ADVERTISEMENT

ശാപ്പാട്ടുരാമന്റെ കഥ കേട്ടിട്ടില്ലേ? നല്ല തൂശനിലയിൽ തുമ്പപ്പൂച്ചോറ് നെയ്യും പരിപ്പും സാമ്പാറും മറ്റും ഒഴിച്ചു കുഴച്ചുരുട്ടി കഴിക്കുന്നതിന്റെ ചിത്രം ഓർമിക്കുന്നില്ലേ. ഈ ശാപ്പാട്ടുരാമൻ പറഞ്ഞുവയ്ക്കുന്ന ഒരു സന്ദേശമുണ്ട്. ഭക്ഷണം ആസ്വദിച്ചു കഴിക്കണം എന്നുള്ളതാണത്. അതിന് സ്വന്തം കൈകൊണ്ട് വാരിത്തന്നെ കഴിക്കണമത്രേ. ഇന്നത്തെ യുവതലമുറ ഭക്ഷണവിഭവങ്ങൾ കത്തിയും ഫോർക്കും മറ്റും ഉപയോഗിച്ചല്ലേ കഴിക്കുന്നത്. കാഴ്ചയിൽ പരിഷ്കാരമില്ലെന്നു  തോന്നുമെങ്കിലും നമ്മുടെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കാനും ഭക്ഷണം കൂടുതൽ ആസ്വാദ്യമായി കഴിക്കുന്നതിനും കൈകൊണ്ട് കുഴച്ചുരുട്ടി കഴിക്കുന്നതാണ് നല്ലത്. 

എല്ലാ ഭക്ഷണവും ഇതിനു സാധിക്കില്ലായിരിക്കാം. എങ്കിലും കഴിയുന്നത്ര വിഭവങ്ങൾ കൈകൊണ്ട് തൊട്ട് അതിന്റെ ചൂടും തണുപ്പു മാർദവവും അറിഞ്ഞ് സാവധാനം ചവച്ചരച്ച് കഴിക്കണം. ഇങ്ങനെ കഴിക്കുമ്പോൾ അവയ്ക്കു രുചി കൂടുതൽ തോന്നുമെന്നു മാത്രമല്ല, വയർ അറിഞ്ഞു കഴിക്കുന്നതിനും സാധിക്കും. സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദഗ്ധരാണ് ആഹാരവും കൈകളും തമ്മിലുള്ള രുചിബന്ധം സംബന്ധിച്ച പഠനം നടത്തിയത്. അമിതമായ ചിട്ടയോടെ ഭക്ഷണം നിയന്ത്രിച്ചുമാത്രം കഴിക്കുന്നവരെയാണ് ഇവർ പഠനത്തിനും നിരീക്ഷണത്തിനും തിരഞ്ഞെടുത്തത്. 

കത്തിയും സ്പൂണും ഫോർക്കും ഉപയോഗിക്കുമ്പോൾ ആഹാരം കഴിക്കുന്നത് കേവലം യാന്ത്രികമായ പ്രക്രിയയായി മാറുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാൽ വിരലുകൾ കൊണ്ട് ഭക്ഷണം തൊട്ടറിയുമ്പോൾ തന്നെ നാവിൽ അത് കഴിക്കാനും ആസ്വദിക്കാനുമുള്ള ഉൾപ്രേരണ തോന്നുകയായി. വളരെ ഭക്ഷണപ്രിയരായ ആളുകളെ സംബന്ധിച്ചിടത്തോളം ഇതു ശരിയാകണമെന്നില്ലെന്നും ഗവേഷകർ പറയുന്നു. മിതമായ അളവിൽ കഴിക്കുന്നവർക്കാണ് ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ സാധിക്കുക. 

അമിതമായി സ്വയം നിയന്ത്രണം ഏർപ്പെടുത്തുന്നവർക്കും ഭക്ഷണത്തിനു രുചി തോന്നുന്നില്ലെന്നു പതിവായി പരാതി പറയുന്നവർക്കും ഈ രീതി പരീക്ഷിക്കാവുന്നതാണ്. ഗവേഷകർ ഡയറക്ട് ടച്ച്, ഇൻഡറക്ട് ടച്ച് എന്നിങ്ങനെയാണ് രണ്ടു തരം ആഹാരരീതികളെയും സൂചിപ്പിക്കുന്നത്. മലയാളികൾക്ക് ഏറ്റവും മനസ്സിലാകുന്ന ഉദാഹരണം പറയാം. കഞ്ഞിയും കടുമാങ്ങ അച്ചാറും ഇത്തിരി മുളകു പൊട്ടിച്ചതും കൂടി ഞെരടി ഞെരടി കഴിക്കുന്നതിന്റെ സുഖം സ്പൂൺ കൊണ്ട് കോരിക്കുടിച്ചാൽ ഉണ്ടാകുമോ? അപ്പോ സായിപ്പ് പറയുന്നതിൽ കാര്യമില്ലാതില്ല.

English Summary: Do you eat with a spoon or fork?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com