കുട്ടികൾ അപകടത്തിൽ പെടാവുന്ന സാഹചര്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
Mail This Article
കുട്ടികൾക്കുണ്ടാകുന്ന ചെറിയ വേദന പോലും മറ്റുള്ളവരിൽ നൊമ്പരമുണ്ടാക്കും; വലിയ അപകടമോ ദുരന്തമോ തരുന്നതു തീരാദുഃഖവും. നിസ്സാര കാരണമോ ഒരു നിമിഷത്തെ ശ്രദ്ധമാറലോ ആവാം പലപ്പോഴും കുട്ടികളെ അപകടത്തിലാക്കുന്നത്. ആലപ്പുഴ ചാത്തനാട്ട് 9 മാസം പ്രായമുള്ള കുഞ്ഞ് കാർ ഇടിച്ചു മരിച്ച വാർത്ത കുട്ടികളുടെ സുരക്ഷയെപ്പറ്റി വീണ്ടും ചിന്തിപ്പിക്കുന്നു.
കുട്ടികൾ അപകടത്തിൽ പെടാവുന്ന സാഹചര്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്നു വിദഗ്ധർ പറയുന്നു.
റോഡ്
വീടിനു തൊട്ടടുത്തു റോഡുണ്ടെങ്കിൽ ഏറെ ശ്രദ്ധിക്കണം. ഒരു നിമിഷം ശ്രദ്ധ മാറിയാൽ കുഞ്ഞുങ്ങൾ റോഡിൽ ഇറങ്ങാം. കുട്ടികളുള്ള വീടിന്റെ പടിക്കൽ മുൻപ് ചെറിയ വേലി കെട്ടി, കുട്ടി വഴിയിലിറങ്ങുന്നത് ഒഴിവാക്കുമായിരുന്നു. ഇന്നു പലയിടത്തും അത്തരം ശ്രദ്ധയില്ല. ഗേറ്റുണ്ടെങ്കിൽ നിർബന്ധമായും അടച്ചിടണം. ഒരിക്കലും കുട്ടികളെ തനിച്ചാക്കരുത്.
ഭക്ഷണം
വിഷക്കായയുള്ള മരങ്ങൾക്കു സമീപം കുട്ടികൾ നിൽക്കുന്നതു കണ്ടിട്ടുണ്ട്. പലപ്പോഴും കായ്കൾ അവരുടെ കയ്യെത്തും ഉയരത്തിലാകും. തെറ്റിദ്ധരിച്ചു കുട്ടികൾ വിഷക്കായ കഴിക്കാനുള്ള സാധ്യത കുറവല്ല.
ചെറിയ വസ്തുക്കൾ കുട്ടികൾ വായിലിടും. അടുത്തിടെ കേട്ട സംഭവം: റംബുട്ടാൻ പഴത്തിന്റെ തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ചു. ഇത്തരം വലിയ കുരുവുള്ള പഴങ്ങൾ കുട്ടികൾക്കു കൊടുക്കരുത്. കപ്പലണ്ടി പോലും തീരെ ചെറിയ കുട്ടികൾക്ക് എന്തിനാണു കൊടുക്കുന്നത് ?
ലോലിപോപ് കൊടുക്കുമ്പോഴും ശ്രദ്ധിക്കണം. മിഠായി തിന്നുമ്പോൾ അതിനൊപ്പമുള്ള പ്ലാസ്റ്റിക് ദണ്ഡ് അബദ്ധത്തിൽ തൊണ്ടയിലേക്കു തെന്നിപ്പോകാം. ബബ്‌ൾ ഗമ്മാണു മറ്റൊരു അപകട സാധ്യത. അതു തൊണ്ടയിലൊട്ടി മുതിർന്നവർ പോലും മരിച്ചിട്ടുണ്ട്.
വെള്ളം / തീ / വൈദ്യുതി
കുട്ടനാട് പോലെ ജലാശയങ്ങൾ ഏറെയുള്ള സ്ഥലങ്ങളിൽ തീരെ ചെറിയ കുട്ടികളെ വെള്ളക്കെട്ടുകൾക്കു സമീപത്തേക്കു വിടാതിരിക്കുക. ചെറിയൊരു അശ്രദ്ധ കൊണ്ടുപോലും അപകടമുണ്ടാകാം. ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞുങ്ങളെ ഒറ്റയ്ക്കു കളിക്കാൻ വിടരുത്.
