രാവിലെ തന്നെ ‘കുടി’ തുടങ്ങിയാൽ കുഴപ്പമുണ്ടോ?
Mail This Article
ആരോഗ്യകാര്യങ്ങളിൽ അറിവേറെയുള്ള മലയാളി ശുദ്ധജലം കുടിക്കുന്നതിൽ വളരെയധികം ശ്രദ്ധാലുവാണിന്ന്. അതിനു പ്രധാന കാരണമെന്താണെന്നോ, വെള്ളം കുടിച്ചാൽ സൗന്ദര്യം കൂടുമെന്നുള്ള ലേഖനങ്ങൾ തന്നെ. ശാസ്ത്രീയമായി ഇക്കാര്യം വളരെയൊന്നും ചർച്ചചെയ്യപ്പെട്ടിട്ടില്ലെന്നതാണു വാസ്തവം. എന്തായാലും ദാഹിക്കുമ്പോൾ മാത്രമല്ല, സൗന്ദര്യം സംരക്ഷിക്കാനും ത്വക്ക് മൃദുവാകാനും ശരീരഭാരം ക്രമപ്പെടുത്താനുമൊക്കം നാമിപ്പോൾ വെള്ളം കുടിക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പുറന്തള്ളാനായി ചിലർ വെള്ളം ധാരാളമായി കുടിച്ച് ഉപവസിക്കുകയും ചെയ്യുന്നു.
എന്നാൽ എത്രമാത്രം വെള്ളം കൂടുതൽ കുടിക്കാമോ അത്രയും നല്ലതെന്നു ചിന്തിച്ച്, വെള്ളം കുടിച്ചു വയർ നിറയ്ക്കുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ. മറ്റൊന്നുകൂടി, വെള്ളം തീരെ കുടിക്കാതിരുന്നാൽ ആകെ പ്രശ്നമാകുമെന്നുമറിയാമല്ലോ. മൂത്രത്തിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങി പലതരം രോഗങ്ങൾ പിടികൂടിക്കളയും. അതുകൊണ്ട് ശ്രദ്ധിച്ചു വേണം വെള്ളം കുടിക്കാൻ.
എത്ര കുടിക്കണം
ആരോഗ്യമുള്ള ഒരാൾക്ക് ദിവസം ഒന്നര മുതൽ രണ്ടു ലീറ്റർ വരെ വെള്ളം കുടിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേരീതിയിൽ ആരോഗ്യകരമായി കുടിക്കാവുന്ന അളവാണിത്. മൂന്നു ലീറ്റർ വരെ കുടിച്ചാലും ആരോഗ്യകരം. അതേസമയം ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഇത്രയും വെള്ളം കുടിക്കാനാകില്ല. അതു മറ്റു രോഗാവസ്ഥകൾക്കു വഴിവയ്ക്കാം. വൃക്ക രോഗമുള്ളവർ, ഹൃദയാരോഗ്യ പ്രശ്നമുള്ളവർ, കരൾ രോഗമുള്ളവർ കൂടുതൽ വെള്ളം കുടിച്ചാൽ ശരീരത്തിൽ നീർക്കെട്ട് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും.
എപ്പോൾ കുടിക്കണം
ദാഹം തോന്നുമ്പോൾ വെള്ളം കുടിക്കുക എന്നതാണ് ആരോഗ്യകരം. ദാഹമാണ് ശരീരത്തിനു വെള്ളം ആവശ്യമുണ്ടോ എന്നുള്ളതിന്റെ സൂചന. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഉപാപയ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും, മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കാനും സഹായിക്കും. ആഹാരത്തിനൊപ്പം വെള്ളം കുടിക്കാതെ അതിനുമുൻപോ ശേഷമോ കുടിക്കുന്നതാണ് ഉചിതം. ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ ഇടവേള നൽകി ആഹാരത്തിനു മുൻപോ ശേഷമോ വെള്ളം കുടിക്കാം.
പകരമല്ല മറ്റൊന്നും
ശരീരത്തിന് ആവശ്യമായ ദ്രവാംശം ലഭ്യമാകുന്നതു വെള്ളം കുടിക്കുന്നതുവഴി മാത്രമല്ല, ജലാംശമുള്ള ആഹാരപദാർഥങ്ങളിൽനിന്നു കൂടിയാണ്. പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം ഇത്തരത്തിൽ ജലാംശമുണ്ട്. വെള്ളം കുടിക്കുന്നതിനു പകരമായി ചായ, കാപ്പി, ജ്യൂസ്, ബോട്ടിൽഡ് ഡ്രിങ്ക്സ് എന്നിവ കുടിക്കുന്നതു നല്ലതല്ല. ചായയും കാപ്പിയും പൊതുവെ കുറയ്ക്കുന്നതാണു നല്ലത്. ഇവയിലെല്ലാം മധുരം ചേരുന്നതു കൊണ്ടുതന്നെ ആരോഗ്യത്തിനു ഗുണം ചെയ്യുന്നതല്ല. പഴങ്ങൾ ജ്യൂസ് രൂപത്തിലാക്കാതെ അതേപടി കഴിക്കുന്നതാണ് ആരോഗ്യകരം.
കടപ്പാട്: ഡോ. വി.നാരായണൻ ഉണ്ണി, സീനിയർ കൺസൽറ്റന്റ്, നെഫ്രോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി.
English Summary Well Being - How much water should you drink per day?