ഭക്ഷണരീതി ഇങ്ങനെ ക്രമീകരിച്ചാൽ ഹൃദ്രോഗത്തെ പ്രതിരോധിക്കാം
Mail This Article
ഹൃദ്രോഗങ്ങളും ഹൃദയാഘാതവും മൂലമുള്ള മരണങ്ങൾ ഇപ്പോൾ ഏറിവരികയാണ്. മുൻകാലങ്ങളിൽ മധ്യവയസ്സ് പിന്നിട്ടവരെയാണ് ഇതു കൂടുതൽ ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ യുവത്വത്തെയും ഇത് കീഴടക്കുന്നുണ്ട്. ഹൃദയത്തിന്റെ പ്രായം യഥാർഥ പ്രായത്തെക്കാൾ കൂടുമ്പോഴാണ് ഹൃദയാഘാതം ഉൾപ്പടെയുള്ളവ പിടികൂടുന്നത്.
അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, പുകവലി, വ്യായാമമില്ലായ്മ, കൊഴുപ്പും ഉപ്പും കൂടിയ ഭക്ഷണരീതി, മനഃസംഘർഷം, ഉയർന്ന ബിപി, പ്രമേഹം എന്നിവയൊക്കെ ഹൃദ്രോഗത്തിലേക്കു വഴിതെളിക്കുന്ന ഘടകങ്ങളാണ്. ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നതിൽ ഭക്ഷണക്രമീകരണത്തിനു മുഖ്യപങ്കുണ്ട്. ഇതാകട്ടെ വളരെ ചെറുപ്പത്തിലേ തുടങ്ങുകയും വേണം, പ്രത്യേകിച്ച് പാരമ്പര്യ രോഗസാധ്യത ഉള്ളവർ.
ഹൃദ്രോഗം തടയാൻ കൊഴുപ്പും ഉപ്പും കുറഞ്ഞ ആഹാരം കഴിക്കണം. കാർബോഹൈഡ്രേറ്റും അമിതമാകാൻ പാടില്ല. ദിവസവും വേണ്ട ഊർജ്ജത്തിന്റെ 50–55 ശതമാനം കാർബോഹൈഡ്രേറ്റേ കഴിക്കാവൂ. സംസ്കരിച്ച ധാന്യങ്ങളുടെ ഉപയോഗം കുറയ്ക്കണം. തൊലി കളയാത്ത ഗോതമ്പും തവിടു നീക്കാത്ത അരിയും തുടങ്ങി മുഴുധാന്യങ്ങളാണു കഴിക്കേണ്ടത്. മൈദ സംസ്കരിച്ച ഗോതമ്പ് ആയതിനാൽ അതിന്റെ ഉപയോഗം കുറയ്ക്കണം.
പച്ചക്കറികളും പഴങ്ങളും കഴിക്കാത്തത് ഹൃദ്രോഗത്തിന്റെ ഒരു കാരണമാണ്. ഏകദേശം 300 ഗ്രാം പച്ചക്കറികളും 200 ഗ്രാം പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പയർ– പരിപ്പ് വർഗങ്ങളും അണ്ടിപ്പരിപ്പും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി പ്രോട്ടീൻ ലഭ്യത ഉറപ്പാക്കാം. പഴങ്ങളും പച്ചക്കറികളും കഴിക്കുക വഴി ആവശ്യത്തിനുള്ള നാരുകളും ലഭ്യമാകും.
മുഴുധാന്യമായ ഓട്സിന്റെ തൊലിയിൽ പ്രത്യേക ഭക്ഷ്യനാരുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച് ഡയറ്റ് ഇല്ലെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുട്ടയുടെ മഞ്ഞ ഉൾപ്പടെ കഴിക്കുന്നതിൽ അപകടമില്ല.