വായ നോക്കിയാൽ അറിയാം നിങ്ങളുടെ ആരോഗ്യം!
Mail This Article
നിങ്ങളുടെ വായും തലച്ചോറിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടോ? വായ്പൊളിക്കാൻ വരട്ടെ. ഉണ്ടെന്നാണ് ജേണൽ ഓഫ് ഇന്ത്യൻ സൊസൈറ്റി ഓഫ് പെരിയോഡോന്റോളോജിയില്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ റിപ്പോർട്ട് അവകാശപ്പെടുന്നത്.
മുഖം മനസ്സിന്റെ കണ്ണാടി എന്നു പറയുംപോലെതന്നെ ഒരാളുടെ വായ് കണ്ടാൽ അറിയാം അയാളുടെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയും വൃത്തിയും. ഓറൽ ഹെൽത്ത് വളറെ പ്രധാനമായ സൂചകമായാണ് ആധുനിക വൈദ്യശാസ്ത്രം പരിഗണിക്കുന്നത്.
∙ മോണകൾക്കുണ്ടാകുന്ന രോഗങ്ങളും പല്ലുകളുടെ ആരോഗ്യമില്ലായ്മയും നിസ്സാരമായി തള്ളിക്കളയരുതെന്ന് ദന്തഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഇത് ഭാവിയിൽ സ്ട്രോക്കിനു വരെ കാരണമായേക്കാം. പല്ലുകളുടെ വേരും തലച്ചോറിലേക്കുള്ള നാഡികളും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട് പല്ലിന് തുടർച്ചയായുണ്ടാകുന്ന കേടുകൾ ഗൗരവത്തിൽ കാണണം.
∙ മോണകൾക്ക് തുടർച്ചയായി നീർവീക്കവും പഴുപ്പും അനുഭവപ്പെടുന്ന രോഗികൾക്ക് ഭാവിയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ പിടിപെടുന്നതിനുള്ള സാധ്യത മറ്റുള്ളവരേക്കാൾ 20 ശതമാനം കൂടുതൽ ആണത്രേ.
∙ ദന്താരോഗ്യം തകരാറിലായവർക്ക് ഭാവിയിൽ ഓർമശക്തിയും ചിന്താശക്തിയുമായി ബന്ധപ്പെട്ട ശേഷികൾ നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. യുക്തിപൂർവം കാര്യങ്ങൾ വിശകലനം ചെയ്തു തീരുമാനമെടുക്കുന്നതിനും പെട്ടെന്നു പ്രതികരിക്കുന്നതിനുമുള്ള ശേഷിയും ഇവർക്ക് കുറഞ്ഞുവന്നേക്കാം.
∙ മറ്റു രോഗങ്ങൾക്കെന്നപോലെ ഇൻഷുറൻസ് പരിരക്ഷ ദന്തസംബന്ധമായ രോഗങ്ങൾക്ക് അധികം ഇല്ലാത്തതാണ് ആളുകൾ പല്ലുകളുടെ ആരോഗ്യപ്രശ്നത്തെ നിസ്സാരമായി കാണുന്നതിനു പിന്നിലുള്ള ഒരു കാരണം. ഈ അലംഭാവം മാറ്റി എത്രയും വേഗം ഒരു ദന്ത ഡോക്ടറെ പോയി കണ്ടോളൂ. വൈകേണ്ട.