ADVERTISEMENT

നമ്മുടെ ദൈനംദിന ശീലങ്ങളിൽ അതിപ്രധാനമാണ് ടൂത്ത് ബ്രഷ്. തേഞ്ഞു തേഞ്ഞു തീരാം, മോഡലുകൾ മിന്നിമറിയാം. എങ്കിലും ഒരുകാര്യം ഉറപ്പിച്ചുപറയാനാവും, ഭൂമിയിൽ മനുഷ്യനുള്ള കാലത്തോളം കാണും അതിന്റെ ആയുസ്സ്.

പല്ല് ശുചീകരിക്കാനായി മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ ഉപകരണമല്ല ബ്രഷ്. 5,000 വർഷങ്ങൾക്കു മുമ്പ് പ്രാചീന ഈജിപ്തുകാർ വായ വൃത്തിയാക്കാൻ ചിലയിനം കുറ്റിച്ചെടികളുടെ കമ്പുകൾ ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു. പിന്നീട്‌ ചൈനയിലും ഭാരതത്തിലുമൊക്കെ പല രീതിയിലുള്ള 'ടൂത്ത് സ്റ്റിക്കുകൾ' ഉപയോഗിക്കാൻ തുടങ്ങി.

എന്നാൽ ഇന്നു കാണുന്ന നാരുകളുള്ള ടൂത്ത് ബ്രഷുകൾ (ബ്രിസിലുകൾ) ആദ്യമായി ഉപയോഗിച്ചത് പതിനൊന്നാം നൂറ്റാണ്ടിൽ ചൈനക്കാരാണ്. 1780ൽ ബ്രിട്ടിഷ് പൗരനായ വില്യം ആഡിസ് പ്രത്യേകതരം ടൂത്ത് ബ്രഷ് രൂപകൽപ്പന ചെയ്തു. എല്ലിൻ കഷണത്തിൻമേൽ മൃഗരോമങ്ങൾ വച്ചുപിടിപ്പിച്ചൊരു കിടിലൻ ബ്രഷ്. പിന്നീട് മരവും ലോഹവുമൊക്കെ ഉപയോഗിച്ചുള്ള ടൂത്ത് ബ്രഷുകൾ രംഗത്തെത്തി.

10 ചോദ്യങ്ങൾ; ട്രൂത്ത് ആയ ഉത്തരങ്ങൾ

1. ശരിയായ ബ്രഷ് എങ്ങനെ തിരഞ്ഞെടുക്കും?

വ്യാസം അനുസരിച്ച് മൃദുവായതും (Soft), ഇടത്തരവും (Medium), കട്ടി കൂടിയതും (Hard) വിപണിയിൽ ലഭ്യമാണ്. നിത്യേനയുള്ള ഉപയോഗത്തിന് ഇടത്തരമാണ് ഉചിതം. പല്ലിന് പുളിപ്പുള്ളവർ, മോണരോഗ ശസ്ത്രക്രിയ കഴിഞ്ഞവർ, മോണ പിൻവാങ്ങി വേരിന്റെ ഭാഗം തെളിഞ്ഞുകാണുന്നവർ എന്നിവരൊക്കെ മൃദുവായ ബ്രഷ് വേണം ഉപയോഗിക്കാൻ. കൃത്രിമദന്തങ്ങൾ വൃത്തിയാക്കാൻ ഹാർഡ് ബ്രഷ് ഉപയോഗിക്കാം.

2. വളയുന്നവ, വളയാത്തവ... ഇതിൽ ഏതു ബ്രഷാണ് ഉചിതം ?

ബ്രഷിന്റെ കഴുത്തുഭാഗം മുതൽ വളയുന്ന ഫ്ളക്സിബിൾ ടൈപ്പാണ് ഉചിതം. ഇവ കൂടുതൽ സ്ഥലങ്ങളിലേക്ക് കടന്നുചെന്ന് അഴുക്ക് പരമാവധി നീക്കം ചെയ്യും

3. പവേർഡ് അഥവാ ബാറ്ററി ഓപറേറ്റഡ് ബ്രഷ് ആർക്കൊക്കെ ഉപയോഗിക്കാം ?

കിടപ്പുരോഗികളെയും വയോജനങ്ങളെയും കൂട്ടിരിപ്പുകാർ ബ്രഷ് ചെയ്യിക്കുമ്പോൾ, കൈക്ക് സ്വാധീനക്കുറവ് ഉള്ളവർക്ക്, നാഡീസംബന്ധമായ തകരാർ കാരണം കൈകാൽ ചലനങ്ങൾ അപാകതയുള്ളവർക്ക്.

4. കുട്ടികൾ ഏത് ബ്രഷ് ഉപയോഗിക്കണം ?

