ഭാരം കുറഞ്ഞപ്പോള്‍ മുടി കൊഴിഞ്ഞോ? എന്നാല്‍ ഇക്കാര്യം കൂടി അറിഞ്ഞോളൂ
Mail This Article
വണ്ണം കുറയ്ക്കാന്‍ എന്ത് സാഹസത്തിനും ഇന്ന് ആളുകള്‍ തയാറാണ്. കിം കര്‍ദർശിയാനെയും കത്രീന കെയ്ഫിനെ പോലെയുമൊക്കെ സുന്ദരമായ മേനി സ്വന്തമാക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും മോഹമുണ്ട്. ചിലര്‍ അതിനായി ഏറെ സാഹസപ്പെടുകയും ചെയ്യും. ഇന്ന് എവിടെ നോക്കിയാലും പലതരം ഡയറ്റുകള്‍ കാണാം. അവയില്‍ ചിലതൊക്കെ ഏറെ പ്രയോജനകരമാണ്. എന്നാല്‍ വളരെ എക്സ്ട്രീം ആയ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് മുടികൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. പലപ്പോഴും ഡയറ്റിന്റെ പ്രത്യാഘാതം ആണിതെന്നു അവര്‍ അറിയാറില്ല എന്നതാണ് വാസ്തവം.
പോഷകസമ്പന്നമാകണം ഡയറ്റുകള്‍. ഇല്ലെങ്കില്‍ ലഭിക്കുക വിപരീതഫലമാകും. അയണ്‍, പ്രോട്ടീന്‍ എന്നിവയുടെ കുറവാണ് പലപ്പോഴും മുടികൊഴിച്ചില്‍ ഉണ്ടാക്കുക. പഴങ്ങളും പച്ചക്കറികളും മാത്രം അടങ്ങിയ ഡയറ്റ് മാസങ്ങളോളം കഴിക്കുമ്പോള്‍ സ്വാഭാവികമായി പ്രോട്ടീന്‍ കുറവ് ഉണ്ടാകും. ഇത് മുടി കൊഴിച്ചില്‍ ഉണ്ടാകുകയും ചര്‍മകാന്തി കുറയ്ക്കുകയും സദാ ക്ഷീണത്തിനു കാരണമാകുകയും ചെയ്യുന്നു.
പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള ക്രാഷ് ഡയറ്റ് കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകും. അതുകൊണ്ട് സാലഡ്, പഴങ്ങള്‍, സൂപ്പുകള്‍ എന്നിവ മാത്രമാക്കിയുള്ള ഡയറ്റ് ഒഴിവാക്കുക. പ്രോട്ടീന്‍ അളവ് കുറയുമ്പോള്‍ ഏറ്റവും ആദ്യം ശരീരം കാണിക്കുന്ന ലക്ഷണം കൂടിയാണ് മുടികൊഴിച്ചില്‍.
60-70 ഗ്രാം പ്രോട്ടീന്‍ ആണ് ഒരാള്‍ക്ക് ഒരു ദിവസം ആവശ്യം. നാരങ്ങ, നെല്ലിക്ക എന്നിവയും ദിവസവും കഴിക്കാന്‍ ശീലിക്കുക. നട്സ്, സീഡ്സ്, മുട്ട, സാല്‍മന്‍ മത്സ്യം എന്നിവ പ്രോട്ടീന്‍ കലവറയാണ്. അതിനാല്‍ അത് ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.