മുടി കൊഴിച്ചിലുണ്ടോ; എങ്കില്‍ ഇതാ ഷഹനാസ് ഹുസൈന്‍ നൽകുന്ന ടിപ്സ്
Mail This Article
ദിവസവും കൊഴിഞ്ഞു പോകുന്ന മുടി കണ്ടിട്ട് തലചുറ്റല്‍ വരുന്നുണ്ടോ? എങ്കില്‍ വില്ലന്‍ നിങ്ങളുടെ ജീവിതശൈലി തന്നെയാണ്. പോഷകാഹാരക്കുറവും അന്തരീക്ഷവും ഹോര്‍മോണ്‍ വ്യതിയാനവും ടെന്‍ഷനും ഒക്കെ തന്നെയാണ് മുടികൊഴിച്ചിലിന് പിന്നിലെ കാരണക്കാര്‍. ചിലപ്പോഴെങ്കിലും ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധകവസ്തുക്കളുടെ ഗുണനിലവാരം, അവയിലെ കെമിക്കല്‍ പദാര്‍ഥങ്ങള്‍ എന്നിവയെല്ലാം മുടി കൊഴിയാന്‍ കാരണമാകാറുണ്ട്. മുടിയുടെ കട്ടി തീരെ കുറഞ്ഞു വരിക, അമിതമായി കൊഴിയുക, പൊട്ടിപോകുക എന്നിവയെല്ലാം ഇതിന്റെ ദൂഷ്യവശങ്ങളാണ്.
പ്രശസ്ത ബ്യൂട്ടീഷന്‍ ആയ ഷഹനാസ് ഹുസൈന്‍ പറയുന്നത് നമ്മുടെ ചര്‍മ്മസൗന്ദര്യത്തിനായി ചിലവഴിക്കുന്ന സമയത്തിന്റെ നാലിലൊന്നു പോലും മുടിയുടെ സൗന്ദര്യത്തിനായി മാറ്റിവയ്ക്കുന്നില്ല എന്നാണ്. ദിവസവും തലമുടി കഴുകി വൃത്തിയാക്കിയാല്‍ മാത്രം മുടിയിലെ അഴുക്ക് പോകില്ല. പ്രകൃതിദത്തമായ പദാര്‍ഥങ്ങള്‍ കൊണ്ട് മുടി നന്നായി കഴുകിയാല്‍ മാത്രമേ മുടിയുടെ ആരോഗ്യം വീണ്ടെടുത്തു നല്ല തിളക്കമുള്ളതായി മാറുകയുള്ളൂ.
മുടിയുടെ ആരോഗ്യം നശിച്ചു തുടങ്ങിയെന്നു കണ്ടാല്‍ നല്ല സ്മൂത്ത് ആയ വിടവുള്ള ഒരു ചീപ്പ് ഉപയോഗിച്ചു തുടങ്ങുക. കാസ്റ്റര്‍ ഓയില്‍, വെളിച്ചെണ്ണ എന്നിവ യോജിപ്പിച്ച് അല്‍പ്പം ചെറുചൂടില്‍ മുടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. മുടിയുടെ അറ്റം വരെ ഇത് പുരട്ടണം. ശേഷം ചെറുചൂടു വെള്ളത്തില്‍ മുക്കിയ ടവ്വല്‍ മുടിയില്‍ ചുറ്റികെട്ടി വയ്ക്കണം. അഞ്ചു മിനിറ്റ് ഇടവേളയില്‍ കുറഞ്ഞത് നാലുവട്ടം എങ്കിലും ഇത് ആവര്‍ത്തിക്കുക. ഇത് തലയോട്ടിയിലേക്ക് എണ്ണ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും. അമിതമായി മസ്സാജ് ചെയ്യുന്നത് ഈ സമയം ഒഴിവാക്കുക.
ഇനി അരകപ്പ് ബേക്കിങ് സോഡ മൂന്ന് കപ്പ് ചൂടുവെള്ളത്തില്‍ ചേര്‍ത്തു തലയോട്ടിയില്‍ മൃദുവായി മസ്സാജ് ചെയ്യുക. ഇത് തലയോട്ടിയിലെ അഴുക്ക് നീക്കം ചെയ്തു തലമുടിയെ മാര്‍ദ്ദവമുള്ളതാക്കും. ഒപ്പം താരനും പോകാന്‍ സഹായിക്കും. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാം,
ആപ്പിള്‍ സിഡര്‍ വിനഗര്‍ ഇതുപോലെ ഗുണമുള്ള ഒന്നാണ്. ഷാംപൂവും കണ്ടിഷനറും മുടിയില്‍ ഉപയോഗിച്ച ശേഷം രണ്ടു സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ ഒരു മഗ് വെള്ളത്തില്‍ ചേര്‍ത്തു തലയോട്ടിയില്‍ ഒഴിച്ചു കഴുകിയാല്‍ മുടിയിലെ എല്ലാ അഴുക്കുകളും പോയി മുടി വൃത്തിയാകും. അതുപോലെ തന്നെ ടീ ട്രീ ഓയില്‍ ദിവസും ഉപയോഗിക്കാവുന്ന ഷാംപൂവിനൊപ്പം ചേര്‍ത്തു ഉപയോഗിച്ചാല്‍ ഏറെ നല്ലതാണ്.
ധാരാളം പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ദിവസവും ശീലമാക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്നും ഷഹനാസ് പറയുന്നു. അമല. അലോവേര, ബീറ്റ്റൂട്ട് എന്നിവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഇതെല്ലാം നമ്മളെ സഹായിക്കും. മേൽപ്പറഞ്ഞ സംഗതികള്‍ എല്ലാം ഇടയ്ക്കിടെ ചെയ്‌താല്‍ തന്നെ മുടിയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യം വരുന്നില്ലെന്ന് ഷഹനാസ് ഹുസൈന്‍ ഓര്‍മിപ്പിക്കുന്നു.