ADVERTISEMENT
കോവിഡ് രോഗവ്യാപനത്തെ തുടർന്ന് രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. ദിനചര്യകളിൽ പെട്ടെന്നുണ്ടായ മാറ്റവുമായി  പെരുത്തപ്പെടാൻ ആണ് നാം ഈ സാഹചര്യത്തിൽ തയ്യാറാകേണ്ടത്. കവലകളിലും ഷോപ്പിങ് മാളുകളിലും മാർക്കറ്റിലും ഓഫിസുകളിലും ബാറുകളിലും സുഹൃത്തുക്കളോടൊപ്പവുമൊക്കെയാണ് നാം സമയം ചെലവിട്ടിരുന്നത്. ഞായറാഴ്ച പോലും വീട്ടിൽ ഇരുന്നു ശീലമില്ലാത്ത നമ്മൾ ഇപ്പോൾ സാമൂഹിക ഇടങ്ങളിൽനിന്നു വിട്ടു നിൽക്കേണ്ടതുണ്ട്. ഈ മാറ്റത്തെ ഉൾക്കൊള്ളാൻ തയ്യാറായേപറ്റൂ.

മുഴുവൻ സമയവും വീട്ടിൽത്തന്നെയിരിക്കുന്നതിന്റെ വിരസത മറികടക്കാൻ റോഡിലേക്കിറങ്ങുന്ന ശീലം മാറ്റണം. നിയമങ്ങൾ കൊണ്ട് എല്ലാം  നിയന്ത്രിക്കാനാകില്ല. മാനസികമായ തയാറെടുപ്പാണ് ഇവിടെ ആവശ്യം. ശാരീരിക അകലം മാത്രം ആണ് പാലിക്കേണ്ടത്. ബാക്കി എല്ലാം പഴയതു പോലെ. സോഷ്യൽ മീഡിയയുടെ വരവോടെ പരസ്പരം കാണാനും സൗഹൃദവും സ്നേഹ ബന്ധങ്ങളും നിലനിർത്താനും എവിടെ ആയിരുന്നാലും സാധിക്കും. വീട്ടിലിരിക്കുന്ന ദിവസങ്ങളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ നോക്കുക. താഴെ പറയുന്ന കാര്യങ്ങൾ സഹായകരമായേക്കാം.

∙ താനാരാണെന്ന് തനിക്കറിയില്ലേൽ താൻ എന്നോട് ചോദിക്ക് താനാരാണെന്ന്...
നിങ്ങളിലുള്ള പഴയ കഴിവുകളെ പൊടി തട്ടി എടുക്കാനുള്ള സുവർണ്ണാവസരമാണ് ഇത്. നിങ്ങൾക്ക് ഇഷ്ടമുള്ളതും ആസ്വദിച്ചു ചെയ്യാൻ കഴിയുന്നതുമായ ഒരു പാട് കാര്യങ്ങൾ ഉണ്ടാകാം. അവയെല്ലാം ചേർത്ത്  ഒരു ‘to do Iist’  ഉണ്ടാക്കാം. അതിലെ ഓരോ കാര്യങ്ങളായി ചെയ്ത് തുടങ്ങാം.  

∙സ്റ്റാർട്ട്, ആക‌്ഷൻ, കട്ട് – ഇതിൽ ഏതാണ് മനസ്സിലാകാത്തത്
ജീവിതത്തിൽ എന്തെങ്കിലും വലിയ ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഈ സമയത്ത് അതിന് തുടക്കം കുറിക്കാം. ഉദാഹരണമായി : പുതിയ ഒരു പുസ്തകം എഴുതാൻ തുടങ്ങാം, ഷോർട്ട് ഫിലിമിനോ സിനിമക്കോ തിരക്കഥ തയാറാക്കാം, പുതിയ ബിസിനസ് ആസൂത്രണം ചെയ്യാം, പുതിയ ഒരു പ്രോജക്ടിന് പ്രൊപ്പോസൽ തയ്യാറാക്കാം, അങ്ങനെ എന്തെല്ലാം.