വിളക്കോ മെഴുകുതിരിയോ കത്തിച്ചു വയ്ക്കുമ്പോൾ കുട്ടി അതിനടുത്തു പോകാതെ ശ്രദ്ധിക്കണം.
കുട്ടികളുടെ കയ്യെത്തുന്ന ഉയരത്തിൽ പ്ലഗ് പോയിന്റും മറ്റും സ്ഥാപിക്കരുത്.
വാട്ടർ ഹീറ്ററും കോയിലും മറ്റും കുറ്റമറ്റതായിരിക്കണം. ഉപകരണത്തിനു തകരാറുണ്ടെങ്കിൽ വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിക്കാം.
ഇസ്തിരിപ്പെട്ടി, ഫ്രിജ് തുടങ്ങിയവയ്ക്കും തകരാറില്ലെന്ന് ഉറപ്പാക്കണം. ചൂടായ ഇസ്തിരിപ്പെട്ടി കുട്ടികൾക്കു കയ്യെത്തുന്ന സ്ഥലത്തു വയ്ക്കരുത്.
കളിപ്പാട്ടങ്ങൾ
കളിപ്പാട്ടങ്ങളും ശ്രദ്ധിക്കണം. ചില കളിപ്പാട്ടങ്ങളുടെ നിറം ഈയം കലർന്നതാണ്. അതു വിഷമാണ്.
മൂർച്ചയുള്ള വസ്തുക്കൾ കളിക്കാൻ കൊടുക്കരുത്. കുട്ടികൾ വായിലിടാൻ സാധ്യതയുള്ള വസ്തുവാണു താക്കോൽ. ഒന്നു തട്ടിയാൽ അതു വായ്ക്കുള്ളിലോ തൊണ്ടയിലോ തറച്ചു കയറാം.
ബട്ടൻ രൂപത്തിലുള്ള ബാറ്ററി ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ ഒഴിവാക്കണം. ബാറ്ററി വിഴുങ്ങിയ ഒട്ടേറെ സംഭവങ്ങളുണ്ട്. ആന്തരാവയവങ്ങളിൽ ദ്വാരമുണ്ടാക്കുന്ന രാസവസ്തുക്കൾ ബാറ്ററിയിലുണ്ട്. അതിനാൽ അതു സ്വയം പുറത്തു പോകട്ടെ എന്നു തീരുമാനിക്കാനാവില്ല.
പെൻസിലോ പേനയോ കൊടുത്താലും അപകടമാണ്. കുട്ടി കൈകാര്യം ചെയ്യുമ്പോൾ കണ്ണിൽ കൊള്ളാൻ സാധ്യതയുണ്ട്.
വാഹനങ്ങൾ
ടൂവീലറിൽ, ഓടിക്കുന്നയാൾക്കും പിന്നിലിരിക്കുന്നയാൾക്കും (പലപ്പോഴും ഇതു മാതാപിതാക്കൾ തന്നെ) ഇടയിൽ കുട്ടിയെ നിർത്തി കൊണ്ടുപോകുന്നതു മിക്കയിടത്തും കാണാം. വലിയ അപകടമാണത്.
കുട്ടികൾക്കു സൈക്കിൾ വാങ്ങി നൽകുമ്പോൾ ശ്രദ്ധിക്കണം. ഇടവഴിയിൽനിന്നു ശ്രദ്ധിക്കാതെ വലിയ റോഡിലേക്കു കയറുന്നത് അപകടമുണ്ടാക്കും.
മരുന്നുകൾ / രാസവസ്തുക്കൾ
വീട്ടിൽ മരുന്നുകൾ സൂക്ഷിക്കുന്നതു കുട്ടികളുടെ കൈ അകലത്തിലാകരുത്. മുതിർന്നവരുടെ മരുന്നുകൾ അബദ്ധത്തിൽ കഴിച്ച് ഗുരുതരാവസ്ഥയിൽ കുട്ടികളെ ആശുപത്രിയിലെത്തിച്ച ഒട്ടേറെ സംഭവങ്ങളുണ്ട്.
