ലൈറ്റ് ഓൺചെയ്ത് ഉറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
Mail This Article
ലൈറ്റ് ഓണ്‍ ചെയ്ത് ഉറങ്ങുന്ന ആളാണോ നിങ്ങള്‍? മുറിക്കുള്ളില്‍ ഒരു ചെറുവെളിച്ചം എങ്കിലും ഇല്ലെങ്കില്‍ ഉറക്കം വരുന്നില്ലെന്ന് പരാതി പറയാറുണ്ടോ? മിക്ക ആളുകള്‍ക്കും ഈ പ്രശ്നമുണ്ട്. ചിലര്‍ക്ക് ഉള്‍ഭയം കൊണ്ടാണ് ലൈറ്റ് വേണമെന്നു പറയുക. ചിലര്‍ക്ക് പ്രേതഭയം, മറ്റു ചിലര്‍ക്ക് ക്ഷീണം. അങ്ങനെ പലരും പല കാരണങ്ങള്‍ കൊണ്ടാണ് ലൈറ്റ് ഇട്ട് ഉറങ്ങുന്നത്.
എന്നാല്‍ ഗവേഷകര്‍ പറയുന്നത് ബെഡ്റൂമില്‍ ലൈറ്റ് ഇട്ടുള്ള കിടപ്പ് ഉറക്കത്തിനു തടസ്സം വരുത്തുമെന്നാണ്. ഒരാള്‍ക്ക് കുറഞ്ഞത് ഏഴ് മണിക്കൂര്‍ വരെയെങ്കിലും ഉറക്കം ലഭിക്കണം എന്നാണല്ലോ. അപ്പോള്‍ ലൈറ്റ് ഇട്ടുള്ള കിടപ്പ് മൂലം ഉറക്കം നന്നായി ലഭിക്കില്ലത്രേ. ചെറിയ ബെഡ്‌ലാംപ് മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രകാശം വരെ ഉറക്കത്തിനു തടസ്സം നില്‍ക്കുന്നതാണ്. അതുകൊണ്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവയെല്ലാം ഓഫാക്കിയ ശേഷം കിടന്നു നോക്കൂ. നല്ല ഉറക്കം കിട്ടും.
മെലാടോണിൻ എന്ന ഹോര്‍മോണ്‍ ആണ് ശരീരത്തിലെ ഓട്ടോമാറ്റിക് ക്ലോക്ക്. നമ്മുടെ ഉറക്കം നിയന്ത്രിക്കുന്നത് ഈ ഹോര്‍മോണ്‍ ആണ്. ലൈറ്റ് ഇട്ടു കൊണ്ടുള്ള ഉറക്കം മെലാടോണിന്റെ ഉൽപാദനം കുറയ്ക്കും. ഉറങ്ങേണ്ട സമയത്ത് അനാവശ്യമായി ലൈറ്റിന്റെ സാന്നിധ്യം ഉണ്ടാകുന്നത് നമ്മുടെ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കും. ഇത് ബോഡി ക്ലോക്കിനെ കുഴപ്പിക്കും. അങ്ങനെ ഉറക്കം ശരിയാകുന്നില്ല. ഇത് പല രോഗങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് ലൈറ്റുകളല്ലാേ ഓഫാക്കി ഉറങ്ങാന്‍ കിടക്കുന്നതു തന്നെയാണ് ആരോഗ്യത്തിനു നല്ലത്.