കുഞ്ഞാവയുടെ ചർമത്തിനു നൽകാം, ചില സൗന്ദര്യക്കൂട്ടുകൾ
Mail This Article
തുടക്കം നന്നായാൽ പാതി നന്നായി എന്നു പറയാറില്ലേ. കുഞ്ഞുങ്ങളുടെ ചർമത്തിന്റെ കാര്യത്തിലും ഇതു ശരിയാണ്. ചെറുപ്പത്തിലേ നന്നായി പരിചരിച്ചാൽ പിന്നീടങ്ങോട്ടും ചർമത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താം. കുഞ്ഞിന്റെ ചർമം തിളങ്ങാൻ ചില നുറുങ്ങുകൾ ഇതാ.
∙ എണ്ണ തേയ്ക്കാം
ചൂടാക്കിയ ഒലീവ് ഓയിൽ, ബദാം ഓയില്‍ അല്ലെങ്കിൽ വെളിച്ചെണ്ണ കുഞ്ഞിന്റെ ദേഹത്തു തടവുക. ഇത് ചർമം സംരക്ഷിക്കും.
∙ വീട്ടിൽ തയാറാക്കാം ഈ ബോഡി പായ്ക്ക്
ചർമത്തിന്റെ ആരോഗ്യത്തിനും അണുബാധകളിൽനിന്നു സംരക്ഷണമേകാനും ബോഡി മാസ്കുകൾ നല്ലതാണ്. ചന്ദനം, മഞ്ഞൾ, കുങ്കുമം ഇവ ചേർത്ത് കുഞ്ഞിന്റെ ശരീരത്തിൽ പുരട്ടി പത്തു മിനിറ്റിനു ശേഷം നനഞ്ഞ കോട്ടൺ തുണി കൊണ്ട് തുടച്ചു കളയാം. ഇത് ചർമത്തിലെ അഴുക്കെല്ലാം നീക്കി തിളക്കമേകും.
∙ കുളിപ്പിക്കാം ഇളം ചൂടുവെള്ളത്തിൽ
കുഞ്ഞിനെ കുളിപ്പിക്കാനുള്ള വെള്ളത്തിന്റെ ചൂട് ചർമത്തിന്റെ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. വെള്ളം കൂടുതൽ ചൂടുള്ളതോ തണുത്തതോ ആകാതെ ശ്രദ്ധിക്കണം. ചൂട് കൂടിയാൽ അത് കുഞ്ഞിന്റെ ലോലചർമത്തെ വരണ്ടതാക്കും.
∙ സോപ്പ് വേണ്ട
ബേബി സോപ്പുകൾ ഒന്നും കുഞ്ഞാവയ്ക്ക് വേണ്ട. അവ ചർമത്തെ വരണ്ടതാക്കും. പകരം പയറുപൊടി തേച്ച് കുളിപ്പിക്കാം.
∙ നൽകാം പഴങ്ങൾ
അതാതു കാലത്ത് ലഭ്യമായ പഴങ്ങൾ കുഞ്ഞിനു നൽകാം. നാരുകളും പോഷകങ്ങളും നിറഞ്ഞ പഴങ്ങൾ കുഞ്ഞിന്റെ ശരീരത്തെ ആരോഗ്യമുള്ളതാക്കും.
∙ വെള്ളം
കുഞ്ഞിനു വെള്ളം കൊടുക്കാം. വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കാൻ സഹായിക്കും.
∙ വെയിൽ കായാം
സൂര്യപ്രകാശം ഊർജത്തിന്റെ ഉറവിടമാണ്. രാവിലെ അല്പസമയം കുഞ്ഞിനെ വെയിലു കൊള്ളിക്കാം. കുഞ്ഞിന്റെ ചർമത്തിന് ഇതു നല്ലതാണ്. സൂര്യപ്രകാശത്തിൽനിന്നു ലഭിക്കുന്ന ജീവകം ഡി, ചർമത്തെ അണുബാധകളിൽനിന്നും രോഗങ്ങളിൽനിന്നും രക്ഷിക്കും.
∙ ബോഡി സ്ക്രബ്
ചർമത്തെ മൃദുവും ആരോഗ്യമുള്ളതുമാക്കാൻ ആഴ്ചയിൽ ഒരിക്കലെങ്കിലും കടലപ്പൊടിയും പനിനീരും ചേർത്ത് കുഞ്ഞിന്റെ ദേഹത്ത് പുരട്ടാം. ഇത് രക്തചംക്രമണം വർധിപ്പിക്കും.
∙ ബേബി വൈബ്സ്
ഭക്ഷണം കഴിക്കുന്നതുൾപ്പെടെ എല്ലാം കുട്ടികൾക്കു കളിയാണ്. കുഞ്ഞിന്റെ ദേഹം വൃത്തിയാക്കാൻ ഗ്ലിസറിൻ അടങ്ങിയ ബേബി വൈബ്സ് ഉപയോഗിക്കാം.
ഈ പൊടിക്കൈകൾ കുഞ്ഞിന്റെ ചർമത്തെ ആരോഗ്യവും തിളക്കവുമുള്ളതാക്കും.
ഇവ മനസ്സിൽ വയ്ക്കാം
∙കുഞ്ഞിന്റെ ചർമം മൃദുവാണ്. ഉരയ്ക്കാനോ അമർത്താനോ പാടില്ല.
∙കുഞ്ഞിന്റെ ശരീരത്തിൽ നനവ് പാടില്ല. വൃത്തിയുള്ള മൃദുവായ തുണികൊണ്ട് തുടച്ച് വൃത്തിയാക്കുക.
∙മുതിർന്നവരുടെ ഒരുൽപന്നവും കുഞ്ഞിന്റെ ചർമത്തിൽ ഉപയോഗിക്കരുത്.
∙കാലാവസ്ഥ അനുസരിച്ച് കുഞ്ഞിന്റെ ചർമപരിപാലനം വ്യത്യാസപ്പെടുത്താം.
∙വൃത്തിയുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ കുഞ്ഞിനെ ധരിപ്പിക്കണം.
English Summary: Tips to make your baby's skin glow