മണ്ണെണ്ണ, ദ്രവ സോപ്പ്, തിന്നർ, വിനാഗിരി തുടങ്ങിയവ കുട്ടികൾ കുടിച്ച സംഭവങ്ങളും ഏറെയുണ്ട്. ചില വീടുകളിൽ വിനാഗിരി സൂക്ഷിക്കുന്നതു വെള്ളത്തിന്റെ കുപ്പിയിലാവും. ഇതു കുട്ടികളെ അപകടത്തിലാക്കാം.
മധുരമുള്ള സിറപ്പ് അമിതമായി കുടിച്ച് അപകട നിലയിലായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ശുചീകരണത്തിനുള്ള രാസവസ്തുക്കളും ദ്രാവകങ്ങളും കുട്ടികൾക്ക് എടുക്കാൻ പാകത്തിനു വയ്ക്കരുത്.
കുട്ടിയുടെ കരച്ചിൽ നിർത്താൻ നാണയം കൊടുക്കുന്നവരുണ്ട്. ഒരു നിമിഷം ശ്രദ്ധ മാറിയാൽ കുട്ടി അതു വായിലിടാൻ സാധ്യതയുണ്ട്. മരുന്നുകുപ്പിയുടെയും മറ്റും അടപ്പു നൽകുന്നവരുമുണ്ട്. മരുന്ന് അളന്നെടുക്കുന്ന ചെറിയ പാത്രവും അപകടമുണ്ടാക്കാം. കുട്ടിയെ തനിയെ മരുന്നു കുടിക്കാൻ അനുവദിക്കരുത്.
ശ്രദ്ധിക്കണം, ഈ കാര്യങ്ങളും
∙ ഉറങ്ങുമ്പോഴും കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കണം. തൊട്ടിലിൽ ഉറങ്ങുന്ന കുട്ടി ഇടയ്ക്ക് ഉണർന്നു തനിയെ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ട്.
∙ ടിവി സ്റ്റാൻഡ് പോലും അപകടമുണ്ടാക്കാം. സ്റ്റാൻഡിന്റെ താഴത്തെ തട്ടിൽ ചവിട്ടി കയറാൻ ശ്രമിച്ച കുട്ടിയുടെമേൽ ടിവി വീണു മരണം സംഭവിച്ചിട്ടുണ്ട്.
∙ മുതിർന്ന കുട്ടികളെ അനുകരിച്ചു കൊച്ചുകുട്ടികൾ ഗോവണിയുടെ കൈവരിയിലൂടെ നിരങ്ങാതെ നോക്കണം.
∙ വീട്ടിലെ പാത്രങ്ങൾ കുട്ടി കൈകാര്യം ചെയ്യുമ്പോൾ പോലും ശ്രദ്ധിക്കണം. ഇഡ്ഡലിത്തട്ടിന്റെ സുഷിരത്തിൽ കുട്ടിയുടെ വിരൽ കുടുങ്ങിയ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
∙ കുട്ടികളെ മോതിരം അണിയിക്കാതിരിക്കുന്നതാണു നല്ലത്. മോതിരം കടിക്കുമ്പോൾ അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങാൻ സാധ്യതയുണ്ട്.
∙ അടുപ്പിലോ സമീപത്തോ ചൂടുവെള്ളമോ ചൂടുള്ള ഭക്ഷണമോ ഉള്ളപ്പോൾ കുട്ടിയെ അവിടെ നിർത്തി പോകരുത്.
∙ കയറും മറ്റും അലക്ഷ്യമായി ഇടരുത്.
വിവരങ്ങൾക്കു കടപ്പാട്:
കെ. ആർ അഭിലാഷ്
(തൃശൂർ ജില്ലാ ഫയർ ഓഫീസർ)
ഡോ. വി. ശാന്തി
(കൺസൽറ്റന്റ് പീഡിയാട്രിഷ്യൻ, ആലപ്പുഴ ജനറൽ ആശുപത്രി)
English Summary: Child care tips