ADVERTISEMENT

കരുനാഗപ്പള്ളി ഓയൂരിൽ കഴിഞ്ഞ ദിവസം നടന്ന 'പട്ടിണിക്കൊലപാതകം' കേരള മനഃസാക്ഷിയെ മുഴുവൻ ഞെട്ടിച്ച സംഭവം ആണ്. ഗാർഹിക പീഡനങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഭാര്യയെ കീഴ്പ്പെടുത്തി ജീവിച്ചില്ലെങ്കിൽ പുരുഷൻ ആകില്ലെന്ന് വിചാരിച്ചു ജീവിക്കുന്ന ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. ഗാർഹിക പീഡനം നമ്മുടെ ഇടയിലുള്ള ഒരു വലിയ വിപത്താണ്. ഗാർഹിക പീഡനം എന്നാൽ ശാരീരിക ഉപദ്രവം മാത്രമല്ല.

നിങ്ങൾ പീഡനത്തിന് ഇരയാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവിക്കുന്നുണ്ടോ എന്നറിയാൻ യുകെ യിലെ റഫ്യൂജ് എന്ന സംഘടന പറയുന്ന ഈ ചോദ്യങ്ങൾ ശ്രദ്ധിക്കൂ.

∙ നിങ്ങൾ പങ്കാളിയെ ഏതെങ്കിലും തരത്തിൽ പേടിക്കുന്നുണ്ടോ?

∙ നിങ്ങളെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒറ്റപ്പെടുത്തുന്നുണ്ടോ?

∙ നിങ്ങളോട് അസൂയയോ പൊസസീവ് ആയോ പെരുമാറാറുണ്ടോ?

∙ നിങ്ങളെ മറ്റുള്ളവരുടെ മുൻപിൽ അവഹേളിക്കാറുണ്ടോ?

∙ ശാരീരികമായി ഉപദ്രവിക്കാറുണ്ടോ?

∙ നിങ്ങളുടെ ബന്ധുക്കളെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്താറുണ്ടോ?

∙ സ്ഥിരമായി വിമർശിക്കാറുണ്ടോ?

∙ പണം ചിലവാക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടോ?

∙ നിങ്ങൾ എന്ത് ധരിക്കണം എന്ന് പറയാറുണ്ടോ?

ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്.

a) ശാരീരിക പീഡനം അഥവാ Physical Abuse

വളരെ പ്രാകൃതവും, നീചവും ആയ ഒരു പ്രവർത്തിയാണ് ജീവിത പങ്കാളിയെ ദേഹോപദ്രവം ഏൽപ്പിക്കുക എന്നത്. ഒരിക്കലെങ്കിലും പങ്കാളിയെ തല്ലിയിട്ടുണ്ടെങ്കിൽ, അല്ലങ്കിൽ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തിക്ക് സ്നേഹിക്കുവാനോ, സ്നേഹിക്കപ്പെടുവാനോ ഉള്ള അവകാശം തീർന്നു എന്ന് പറയാം.

b) മാനസിക/ വൈകാരിക പീഡനം അഥവാ Psychological or Emotional Abuse 

ശാരീരിക പീഡനങ്ങളെക്കാൾ ചില സമയങ്ങളിൽ മാരകമാണ്, മാനസിക/ വൈകാരിക പീഡനം. അപമാനിക്കുന്ന രീതിയിൽ സംസാരിക്കുക, മറ്റുള്ളവരുടെ മുൻപിൽ ഇകഴ്ത്തി കാണിക്കുക, അവഹേളിക്കുക, പരിഹസിക്കുക, വിഡ്ഢി ആയി കാണിക്കുക, മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സംസാരിക്കുക ഇവയെല്ലാം വൈകാരിക പീഡനത്തിൽ വരുന്നതാണ്.

c) ഗാർഹിക ലൈംഗിക പീഡനം Dometic sexual abuse

ഒരു പക്ഷേ ഏറ്റവും കൂടുതൽ പീഡനങ്ങൾ നടക്കുന്നത് ഈ രീതിയിൽ ആയിരിക്കാം. ഇഷ്ടമില്ലാതെ വഴങ്ങികൊടുക്കേണ്ടി വരുന്നത് ഒരു ഗതികേട് തന്നെ എന്നു പറയാം.

d) സാമ്പത്തിക പീഡനം / Economic Abuse 

സാമ്പത്തികമായി അടിച്ചമർത്തുക. പൈസ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരിക്കുക. തുല്യമായി ഭാര്യയ്ക്കും ഭർത്താവിനും പൈസ ഒരേ സ്വാതന്ത്ര്യത്തിൽ ഉപയോഗിക്കാനുള്ള അനുവാദം ഇല്ലെങ്കിൽ അതിനെ സാമ്പത്തിക പീഡനം എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.

