്സ് വേദനാജനകമാണോ? ഇതു മറികടക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
സ്ത്രീകളിലാണ് സെക്സ് വേദനാജനകമാണെന്ന ചിന്ത പലപ്പോഴും കാണുക. ഈ ചിന്ത തെറ്റാണ്. പക്ഷേ, സ്വന്തം അനുഭവത്തിലോ, മനസ്സിലാക്കിയ കാര്യങ്ങളിൽ നിന്നോ ചിലസ്ത്രീകൾ ലൈംഗികബന്ധം വേദനാജനകമാണ് എന്നു ധരിച്ചിട്ടുണ്ടാകാം. ശരിയായ ലൈംഗിക അഭിനിവേശവും ഉത്തേജനവും ഉണ്ടാകാത്ത അവസ്ഥയിൽ സ്ത്രീയുടെ യോനിയിൽ, യോനീസ്രവങ്ങൾ കുറവായിരിക്കും വരണ്ടിരിക്കുന്ന യോനിയിലേക്ക് പുരുഷലിംഗം കടത്താൻ ശ്രമിച്ചാൽ വേദനയുണ്ടാകും. ഉത്തേജനം ഉണ്ടായാലേ സ്ത്രീയുടെ യോനിയിൽ സ്രവങ്ങൾ ഉണ്ടാവുകയുള്ളൂ. നിർവചനങ്ങൾക്ക് എതിരായുള്ള ഘടകങ്ങളാണു സ്‍ത്രീക്ക് ശാരീരിക വേദനകൾ ഉണ്ടാക്കുന്നത്.
English Summary: Sexual doubtsa, sexual health