ഉറക്കത്തിൽ കാണുന്ന ദുഃസ്വപ്നം ഈ രോഗങ്ങളുടെ ആരംഭമാകാം
Mail This Article
ഭർത്താവിന് 59 വയസ്സായി. കുറേ മാസങ്ങളായി അദ്ദേഹം ദുഃസ്വപ്നം കണ്ടു ഞെട്ടിയുണരുന്നു. ഉറക്കത്തിൽ കിടന്നു തൊഴിക്കുകയും അലറുകയും ചെയ്യുന്നു. ഭയാനകമായ സ്വപ്നങ്ങൾ കണ്ടിട്ടാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നത് എന്നു തോന്നുന്നു. വെളുപ്പാൻ കാലത്താണ് ഈ പ്രശ്നം മിക്കപ്പോഴും ഉണ്ടാകുന്നത്. എല്ലാ ദിവസവും ഇല്ല. ഇതു തുടങ്ങിയതിൽ പിന്നെ ആൾ ആകെ ഒരു ഉഷാറില്ലാത്തതു മാതിരിയാണ്. നേരത്തെ വളരെ ഊർജസ്വലനായിരുന്നു. കുറേശ്ശെ ഓർമക്കുറവും ഉണ്ട്. ഷുഗറും പ്രഷറും ഒഴികെ മറ്റ് അസുഖങ്ങൾ ഒന്നുമില്ല. ദുശ്ശീലങ്ങൾ ഇല്ല.
പേടികിട്ടിയിട്ടാണ് എന്നു കരുതി അതിനുള്ള പ്രതിവിധിയൊക്കെ ചെയ്തിട്ടും മാറ്റമൊന്നുമില്ല. വിഷാദരോഗമായിരിക്കും എന്നു കരുതി അതിനുള്ള മരുന്നുകൾ തുടങ്ങിയിട്ടും വലിയ മാറ്റങ്ങൾ കാണുന്നില്ല.
പ്രതികരണം: ദുഃസ്വപ്നങ്ങളുടെ ഭാഗമായി ഉറക്കെ കരയുകയും ശാരീരികമായി സ്വപ്നത്തിലെ സംഭവങ്ങളോടു പ്രതികരിക്കുകയും ചെയ്യുന്നത് REMBD (Rem Behaviour Disorder) എന്ന നിദ്രാതകരാറിന്റെ ലക്ഷണമാണ്. സാധാരണഗതിയിൽ സ്വപ്നം കാണുന്നത് ഉറക്കത്തിലെ REM ഘട്ടത്തിലാണ്. ഇതു കൂടുതലും വെളുപ്പാൻ കാലത്താണ്. സ്വപ്നം കാണുന്ന സമയത്തു നമ്മുടെ മാംസപേശികൾക്കു ചലിക്കാൻ സാധിക്കില്ല. പക്ഷേ ഈ തകരാർ ഉള്ളവരില്‍ ഈ താൽക്കാലിക സ്തംഭനാവസ്ഥ ഉണ്ടാകുന്നില്ല.
‘‘പക്ഷേ നിങ്ങളുടെ ഭർത്താവിന്റെ പ്രശ്നം കേവലം ഒരു നിദ്രാ തകരാറിനും അപ്പുറത്തുള്ള ചില രോഗങ്ങളുടെ ആരംഭമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാർക്കിന്‍സൺ രോഗം, LED (Lewy Body Dementia– ലൂയി ബോഡി ഡിമെൻഷ്യ) തുടങ്ങിയ രോഗങ്ങളുടെ ഭാഗമായും ഈ തകരാർ പ്രത്യക്ഷപ്പെടാം. ആയതിനാൽ കൂടുതൽ പരിശോധനകൾക്കായി ഒരു ന്യൂറോളജിസ്റ്റിന്റെയും, വിഷാദലക്ഷണങ്ങൾ നിലനിൽക്കുന്നു എങ്കിൽ ഒരു സൈക്യാട്രിസ്റ്റിന്റെയും സഹായം തേടുക.
പേടി കിട്ടിയതുകൊണ്ടു ദുഃസ്വപ്നങ്ങൾ കാണുകയും ഇങ്ങനെയൊക്കെ പെരുമാറുകയും ചെയ്യുന്നത് എന്ന് കരുതുന്നത് അബദ്ധമാണ്. തലച്ചോറിലെ കോശശൃംഖലകളിൽ ഉണ്ടാകുന്ന തകരാറും രാസവ്യതിയാനങ്ങളുമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.