വീട്ടിൽ നിന്നു ‘വോക്ഔട്ട്’ നടത്തുന്ന ആൺകുട്ടി
Mail This Article
അച്ഛനും അമ്മയും പരസ്പരം പുലഭ്യം പറഞ്ഞു കലഹത്തിൽ ഏർപ്പെടുമ്പോൾ പതിമൂന്നു വയസ്സുകാരൻ ആരോടും പറയാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും. ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ വീട്ടിൽ അഭയം തേടും. കേട്ടറിഞ്ഞു ചെന്ന് കുട്ടിയെ കൂട്ടിക്കൊണ്ടു വരും. നല്ല തല്ലു കൊടുക്കും എന്നിട്ടും ഇത് ആവർത്തിക്കുന്നു. ഇതു പരിഹരിക്കാൻ ഏതാണു വഴിയെന്നു ചോദ്യം.
മാതാപിതാക്കൾ തമ്മിലുള്ള വഴക്കു സഹിക്കാൻ പറ്റാതെ വരുമ്പോഴാണ് ഈ കുട്ടി വീട്ടിൽ നിന്ന് വോക് ഔട്ട് നടത്തി വിഷമം പ്രകടിപ്പിക്കുന്നത്. സ്നേഹത്തോടെയും പരസ്പരമുള്ള ആദരവോടെയും മാതാപിതാക്കൾ ഇടപെടുന്ന കുടുംബ സാഹചര്യങ്ങൾ കുട്ടികൾക്കു സുരക്ഷിതബോധം നൽകും. മനോവികാസത്തിനു ഗുണവും ചെയ്യും.
വീട്ടിലെ വഴക്കുകൾ മറ്റുള്ളവർ അറിയുന്നതിലെ അപമാനമാണ് പയ്യനെ തല്ലുന്നതിന്റെ കാരണം. അതവനു കൂടുതൽ വിഷമം ഉണ്ടാക്കും. സ്വയം തിരുത്തുമെന്ന വാഗ്ദാനം നൽകി മാതാപിതാക്കള്‍ അവനെ ആശ്വസിപ്പിക്കണം. ഇവൻ സമാധാനം തേടി ഇപ്പോൾ പരിചിതരുടെ വീട്ടിലേക്കാണു പോകുന്നത്. വീട്ടിലെ അന്തരീക്ഷം മെച്ചപ്പെട്ടില്ലെങ്കിൽ നാളെ അവൻ മയക്കു മരുന്നുകൾ ഉപയോഗിക്കുന്നവരുടെയോ കുറ്റ കൃത്യങ്ങൾ ചെയ്യുന്നവരുടെയോ താവളങ്ങളിൽ എത്തിപ്പെടാം. അത് ഒഴിവാക്കണ്ടേ?