കഷണ്ടിയെ പേടിക്കണ്ടാ, ഇനി മുടി ‘ബാങ്കിൽ’ വയ്ക്കാം
Mail This Article
കഷണ്ടിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മിക്ക ചെറുപ്പക്കാര്‍ക്കും ഭയമാണ്. മുടി ഇത്തിരി കയറിത്തുടങ്ങിയാല്‍ പിന്നെ ജീവിതം തന്നെ പോയെന്ന ഭാവമാണു ചിലര്‍ക്ക്. ലക്ഷങ്ങള്‍ മുടക്കിയും കൃത്രിമമുടി വയ്ക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നതിന്റെ കാരണവും ഈ അപകര്‍ഷതാബോധമാണ്. എന്നാല്‍ കഷണ്ടിയെ പേടിക്കാതെ കഴിയാനൊരു വഴി തെളിയുന്നു. ബ്രിട്ടനിലെ ഒരു കമ്പനിയാണ് കഷണ്ടിപേടിക്കാര്‍ക്ക് ആശ്വാസമാകുന്ന ഒരു പുത്തന്‍ വിദ്യയുമായി വരുന്നത്. ഹെയര്‍ ഫോളിക്കിളുകള്‍ സൂക്ഷിച്ചുവച്ച് ഭാവിയില്‍ കഷണ്ടിയുണ്ടായാല്‍ ഉപയോഗിക്കാനൊരു ബാങ്ക് എന്നതാണ് ഇവരുടെ ആശയം.
ഫോളിക്കിളില്‍ നിന്നു ശേഖരിക്കുന്ന സെല്ലുകള്‍ ഈ ലാബില്‍ പെരുകാനുള്ള സാഹചര്യം ഉണ്ടാക്കുന്നുണ്ട്. ഇത് ഭാവിയില്‍ മുടി പോയാലും മുടി തിരികെ കൊണ്ടു വരാന്‍ ഉപയോഗിക്കാം. ഫോളിക്കിൾ ഉടമയുടെ മുടി ഭാവിയില്‍ കൊഴിഞ്ഞാൽ ഈ സെല്ലുകള്‍ അയാളുടെ തലയോട്ടിയിലേക്ക് വിദഗ്ധര്‍ കുത്തിവയ്ക്കുകയും ഇതു മുടി വളര്‍ച്ച കൂട്ടുകയും ചെയ്യും. ഹെയര്‍ ക്ലോണ്‍ എന്നാണ് ഈ കമ്പനിയുടെ പേര്. ഭാവിയിലേക്ക് മുടിയ്ക്കൊരു ഇൻഷുറൻസ് എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം. പക്ഷേ അതിനായി മുടക്കേണ്ട തുക എല്ലാവർക്കും താങ്ങാനാവില്ലെന്നു മാത്രം.
കമ്പനിക്ക് ഉടന്‍ ലൈസന്‍സ് ലഭിക്കുമെന്നാണ് ഉടമകളുടെ വിശ്വാസം. ഇപ്പോള്‍തന്നെ നിരവധി ആവശ്യക്കാർ വന്നു കഴിഞ്ഞെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഒരാളില്‍ നിന്ന് ഏകദേശം 100 ഫോളിക്കിളുകള്‍ ആണ് ശേഖരിക്കുന്നത്. ഇത് -150°C (-238°F) ൽ ആണ് പ്രത്യേകമായി സൂക്ഷിക്കുന്നത്. മുടി കൊഴിഞ്ഞു തുടങ്ങിയാല്‍ എപ്പോള്‍ വേണമെങ്കിലും ചികിത്സയ്ക്ക് എത്താം. ഒരിക്കല്‍ ചെയ്‌താല്‍ മൂന്നോ അഞ്ചോ വർഷം കൂടുമ്പോള്‍ ചികിത്സ തുടരണം.