∙മ്യൂസിക്ക് വിത്ത് ബോഡി മസിൽസ്
വീട്ടിൽ ഇരിക്കുന്ന സമയത്ത് വ്യായാമം ശീലമാക്കാം. ഇതു ബോറടി മാറ്റുകയും ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുകയും ചെയ്യും.

∙ ഓട്ട പാത്രത്തിൽ ഞണ്ട് വീണാൽ ലൊട ലൊട ലൊടല്
സംഗീതം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനുള്ള നല്ലൊരു ഉപാധിയാണ്. ഇഷ്ടമുള്ള പാട്ടുകൾ ഡൗൺ ലോഡ് ചെയ്ത് കേൾക്കുകയും സുഹൃത്തുക്കൾക്ക് അയച്ച് കൊടുക്കുകയും ചെയ്യാം.

∙ മഹേഷേ ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ല, പക്ഷേ പഠിക്കാൻ പറ്റും
തൊടിയിലൂടെ ഒന്നിറങ്ങി നടക്കാം. മൊബൈലോ ക്യാമറയോ കയ്യിൽ കരുതിയിയാൽ ചെറുജീവികളും പൂക്കളുമൊക്കെ അതിലൂടെ ഒപ്പി എടുക്കാം. കംപ്യൂട്ടർ ഉണ്ടെങ്കിൽ എടുത്ത ഫോട്ടോകളിൽ ചില ഗ്രാഫിക്സ് പരീക്ഷണങ്ങൾ നടത്താം.

∙ബാബുവിന്റെ ഭാഷയിൽ പറഞ്ഞാൽ പുത്തകം
വായിക്കാൻ സമയം കണ്ടെത്താം. വാങ്ങി വച്ചിരിക്കുന്നതോ ലൈബ്രറിയിൽനിന്ന് എടുത്തതോ ആയ, ഇതുവരെ വായിക്കാനാകാത്ത ബുക്കുകൾ വായിച്ച് തുടങ്ങാം. വായന മറ്റുള്ളവരെ കുറിച്ചും ലോകത്തെ കുറിച്ചുമുള്ള നിങ്ങളുടെ കാഴ്ച്ചപ്പാടുകളെ സ്വാധീനിക്കുകയും ഭാഷ നന്നാകാൻ സഹായിക്കുകയും ചെയ്യും.

∙ഇപ്പ ശരിയാക്കി തരാം..
കുട്ടികളുടെ കേടായ കളിപ്പാട്ടങ്ങൾ നന്നാക്കി നോക്കാം.

∙ആ ചെറിയ സ്പാനർ ഇങ്ങ് എടുത്തേ
കളിപ്പാട്ടങ്ങൾ ഉണ്ടാക്കി കുട്ടികൾക്ക് നൽകാം. വീട്ടിൽ ഒഴിവാക്കി ഇട്ടിരിക്കുന്ന കാർഡ് ബോർഡും, ഫെവിക്കോളുമൊക്കെ ഉണ്ടെങ്കിൽ നല്ല സുന്ദരൻ ഒരു വണ്ടി ഉണ്ടാക്കാം, പഴയ തുണികൾ വെച്ച് ഒരു പാവ ഉണ്ടാക്കാം, ഓലപ്പീപ്പിയും കണ്ണാടിയും ഉണ്ടാക്കി നല്കി കുട്ടികളെ സന്തോഷിപ്പിക്കാം.

∙എന്റെ മഷ്റൂം സൂപ്പ് കഴിച്ചിട്ടുണ്ടോ? കഴിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ ബാലിശമായി സംസാരിക്കില്ല.
പാചക പരീക്ഷണങ്ങൾ നടത്താം. പാചകക്കുറിപ്പുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാം. നല്ല റെസിപ്പികൾ സുഹൃത്തുക്കളിൽനിന്ന് വാങ്ങുകയും ചെയ്യാം.