e) ബുദ്ധിപരമായ പീഡനം Intellectual Abuse 

കല്യാണം കഴിഞ്ഞു പങ്കാളിയെ അവരുടെ ബൗദ്ധികതയ്ക്ക് അനുസരിച്ചു മുൻപോട്ട് പോകാൻ അനുവദിക്കാത്തത് ഒക്കെ സാധാരണ കണ്ടു വരുന്നതാണ്. ടിവി ഇന്റർവ്യൂ കളിൽ ഒക്കെ പുരുഷന്മാരോടുള്ള ചോദ്യം കേട്ടിട്ടില്ലെ "വിവാഹം കഴിഞ്ഞു ഭാര്യയെ ജോലിക്കു വിടുമോ" എന്ന്? ഇതിനും നിയമപരമായി എന്തെങ്കിലും സംരക്ഷ ഉണ്ടോ എന്നറിയില്ല. 

ഗാർഹിക പീഡനവും, അതിന്റെ നിയമ വശങ്ങളും, വായിച്ചുള്ള അറിവുകൾ മാത്രം ആണ് പങ്കു വച്ചത്. നമ്മുടെ സമൂഹത്തിൽ ഇതൊരു വലിയ വിപത്താണ്. ഗാർഹികമായ പീഡനം തന്റെ അവകാശ പരിധിയിൽ വരുന്നത് ആണ്, അത് തന്റെ മാത്രം സ്വകര്യതയാണ് എന്ന് വിചാരിക്കുന്ന ഒരു സമൂഹത്തിലാണ് നാം നിർഭാഗ്യ വശാൽ ജീവിക്കുന്നത്.

ഭയം കൊണ്ടും, സാമ്പത്തിക സുരക്ഷ ഇല്ലാത്തതിനാലും പലരും സഹിച്ചു ജീവിക്കുന്നവർ ആണ്. താങ്കൾ ചെയ്യുന്നത് നിയമപരമായി തെറ്റാണ് എന്നെങ്കിലും ധൈര്യത്തോടെ പറയണം. കൂടുതൽ സഹിക്കാതെ വരുന്നെങ്കിൽ തീർച്ചയായും ഒരു മടിയും കൂടാതെ അടുത്തുള്ള ഒരു അഭിഭാഷകനും ആയി സംസാരിക്കണം. നിയമപരമായ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തരും.

സഹായം എവിടെ ലഭിക്കും?

താഴെയുള്ള ഈ നമ്പറുകൾ മൊബൈലിൽ അല്ലെങ്കിൽ വീട്ടിലെ ബുക്കിൽ എഴുതി വയ്ക്കുക. ആരെങ്കിലും പീഡനത്തിന് ഇരയാണ് എന്ന് തോന്നിയാൽ മടിക്കാതെ വിളിക്കണം.

വിമൺ ഹെൽപ്പ്‌ലൈൻ: 1091
സംസ്ഥാന വനിതാസെൽ (തിരുവനന്തപുരം) 0471-2338100
കേരള പൊലീസിന്റെ വനിതാഹെൽപ്പ്‌ലൈൻ 9995399953
പൊലീസ് കൺട്രോൾ റൂം 100
അഭയ് ഹെൽപ്പ്‍ലൈൻ: +91 09423827818

നിങ്ങളുടെ അയൽ വീട്ടിൽ ഗാർഹിക പീഡനം നടക്കുന്നു എന്നറിഞ്ഞാൽ ഉടനെ തന്നെ, കേരള പൊലീസിന്റെ വനിതാഹെൽപ്പ്‌ലൈൻ നമ്പർ 9995399953 അല്ലെങ്കിൽ വിമൺ ഹെൽപ്പ്‌ലൈൻ: 1091 ഉടനെ വിളിച്ചറിയിക്കാൻ മറക്കണ്ട. ഇതു കൊണ്ട് ചിലപ്പോൾ ഒരു ജീവൻ രക്ഷിക്കാൻ പറ്റിയേക്കും.

അയൽപക്കത്തു നിന്നും കേൾക്കുന്ന നിലവിളികൾ നിസ്സാരമായി കരുതരുത്. സാംസ്കാരികമായ വലിയ ഒരു അഴിച്ചു പണി വേണ്ടി വരും ഡൊമസ്റ്റിക് വയലൻസ് ഇല്ലാതാക്കാൻ. അടുത്ത തലമുറയെ, വീടുകളിലും സ്കൂളിലും ഒക്കെയായി ഇതൊക്കെ പറഞ്ഞു കൊടുത്താൽ അവരെങ്കിലും ഒരു പരിധി വരെ ഗാർഹിക പീഡനത്തിൽ നിന്ന് വിമുക്തം ആകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com