അവർക്കായി പ്രത്യേകം ബ്രഷുകൾ വിപണിയിൽ ലഭ്യമാണ്. രണ്ടു വയസ്സുവരെ അമ്മയുടെ കൈയിൽ ഘടിപ്പിക്കാവുന്ന വിരൽ ബ്രഷുകൾ ഉപയോഗിക്കാം. ചവച്ചിട്ടു തുപ്പാവുന്ന തരം നൂതനമായ ച്യൂയബിൾ ബ്രഷുകളും ലഭ്യമാണ്.

5. ബ്രഷ് എപ്പോൾ മാറ്റണം ?

ബ്രിസിലുകളിലെ നാരുകൾ പൊങ്ങിത്തുടങ്ങുമ്പോൾ. അല്ലെങ്കിൽ ആറു മുതൽ എട്ടാഴ്ച വരെ കാലപരിധി കഴിയുമ്പോൾ.

6. എങ്ങനെ ബ്രഷ് ചെയ്യണം ?

മോണയ്ക്ക് 45 ഡിഗ്രി ചരിച്ചുവച്ച് മേൽത്താടിയിലെ പല്ലുകൾ മുകളിൽനിന്ന് താഴേക്കും കീഴ്ത്താടിയിലെ പല്ലുകൾ താഴെനിന്ന് മുകളിലേക്കും ബ്രഷ് ചെയ്യണം. കടിക്കുന്ന പ്രതലം വൃത്താകൃതിയിൽ ബ്രഷ് ചെയ്യണം. മുൻനിര പല്ലുകളുടെ ഉൾഭാഗം ബ്രഷ് നെടുകെവച്ച് മേൽപ്പോട്ടും താഴേക്കും ബ്രഷ് ചെയ്യണം.

7. എത്ര സമയം ബ്രഷ് ചെയ്യണം ?

രാവിലെയും രാത്രിയും മൂന്നു മിനിറ്റ് വീതം.

8. ബ്രഷിൽ നിറയെ പേസ്റ്റ് എടുക്കണോ ?

ബ്രിസിലുകൾക്കുള്ളിൽ വേണം പേസ്റ്റ് വയ്ക്കാൻ. അല്ലാതെ മുകൾഭാഗത്തല്ല. ഇത് പ്രതലഘർഷണം കൂട്ടി കൂടുതൽ നന്നായി അഴുക്ക് കളയാൻ സഹായിക്കും.

9. ബ്രഷ് എങ്ങനെ സൂക്ഷിക്കണം ?

ഉപയോഗത്തിനു ശേഷം കഴുകി വെള്ളം നന്നായി കുടഞ്ഞ് ഹോൾഡറിലോ കപ്പിലോ നിവർത്തി നിർത്തിവയ്ക്കുക. പരന്ന പ്രതലത്തിൽ വയ്ക്കരുത്. അല്ലാത്തപക്ഷം വെള്ളം ഉളളിലിറങ്ങി ആ ഈർപ്പത്തിൽ അണുക്കൾ വളരും. കൂടാതെ, മൂടിവച്ച് അടയ്ക്കരുത്. ഇത് ഈർപ്പം കൂടി അണുബാധ ഉണ്ടാക്കും. ടോയ്‌ലറ്റിൽനിന്ന് കഴിവതും ആറടിയെങ്കിലും ദൂരെ ബ്രഷ് മാറ്റിവയ്ക്കുക. പല്ലിയും പാറ്റയും ചെറുപ്രാണികളും നക്കാത്ത തരത്തിൽ ഉയർന്ന അടച്ചുറപ്പുള്ള ഭാഗത്ത് ഹോൾഡർ/ കപ്പ് വച്ച് നെടുകെ നിർത്തുന്നതാണ് ഉചിതം. എല്ലാ ദിവസവും ഉപയോഗിക്കും മുമ്പ് ചെറു ചൂടുവെള്ളത്തിൽ ബ്രഷ് കഴുകാം. മറ്റൊരാളുടെ ബ്രഷ് ഒരിക്കലും ഉപയോഗിക്കരുത്.

10. എപ്പോഴെങ്കിലും ബ്രഷിങ് വൈകിപ്പിക്കണോ ?

പഴച്ചാറുകളോ അമ്ലസ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകൾ, സോഡ, നാരങ്ങാവെള്ളം, അച്ചാർ തുടങ്ങിയവയോ ഉപയോഗിച്ച് കുറഞ്ഞത് ഒരു മണിക്കൂർ നേരത്തേക്ക് ബ്രഷ് ചെയ്യരുത്. ഇത് ധാതുക്ഷയത്തിന് പുറമെ പല്ല് അതിവേഗം ദ്രവിക്കാനും കാരണമാവും.

English Summary : Things To Consider With Toothbrush Use and Dental Health Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com