∙ഇത് സിനിമയെ കുറിച്ചുള്ള ഒരു സിനിമയാണ്
തിയറ്റർ ഒന്നു ഇനി ഉടനേ തുറക്കില്ലല്ലോ. ഇഷ്ടപ്പെട്ട സിനിമകളുടെ ഒരു ലിസ്റ്റ് തയാറാക്കാം. നല്ല സിനിമകൾ കണ്ടെത്താൻ സുഹൃത്തുക്കളുടെ സഹായം ചോദിക്കാം. അവ കാണാം, സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളുമായി ചർച്ച ചെയ്യാം.

∙പത്തു പ്രബന്ധങ്ങളിൽ ഒന്ന് ഇവന്റെയാ, തനി രാവണൻ
 ഷെൽഫിലുള്ള ബുക്കുകൾ അടുക്കി വെക്കാം. ചിതൽ കയറിയിട്ടുണ്ടെങ്കിൽ കൊട്ടി കുടഞ്ഞ് അൽപം വെയിൽ കൊള്ളിച്ച്, തിരികെ അടുക്കി വെക്കാം.

∙ചന്ദനം മണക്കുന്ന പൂന്തോട്ടം, ചന്ദ്രിക മെഴുകിയ മണി മുറ്റം
തൊടിയിലെ പുല്ലുകൾ പറിച്ചു കളഞ്ഞു പരിസരം വൃത്തിയാക്കാം. ഒരു ദിവസം കൊണ്ട് വേണമെന്നില്ല. ഓരോ ഭാഗങ്ങളായി മതി.

∙ഇനി ഹുക്കും കൂടി വെക്കാനേ ഉള്ളൂ
തയ്യൽ മെഷീൻ ഉണ്ടെങ്കിൽ, അത് ഉപയോഗിക്കാൻ അറിയാമെങ്കിൽ മാസ്ക് ഉണ്ടാക്കി നോക്കാം. സാധനങ്ങൾ വാങ്ങാൻ വീട്ടിൽനിന്ന് ഒരാൾ പുറത്ത് പോകുമ്പോൾ അത് ഉപയോഗിക്കാവുന്നതാണ്.

∙വേറൊരു ഡിസൈൻ ഉണ്ട് ഇങ്ങനെ കുനു കുനു കുനുകുനാന്നുള്ളത്
കുട്ടികളുടെ കുഞ്ഞുടുപ്പിൽ പിടിപ്പിക്കാൻ മനോഹരമായ ഹാൻഡ് എബ്രോയിഡറി വർക്കുകൾ ചെയ്ത് നോക്കാം (ഒരല്പം അറിവ് വേണമെന്ന് മാത്രം).

∙ഒന്ന് ഒഴിവായി പോകുമോടോ
വീട്ടിൽ ഒരു അടുക്കി പെറുക്ക് നടത്താം. ആവശ്യമുള്ളതും അല്ലാത്തതുമായ പേപ്പറുകൾ വേർതിരിക്കാം. പ്രധാനപ്പെട്ട പേപ്പറുകൾ സൂക്ഷിച്ച്, വേസ്റ്റ് പേപ്പറുകൾ ഒഴിവാക്കി മുറി വൃത്തിയാക്കാം.

∙മഴ പെയ്ത് മാനം തെളിഞ്ഞ നേരം തൊടിയിലെ..
ചെറിയ മഴ ഇടയ്ക്ക് ലഭിക്കുന്നുണ്ട്. പച്ചക്കറി വിത്തുകൾ ഉണ്ടെങ്കിൽ തൊടിയിലോ ചാക്കിലാക്കി വീടിന്റെ ടെറസിലോ ചെറിയ പച്ചക്കറി പരീക്ഷണങ്ങൾ നടത്താവുന്നതാണ്.

∙ഉരച്ച് ഉരച്ച് കഴുകിയാൽ ഭിത്തിക്ക് നോവില്ല
മുറികൾ, ബാത്ത് റൂം, ഫ്ലോറുകൾ  എന്നിവയിലെ കറകൾ ഉരച്ച് വൃത്തിയാക്കി എടുക്കാം.

