കൂട്ടുകാരെ ഹഗ് ചെയ്യുന്ന ഭാര്യ; സംശയരോഗിയായി ഭർത്താവ്
Mail This Article
എന്റെ ഭാര്യ മറ്റു പുരുഷന്മാരോട് വളരെ തുറന്ന മട്ടിലാണ് ഇടപെടുന്നത്. ഷേക്ഹാൻഡ് കൊടുക്കുക, പുറത്തു തട്ടുക, പഴയ കൂട്ടുകാരെയും കസിൻസിനെയും ഒക്കെ ആൺപെൺ വ്യത്യാസമില്ലാതെ ഹഗ് ചെയ്യുക ഇങ്ങനെയൊക്കെ ചെയ്യുന്നു. ഇതൊന്നും ശരിയല്ലെന്നു പറഞ്ഞാൽ ഞാൻ സംശയരോഗി! അവളുടെ അമ്മ ഇതിനെല്ലാം അവൾക്കു സപ്പോർട്ടാണ്. എന്റെ വീട്ടുകാർ പഴയ രീതിയിലുള്ള ആൾക്കാരാണ്. ഒരു തരത്തിലുള്ള ദുശ്ശീലവും എനിക്കില്ല. എനിക്കു മനോരോഗം ആണെന്നാണ് അവളുടെ കണ്ടുപിടിത്തം. മൂന്നുമാസമായി അവൾ പിണങ്ങി താമസിക്കുകയാണ്. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. വിദ്യാഭ്യാസവും ജോലിയും ഉള്ളതിന്റെ അഹങ്കാരമാണ് അവൾക്ക് എന്നു തോന്നുന്നു. എങ്ങനെയാണ് ഒരു കൗൺസലിങ്ങിൽ കൂടി അവളെ ശരിയായ രീതിയിൽ കൊണ്ടു വരാൻ കഴിയുക?
പ്രതികരണം: കാലത്തിനനുസരിച്ചു മാറുന്നതിനു താങ്കൾക്കു കഴിയാതെ പോകുന്നുണ്ട്. ആൺപെൺ സൗഹൃദങ്ങളുടെ ശൈലിയും രീതിയും ഇന്നത്തെ കാലത്ത് കുറച്ചു കൂടി തുറന്ന മട്ടിലാണ്. അതിനെ അടക്കവും ഒതുക്കവും ഇല്ലായ്മയും അഹങ്കാരവും ആയി വ്യാഖ്യാനിക്കണോ? താങ്കളുടെ ഭാര്യയുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കാതെ അവരെ നിരന്തരം ഉപദേശിക്കുന്നതും നിയന്ത്രിക്കുന്നതും പീഡനമാണ്. ഭാര്യയുടെ സ്മാർട്നെസ്സിനെ അഭിമാനപൂർവം കാണാൻ പഠിക്കുകയാണ് താങ്കൾ ചെയ്യേണ്ടത്. ഭർത്താവിന്റെ പ്രകൃതം മനസ്സിലാക്കി തനതു ശൈലിയിൽ അൽപമൊക്കെ മാറ്റം വരുത്താൻ വിവേകമുള്ള ഭാര്യമാർക്കു ശ്രമിക്കാം. അത് കീഴടങ്ങലല്ല. സംശയരോഗം, മാനസികരോഗം എന്നൊക്കെ പറഞ്ഞ് ഭർത്താവിനെ ആക്ഷേപിക്കുകയുമരുത്. ഇരുവരും ചേർന്ന് ഒരു മാരിറ്റൽ തെറപ്പിസ്റ്റിനെ കാണുക. പ്രശ്ന പരിഹാരമുണ്ടാകും.