പഴങ്ങൾ കഴിക്കും മുൻപ് ഇവ ശ്രദ്ധിക്കണം; ഒപ്പം ഈ നമ്പർ അറിഞ്ഞുവയ്ക്കാം
Mail This Article
പഴവിപണിയിൽ നിന്നു പുറത്തുവരുന്നത് സർവത്ര മായത്തിന്റെ കഥയാണ്. ചൂടുകാലത്ത് ഭക്ഷണത്തില്‍ പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്ന ശീലമുള്ള മലയാളികൾ അതിന്റെ ഗുണ നിലവാരം പലപ്പോഴും ശ്രദ്ധിക്കാറില്ല. ഇതു നമുക്ക്് സമ്മാനിക്കുക ആരോഗ്യ പ്രശ്നങ്ങൾ മാത്രമാകും. പഴങ്ങൾ കഴിക്കും മുൻപ് അൽപമൊന്നു ശ്രദ്ധിച്ചാലോ?
∙ കാത്സ്യം കാർബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച മാങ്ങയുടെ തൊലി എല്ലായിടത്തും ഒരേ മഞ്ഞ നിറമായിരിക്കും. മാങ്ങയുടെ അകം വെന്തതു പോലെയുണ്ടായിരിക്കും. തൊലിയിൽ പൊള്ളിയതു പോലുള്ള പാടുകളുണ്ടാകും. നാടൻ രീതിയിൽ പഴുപ്പിച്ച മാങ്ങയുടെ തൊലിക്ക് ഒരേ നിറമായിരിക്കില്ല. ചിലയിടങ്ങളിൽ പച്ചയും ഇളം മഞ്ഞയുമായി നിറവ്യത്യാസമുണ്ടാകും.
∙ ചില മാങ്ങയുടെ തൊലി ചുക്കിച്ചുളിഞ്ഞിരിക്കുന്നതു കാണാം. ഇതും വിഷം ആവരണം ചെയ്തതിന്റെ സൂചനയായി കാണേണ്ടിയിരിക്കുന്നു. മാങ്ങയുടെ തൊലി ചെത്തിമാറ്റി ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയിൽ ഉത്തമം.
∙ തണ്ണിമത്തൻ മുറിച്ചെടുത്താൽ ചുവന്ന നിറത്തിൽ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. കൃത്രിമമായി പഴുപ്പിച്ച തണ്ണിമത്തന്റെ ഉൾഭാഗം അഴുകിയ അവസ്ഥയിലായിരിക്കും.
∙ ഈത്തപ്പഴം അഴുകിയ രൂപത്തിലുള്ളതാണെങ്കിൽ വാങ്ങരുത്.
∙ മുന്തിരി, ആപ്പിള്‍, പേരയ്ക്ക, മാമ്പഴം തുടങ്ങിയ പഴവർങ്ങൾ ഉപ്പു ലായനിയില്‍ അര മണിക്കൂര്‍ മുക്കിവച്ച ശേഷം ശുദ്ധജലത്തില്‍ കഴുകി ഉപയോഗിച്ചാൽ ഒരുപരിധിവരെ വിഷാംശത്തെ നേരിടാനാകും.
∙ ആപ്പിളിനു മുകളിലെ സ്റ്റിക്കര്‍ ഇളക്കിമാറ്റി പശ നന്നായി തുടച്ചുനീക്കണം. പോഷകമൂല്യം അൽപം കുറഞ്ഞാലും തൊലി നേർത്തരീതിയിലെങ്കിലും ചെത്തിമാറ്റി ഉപയോഗിക്കുന്നതാവും നല്ലത്. പ്രത്യേകിച്ചും കുട്ടികൾക്ക് കൊടുക്കുമ്പോൾ. കീടനാശിനികള്‍ അടിഞ്ഞുകൂടാൻ സാധ്യതയേറെയുള്ള ഞെട്ടുഭാഗം നീക്കംചെയ്തു മാത്രം കഴിക്കുക. പാരഫിന്‍ പോലുള്ള പെട്രോളിയം വാക്സുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് ആപ്പിളിലെ പ്രധാന പ്രശ്നം. നഖംകൊണ്ട് ചുരണ്ടിനോക്കിയാല്‍ വാക്സിന്റെ സാന്നിധ്യം തിരിച്ചറിയാം.
ഓർമിക്കാൻ
വിഷാംശത്തെ ഭയന്ന് പഴങ്ങളെ ഭക്ഷണത്തിൽ നിന്ന് പാടെ ഒഴിവാക്കുന്നതും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. വൈറ്റമിൻ അടങ്ങിയ പഴങ്ങളെന്നാൽ വിലയ്ക്കുവാങ്ങുന്ന ആപ്പിളും മുന്തിരിയും എന്ന് അർഥമാക്കരുത്. നമ്മുടെ നാട്ടില്‍ സുലഭമായ ചാമ്പക്കയും പേരക്കയും പപ്പായയും ചക്കപ്പഴവും എല്ലാം വൈറ്റമിനുകളുടെ കലവറയാണ്.
പരാതി അയയ്ക്കാം
കടയിൽ നിന്നു വാങ്ങിയ പഴവർഗങ്ങളിൽ മായം കലർന്നതായി സംശയിക്കുന്നുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കാം 18004251125