∙പുലരാൻ നേരം ജനൽ വാതിക്കൽ പുതുതായി എത്തി കിളി ചൊല്ലി...
ജനൽ പാളികൾ, ഫ്രെയിം ചെയ്തിട്ടുള്ള ഫോട്ടോകൾ, നിങ്ങൾക്ക് ലഭിച്ച ട്രോഫികൾ എന്നിവ തുടച്ച് വൃത്തിയാക്കാം.

∙കെ ആൻഡ് കെ ഓട്ടോമൊബൈൽസ് വണ്ടിയുടെ എല്ലാ പണിയും ചെയ്യും.
നിങ്ങളുടെ  വാഹനം കഴുകി വൃത്തിയാക്കാം. വാഹനത്തിന്റെ അകവും പുറവും കഴുകി ഉൾഭാഗത്തെ പൊടിയും ചെളിയും തട്ടിക്കളഞ്ഞ് ഭംഗിയായി സൂക്ഷിക്കാം. (വെള്ളം ഇല്ലാത്ത സമയമാണ് എന്ന് ഓർമ വേണം, അതു കൊണ്ട് ആഴ്ച്ചയിൽ ഒന്നോ, രണ്ടോ തവണ മാത്രം മതിയാകും).

∙മുറ്റത്തെ മുല്ലേ ചൊല്ല് ... കാലത്തെ നിന്നെ കാണാൻ
മുറ്റത്തെ ചെടികൾ നനയ്ക്കാം, വലുതായവ ഒന്നു വെട്ടി ഒതുക്കി കൊടുക്കാം, വളം, വെളളം എന്നിവ കൃത്യമായി നൽകി സംരക്ഷിക്കാൻ സമയം കണ്ടെത്താം.

∙ബാര്യ അല്ല ഭാര്യ.... ഭ..ഭ
പുതിയ ഒരു ഭാഷ പഠിക്കാൻ സമയം കണ്ടെത്താം. ഓൺലൈൻ, യൂട്യൂബ് ട്യൂട്ടോറിയൽസ് ഉപയോഗപ്പെടുത്താവുന്നതാണ്.
 
∙ എന്നാൽ പിന്നെ മറ്റേത് എടുക്കട്ടെ, വാസ്ഗോഡി ഗാമ കേരളത്തിൽ വന്നപ്പോൾ...
 നിങ്ങളുടെ ലാപ്ടോപ്പിലെ ഡേറ്റകൾ തരംതിരിച്ച് പുതിയ ഫോൾഡറുകളിലേക്ക്  മാറ്റാം.

∙വീണ്ടും ചില വീട്ട് കാര്യങ്ങൾ
വീട്ടുകാരും ആയി സംസാരിക്കാൻ സമയം കണ്ടെത്താം. അവരെ കേട്ടിരിക്കാൻ ഈ സമയം ഉപയോഗപ്പെടുത്താം. കോവിഡ് കാലഘട്ടം കഴിഞ്ഞാലും അത് തുടർന്ന് പോകേണ്ടത് വളരെ അത്യാവശ്യമാണ്. പ്രായമുള്ളവരുടെ ഭയാശങ്കകളെ നീക്കം  ചെയ്യാൻ അവരോടൊപ്പം സമയം ചെലവഴിക്കണം, അവരുടെ ഇഷ്ടങ്ങളെ തിരിച്ചറിയാൻ തയ്യാറാകാം.

∙ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം
കുട്ടികളോടൊപ്പം സമയം ചെലവഴിക്കാം. നിങ്ങളുടെ കുട്ടിക്കാലത്തെ കളികൾ അവരെ പഠിപ്പിച്ച് കൊടുക്കാം.

∙കാർകൂന്തൽ കെട്ടിനെന്തിന് വാസന തൈലം...
കേശ / സൗന്ദര്യ സംരക്ഷണത്തിനും അൽപം ശ്രദ്ധ നൽകാം. മുഖം ,ശരീരം, കൈകാലുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കാം.

