ADVERTISEMENT

‘നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നു തിരിച്ചറിയുമ്പോൾ സ്വയം അത്ഭുതമായി മാറുക.’ ലോക പ്രശസ്ത മോട്ടിവേഷനൽ സ്പീക്കർ നിക് വുജിസിക്കിന്റെ ആത്മകഥയായ ‘ലൈഫ് വിതൗട്ട് ലിമിറ്റ്സ്’ എന്ന പുസ്തകത്തിലെ ആദ്യ അധ്യായത്തിന്റെ തലക്കെട്ടാണിത്. ഈ വാക്കുകൾ ഇന്നു ലോകത്തോടു പറയാൻ ഏറ്റവും അനു‌യോജ്യനായ വ്യക്തിയാണ് നിക്കോളാസ് ജയിംസ് വുജിസിക് എന്ന നിക് വുജിസിക്. കാരണം, ജീവിച്ചിരിക്കുന്ന ഒരു അത്ഭുതമാണ് ഇദ്ദേഹം.

കൈകളും കാലുകളുമില്ലാതെ ജനിച്ച നിക് വുജിസിക് ഇതുവരെ 63 രാജ്യങ്ങൾ സന്ദർശിക്കുകയും പ്രഭാഷണങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്കു പ്രചോദനമായി മാറുകയും ചെയ്തു. സെർബിയയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ പാസ്റ്റർ ബോറിസ് വുജിസിക്കിന്റെയും നഴ്സായ ദുഷ്ക വുജിസിക്കിന്റെയും മൂത്ത മകനാണ് നിക്. 1982 ഡിസംബർ 4ന് ടെട്രാ അമീലിയ സിൻഡ്രം എന്ന അസുഖവുമായാണ് അദ്ദേഹം ജനിച്ചത്.

തങ്ങളുടെ മകന്റെ ഭാവിയോർത്ത് ആ മാതാപിതാക്കൾ ഏറെ ദുഖിച്ചെങ്കിലും നിക്കിന്റെ പരിചരണത്തിനും, വളർച്ചയ്ക്കുമായാണ് പിന്നീടുള്ള ജീവിതം അവർ മാറ്റി വച്ചത്. ആരോൺ, മൈക്കിൾ എന്നിങ്ങനെ 2 അനുജന്മാരാണ് നിക്കിനുള്ളത്.

കൈകാലുകളില്ലാത്ത മകനെ സാധാരണ കുട്ടികൾക്കൊപ്പം അവർ സ്കൂളിൽ ചേർത്തു. ഒരു അപൂർവ ജീവി എന്ന വിധത്തിലാണ് സഹപാഠികളും പുറംലോകവും അവനെ കണ്ടത്. ഭ്രാന്തനെന്നും അന്യഗ്രഹ ജീവിയെന്നും വിളിച്ചു കളിയാക്കി. അപമാനം സഹിക്കാനാകാതെ 10ാം വയസിൽ ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചിട്ടുണ്ടെന്നു നിക് പറയുന്നു.

എല്ലാ രാത്രിയിലും കിടക്കുന്നതിനു മുൻപ് നിക് പ്രാർഥിച്ചിരുന്നു, ഉണരുമ്പോഴേക്കു തനിക്ക് കൈകാലുകൾ തരണമേയെന്ന്. എന്നാൽ ആ അത്ഭുതം ഒരിക്കലും നടന്നില്ല. ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കില്ലെന്നു തിരിച്ചറിഞ്ഞതോടെ നിക് സ്വയം അത്ഭുത‌മാകാൻ തീരുമാനിച്ചു.

