കാപ്പി കുടിച്ചാൽ പ്രമേഹവും പൊണ്ണത്തടിയും കുറയുമോ?
Mail This Article
ചൂടോടെ ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നതിലും നല്ലത് മറ്റെന്തുണ്ട്? കാപ്പി കുടിച്ചാൽ പ്രമേഹവും പൊണ്ണത്തടിയും കുറയും എങ്കിലോ? ഇരട്ടി സന്തോഷം അല്ലേ.
ഒരു കപ്പ് കാപ്പി കുടിക്കുന്നത് ബ്രൗൺ ഫാറ്റിനെ ഉത്തേജിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞു. കൊഴുപ്പിനോട് പൊരുതാനുള്ള ശരീരത്തിന്റെതന്നെ പ്രതിരോധമാണ് ബ്രൗൺ ഫാറ്റ്. ഇത് പ്രമേഹത്തെയും പൊണ്ണത്തടിയെയും പ്രതിരോധിക്കും.
ബ്രൗൺ ഫാറ്റിന്റെ പ്രവർത്തനങ്ങളെ നേരിട്ടു ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ച് മനുഷ്യരിൽ നടത്തിയ ആദ്യപഠനമാണിത്. മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമായ ബ്രൗൺ ഫാറ്റ്, കാലറി എത്രവേഗം ഊർജ്ജിതമായി കത്തിത്തീരുന്നു എന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.
ബ്രൗൺ അഡിപ്പോസ് ടിഷ്യു (BAT) അഥവാ ബ്രൗൺ ഫാറ്റ്, മനുഷ്യനിലും മറ്റ് സസ്തനികളിലും കാണപ്പെടുന്ന രണ്ടിനം ഫാറ്റുകളിൽ ഒന്നാണ്. കുട്ടികളിലും ശീതകാലത്ത് നിഷ്ക്രിയരായിരിക്കുന്ന, നിദ്രയിലായിരിക്കുന്ന (hibernating) സസ്തനികളിലും മാത്രമാണ് ബ്രൗൺ ഫാറ്റ് ഉള്ളത് എന്നാണ് കരുതിയിരുന്നത്. എന്നാൽ മുതിർന്നവരിലും ബ്രൗൺ ഫാറ്റ് ഉണ്ടെന്ന് അടുത്തിടെ കണ്ടെത്തി. ബോഡിമാസ് ഇൻഡക്സ് (BMI) കുറഞ്ഞ ആളുകളിൽ ബ്രൗൺഫാറ്റിന്റെ അളവ് കൂടുതലായിരിക്കും.
മറ്റ് കൊഴുപ്പുകളിൽ നിന്നു വ്യത്യസ്തമായാണ് ബ്രൗൺ ഫാറ്റ് ശരീരത്തിൽ പ്രവർത്തിക്കുന്നത്. ഇത് ഷുഗറും ഫാറ്റും കത്തിക്കുക വഴി ചൂട് ഉൽപ്പാദിപ്പിക്കുന്നു. ഈ പ്രവൃത്തി വർധിക്കും തോറും രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ നിയന്ത്രണം മെച്ചപ്പെടുകയും അധികമുള്ള കാലറി കത്തിത്തീരുക വഴി ശരീരഭാരം കുറയാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുവരെ മനുഷ്യനിൽ ഈ പ്രവർത്തനം ഉത്തേജിപ്പിക്കുവാനുള്ള മാർഗം കണ്ടെത്തിയിരുന്നില്ല.
കഫീൻ ബ്രൗൺഫാറ്റിനെ ഉത്തേജിപ്പിക്കാൻ (Stimulate) സാധിക്കുമോ എന്ന് തുടർച്ചയായ മൂലകോശ പഠനങ്ങളിലൂടെ ഗവേഷക സംഘം പരിശോധിച്ചു. തുടർന്ന് ശരിയായ ഡോസ് കണ്ടെത്തിക്കഴിഞ്ഞപ്പോൾ മനുഷ്യരിൽ ഈ ഫലം തന്നെയാണോ എന്നു പരിശോധിച്ചു. ശരീരത്തിലെ ബ്രൗൺ ഫാറ്റ് റിസർവിനെ കണ്ടെത്താൻ തെർമൽ ഇമേജിങ് മാർഗം ഉപയോഗിച്ച് ഈ മാർഗത്തിലൂടെ ബ്രൗൺ ഫാറ്റിനെ ലൊക്കേറ്റ് ചെയ്യാനും ചൂട് ഉൽപ്പാദിപ്പിക്കാനുള്ള ഇതിന്റെ കപ്പാസിറ്റി കണക്കാക്കാനും സാധിച്ചു.
മുൻപ് നടത്തിയ പഠനത്തിൽ, കഴുത്തിന്റെ ഭാഗത്താണ് പ്രധാനമായും ബ്രൗൺ ഫാറ്റ് ഉള്ളതെന്ന് മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഒരു വ്യക്തി ഒരു പാനീയം കുടിച്ചയുടനെ ബ്രൗൺഫാറ്റ് ചൂടാകുന്നുണ്ടോ എന്ന ചിത്രം എടുക്കാനും ഗവേഷകർക്ക് സാധിച്ചു.
ബ്രൗൺ ഫാറ്റിനെ ആക്റ്റിവേറ്റ് ചെയ്യാൻ കാപ്പിയിലടങ്ങിയ ഒരു ഘടകമായ കഫീനു കഴിയുമെന്ന് പഠനത്തിലൂടെ തെളിഞ്ഞു. ഒരു സ്റ്റിമുലസ് ആയി കഫീൻ പ്രവർത്തിക്കുന്നുവെന്നു കണ്ടു. ഇപ്പോൾ കഫീൻ സപ്ലിമെന്റിലും ഇതേ ഫലമാണോ എന്ന അന്വേഷണത്തിലാണ് ഗവേഷകർ.
ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇതേഘടകത്തിനു സാധിക്കും എന്നതിനാൽ ശരീരഭാരം കുറയ്ക്കാനും ഒപ്പം പ്രമേഹം തടയാനും കഫീന് സാധിക്കും. പഠനത്തിനു നേതൃത്വം നൽകിയ പ്രൊഫ– മൈക്കിൾ സൈമണ്ട്സ് പറയുന്നു. നോട്ടിങ്ഹാം സർവകലാശാലാഗവേഷകർ നടത്തിയ ഈ പഠനം സയന്റിഫിക് റിപ്പോർട്ട്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.