ഇതു ശീലങ്ങൾ മാറ്റി മറിച്ച കോവിഡ് കാലം: ജസ്റ്റിസ് ബി. കെമാൽപാഷ
Mail This Article
മാർച്ച് 6നു ശേഷം വീട്ടിൽ നിന്നു പുറത്തിറങ്ങിയിട്ടില്ല. വീട്ടിൽ കൊച്ചുമക്കളുള്ളതിനാൽ, അവർക്കൊപ്പം കളിയും ചിരിയുമായി അതു ശീലമായി.
വായനയും സിനിമ കാണലുമാണു പ്രധാന പരിപാടി. സിനിമ വല്ലപ്പോഴുമേ കണ്ടിരുന്നുള്ളു. ഇപ്പോൾ ടിവിയിൽ വരുന്നതും ഡിവിഡിയിലുള്ളതുമായ സിനിമകളെല്ലാം എനിക്കു പുതിയതാണ്. മലയാളം സിനിമകളാണു കാണുന്നതിലധികവും. പ്രമുഖ നടന്മാരെയെല്ലാം ഇഷ്ടമാണ്. മലയാളത്തിനു പുറത്ത്, അല്ലു അർജുനെയും വിജയിനെയും ഇഷ്ടമാണ്.
കൈയിൽ കിട്ടുന്നതെല്ലാം വായിക്കും. രാമചന്ദ്രഗുഹയടക്കം പ്രമുഖരുടെ പുസ്തകങ്ങൾ വായിക്കുന്നു. ഇ–പുസ്തകങ്ങളും വായിക്കും. ഒരു പുസ്തകം വായിച്ചു തീർത്ത് അടുത്തതിലേക്കു കടക്കുകയല്ല. ഒന്നു വായിച്ചു മടുക്കുമ്പോൾ അടുത്തതെടുക്കും. 35 പുസ്തകങ്ങൾ ഇക്കാലത്തു വായിച്ചു.
യുഎഇയിലെ നിയമങ്ങൾ വിശദമായി പഠിച്ചു തുടങ്ങി. ചിലർ നിയമോപദേശം േതടി സമീപിച്ചിരുന്നതിനാൽ, അവിടത്തെ നിയമപുസ്തകങ്ങൾ നേരത്തെ വാങ്ങിയിരുന്നു. എഴുത്തു തീരെയില്ല. ഭാര്യയാണ് എഴുതിയെടുത്തിരുന്നത്. ഇപ്പോൾ വീട്ടിൽ കൊച്ചുമക്കളടക്കം അംഗങ്ങൾ കൂടുതലുള്ളതിനാൽ ഭാര്യ തിരക്കിലാണ്.
വ്യായാമം മുടക്കാറില്ല. രാവിലെ ട്രെഡ്മില്ലിലും വൈബ്രേറ്ററിലും. വൈകിട്ട് ഷട്ടിൽ ബാഡ്മിന്റൻ. മുൻപ് 20ദിവസം കൂടുമ്പോൾ മുടിവെട്ടിയിരുന്നു. ലോക്ഡൗൺ വന്നതോടെ, 50ദിവസത്തിനു ശേഷമാണു കഴിഞ്ഞദിവസം ബാർബറെ വീട്ടിൽ വരുത്തി മുടിവെട്ടിച്ചത്.
സ്ഥിരമായി താടി വടിച്ചിരുന്നെങ്കിലും പുറത്തുപോകാതായതോടെ അതു നിറുത്തി. ഭക്ഷണരീതി മാറി. ഇപ്പോൾ കിട്ടുന്നതെല്ലാം കഴിച്ചു തുടങ്ങി. ഇനി നോമ്പുകാലമാണ്. ഭക്ഷണത്തിനു നിയന്ത്രണമുള്ള കാലം.
English Summary: Justice B Kemal Pasha about lock down days