കുഞ്ഞരിപ്പല്ലുകൾ വരാൻ താമസിക്കുന്നതെന്തേ?
Mail This Article
ഒരു കുഞ്ഞു പിറന്നു വീണാൽ അതിന്റെ വളർച്ചയുടെ ഓരോ ഘട്ടവും ആകാംക്ഷയോടെ വീക്ഷിക്കുന്നവരാണ് മാതാപിതാക്കൾ. ആദ്യത്തെ കുഞ്ഞരിപ്പല്ലു വളരാൻ തുടങ്ങുമ്പോഴേ ആശങ്കകളും ഒപ്പം വളരാൻ തുടങ്ങും. ഈ കുഞ്ഞരിപ്പല്ലുകൾ കേടുകൂടാതെ എങ്ങനെ സംരക്ഷിക്കും എന്നതാണ് പ്രധാന അശങ്ക. എന്നാൽ ചില കുഞ്ഞുങ്ങളിലാകട്ടെ വളരെ താമസിച്ചാകും ആദ്യപല്ല് പ്രത്യക്ഷപ്പെടുന്നത്. പല്ലു വരാൻ താമസിക്കുന്നത് മാതാപിതാക്കളിലും പലപ്പോഴും സംശയങ്ങൾ സൃഷ്ടിക്കാറുണ്ട്.
എന്നാൽ ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ പല്ലുകൾ അവ സാധാരണ മുളയ്ക്കേണ്ട പ്രായത്തിനെക്കാൾ രണ്ടു മുതൽ നാലു മാസം വരെ നേരത്തെയോ താമസിച്ചോ മുളയ്ക്കുന്നത് പ്രശ്നമായി കാണേണ്ടതില്ല. പക്ഷേ, മറ്റു പല കാരണങ്ങളാലും പല്ലുകൾ സമയക്രമം പാലിക്കാതെ നേരത്തേ മുളയ്ക്കുകയോ മുളയ്ക്കാതിരിക്കുകയോ ചെയ്യാം.
പല്ലിന്റെ മുകുളംതന്നെ രൂപപ്പെടാതിരിക്കുക, ഡൗൺ സിൻഡ്രോം തുടങ്ങിയ ജനിതക രോഗങ്ങൾ, തൈറോയ്ഡ് ഹോർമോണിന്റെ അളവു കുറവ്, ഓസ്റ്റിയോപെട്രോസിസ് എന്ന എല്ലുകളെ ബാധിക്കുന്ന രോഗം, മോണയ്ക്കകത്തുണ്ടാവുന്ന സിസ്റ്റുകൾ, പാരമ്പര്യമായി മോണയ്ക്കു കട്ടി കൂടിയിരിക്കുക, സമയത്തിനു പൊഴിഞ്ഞു പോകാത്ത പാൽപ്പല്ലുകൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടു പല്ലുകൾ മുളയ്ക്കാൻ താമസം ഉണ്ടാകാറുണ്ട്.
ആദ്യത്തെ പല്ലു വന്നാൽ ഉടൻ മൃദുവായ ബ്രഷ് ഉപയോഗിച്ച് പല്ലു വൃത്തിയാക്കി തുടങ്ങണം. രണ്ടു വയസ്സുവരെ നേർത്ത പാടയുടെ അത്രയേ പേസ്റ്റ് ഉപയോഗിക്കാവൂ.