∙മധുവിധു രാവുകളേ സുരഭില യാമങ്ങളെ
ഭാര്യ ഭർത്യാ ബന്ധം  കൂടുതൽ ഊഷ്മളമാക്കാൻ കൂടുതൽ സമയം കണ്ടെത്താം.

∙കൈപ്പണിയാ... കൈപ്പണി
അറ്റകുറ്റ പണികൾ ചെയ്യാൻ സമയം കണ്ടെത്താം. ഉദാ: വീടിന്റെ മുൻഭാഗത്തെ ഇളകി പോയ ടൈൽ ഉറപ്പിക്കുക, കേടായ ഓട് ,ഷീറ്റ് എന്നിവ മാറുക, പൊട്ടിപൊളിഞ്ഞ് കിടക്കുന്ന സ്ഥലത്ത് അല്പം സിമന്റ് ഇട്ട് വൃത്തിയായി എടുക്കുക.

∙വൺ പ്ലസ് വൺ ടൂ ഈസ് മാത്‌സ്
കുട്ടികളുടെ പഠന കാര്യങ്ങളിൽ കൂടുതൽ സമയം കണ്ടെത്താം. അക്ഷരമാല, കണക്കിന്റെ പ്രാഥമിക തത്വങ്ങൾ  എന്നിവ പഠിപ്പിക്കാം.

∙ചെറുതായി ഒന്നു അലങ്കരിച്ചിട്ടുണ്ട്
 അലങ്കാര മത്സ്യക്കുളമോ അക്വേറിയമോ ഉണ്ടെങ്കിൽ അത് വൃത്തിയാക്കാനും കൂടുതൽ മനോഹരമാക്കാനും സമയം കണ്ടെത്താം.

∙ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാ രാജാവേ
വീട്ടിൽ കിടക്കുന്ന കുപ്പികളിൽ ചില പെയിന്റിങ് പരീക്ഷണങ്ങൾ നടത്താം. അൽപം പശയും നൂലുകളും പെയിന്റും ഉണ്ടെങ്കിൽ മനോഹരമായ ഒരു ഫ്ലവർ വേയ്സാകാൻ അധിക ദിവസങ്ങൾ വേണ്ട.

∙വീ വാണ്ട് ഡോഗ്‌സ് ഓൺ കൺട്രി ഞങ്ങൾ ഒന്നു കുരച്ചാൽ നിങ്ങൾ ഞെട്ടി വിറക്കും
വീട്ടിലെ വളർത്ത് മൃഗങ്ങളോടൊപ്പം സമയം ചെലവിടുന്നത് ആശ്വാസകരമാണ്. എന്നാൽ ആവശ്യമായ മുൻകരുതൽ എടുക്കേണ്ടതുണ്ട്.

∙എന്റെ വീട് അപ്പൂന്റെയും
വീട്ടിൽ ഉള്ള പഴയ ആൽബമോ കല്യാണ വിഡിയോകളോ കുടുംബാംഗങ്ങളോടൊപ്പം ഒന്നിച്ചിരുന്നു കാണുന്നത് നന്നായിരിക്കും. ഓർമകളെ പൊടി തട്ടി എടുക്കാൻ ഇത് ഉപകരിക്കും.

∙എഴുതിയതാരാണ് സുജാത നിന്റെ കടമിഴി കോണിലെ കവിത..
കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ അതിനെ ഒരു ബ്ലോഗായി മാറ്റാം. ഫ്രീ ഓൺ ലൈൻ ബ്ലോഗുകൾ നിങ്ങൾക്ക് ലഭ്യമാണ്.

∙മാരിവില്ലിൻ ഗോപുരങ്ങൾ, വെണ്ണിലാവായി മച്ചകങ്ങൾ
 ചെടിച്ചട്ടി, െഗയിറ്റ്, മതിലിന്റെ കൈവരികൾ, മുറികൾ എന്നിവ അല്പം പെയിന്റ് പൂശി മനോഹരമാക്കാം..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com