തന്റെ ജന്മത്തിന്റെ അർഥം എന്താണെന്നു തിരിച്ചറിയാനാകാതെ വിഷമിച്ചു നടന്ന കാലം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു സംഭവമുണ്ടായി. അന്ന് നിക്കിന് 15 വയസ്. കലിഫോർണിയയിലെ ഒരു പള്ളിയിൽ നിന്ന് ജീവിതാനുഭവങ്ങൾ പങ്കു വയ്ക്കാൻ നിക്കിന് ക്ഷണം ലഭിച്ചു. അവിടെ അദ്ദേഹത്തെ ശ്രവിക്കാനായി ഒരു കുടുംബം എത്തിയിരുന്നു. നിക്കിനെ പോലെ കാലുകളും കൈകളുമില്ലാതെ ജനിച്ച ഡാനിയൽ എന്ന കുഞ്ഞുമായാണ് അവർ പള്ളിയിൽ എത്തിയത്. ആ കുഞ്ഞിൽ നിക്  തന്നെ കണ്ടു. അവിടെ വച്ച് നിക് വുജിസിക് തന്റെ ജീവിത ലക്ഷ്യം തിരിച്ചറിയുകയായിരുന്നു. അദ്ദേഹം ഒരു പ്രഭാഷകനായി മാറി. ജീവിതത്തിന്റെ വെല്ലുവിളികളെ സധൈര്യം നേരിടാൻ സഹായിക്കുന്ന, ആളുകൾക്ക് വലിയ പ്രത്യാശയും, പ്രചോദനവും പകർന്നു നൽകുന്ന ഒരു മോട്ടിവേഷനൽ സ്പീക്കർ.

nick-family
നിക് വുജിസിക്കിന്റെ കുടുംബം

ഹൈസ്‌കൂൾ പഠനത്തിനു ശേഷം നിക് ടെറിട്ടറി എജ്യുക്കേഷനിൽ നിന്ന് ഡിഗ്രി ബിരുദവും ഓസ്‌ട്രേലിയയിലെ ഗ്രിഫിത് സർവകലാശാലയിൽ നിന്ന് അക്കൗണ്ടിങ് ആൻഡ് ഫിനാൻഷ്യൽ പ്ലാനിങ്ങിൽ ബിരുദവും നേടി.

വൈകല്യവുമായി ജനിച്ച ആളുകൾക്കു പ്രചോദനമേകാൻ 2005ൽ നിക് ‘ലൈഫ് വിതൗട് ലിംബ്സ്’ എന്ന സ്ഥാപനം ആരംഭിച്ചു. ‘ആറ്റിറ്റ്യൂഡ് ഈസ് ഓൾട്ടിറ്റ്യൂഡ്’ എന്ന മോട്ടിവേഷനൽ സ്പീക്കിങ് കമ്പനി 2007ൽ തുടങ്ങി.

ടെക്സസ് സ്വദേശിയായ കാനേ മിയാഹരെയെ 2012ൽ നിക് ജീവിത പങ്കാളിയാക്കി. ഇരുവർക്കും 4 കുട്ടികളാണുള്ളത്. ദൈനംദിന കാര്യങ്ങൾ  ചെയ്യാൻ അദ്ദേഹത്തിന് ആരുടെയും സഹായം വേണ്ട. ഗോൾഫ് , നീന്തൽ, സർഫിങ്, സ്കൈ ഡൈവിങ് തുടങ്ങി ഒരു സാധാരണ മനുഷ്യനു ചെയ്യാൻ സാധിക്കുന്നതെല്ലാം നിക് ചെയ്യും.

 ലൈഫ് വിതൗട്ട് ലിമിറ്റ്‌സ്, അൺ സ്റ്റോപ്പബിൾ, ലിമിറ്റ്‌ലെസ്, സ്റ്റാൻഡ് സ്‌ട്രോങ് ആൻഡ് ലൗവ് വിത്തൗട്ട് ലിമിറ്റ്‌സ്, ബി ദ് ഹാൻഡ്സ് ആൻഡ് ഫീറ്റ് എന്നീ പുസ്തകങ്ങൾ രചിച്ചു. അദ്ദേഹത്തിന്റെ രചനകൾ മുപ്പതിലേറെ ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.

 യൂ ട്യൂബിൽ അദ്ദേഹത്തിന്റെ ഓരോ വിഡിയോയും ലക്ഷക്കണക്കിനാളുകളാണ് കാണുന്നത്. സ്വന്തം കഴിവിൽ വിശ്വസിച്ചാൽ നേട്ടങ്ങൾ സ്വന്തമാക്കാം എന്ന് നിക് പ്രസംഗിക്കുകയല്ല, ജീവിച്ചു കാണിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ 36 കാരന്റെ ജീവിതത്തെ ലൈഫ് വിതൗട് ലിമിറ്റ്സ് എന്നു തന്നെ വിശേഷിപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com