മൊബൈലിന്റെ പിടിയിൽനിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാം; മാതാപിതാക്കൾ ചെയ്യേണ്ടത്
Mail This Article
ഇനി ഞാൻ വീട്ടിലേക്ക് പോകില്ല. വിദേശത്തുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് പോകണം. അവന്റെ അമ്മ നല്ലതാണ്. നാടു വിടാനായി അടുത്തിടെ വിമാനത്താവളത്തിയ കുട്ടി പൊലീസിനോട് പറഞ്ഞു. തനിച്ചെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് അവന്റെ പ്രശ്നമെന്തെന്ന് പതുക്കെ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവച്ചതിന്റെ പേരിൽ ആരോടും പറയാതെ വീട്ടിൽ നിന്നു പിണങ്ങിയിറങ്ങിയതാണ് ഈ കുട്ടി. സംഭവം കേട്ട പല അമ്മമാർക്കും പ്രശ്നത്തിൽ വലിയ ആശ്ചര്യമൊന്നും തോന്നിയില്ല. കുട്ടികളിലെ മൊബൈൽ അഡിക്‌ഷൻ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വില്ലനാണ് പലരുടേയും വീടുകളിൽ.
ഒരമ്മ പറഞ്ഞ കഥയിങ്ങനെ...കുഞ്ഞിന് പ്രായം മൂന്നാകുന്നതേയുള്ളൂ. രാവിലെ എഴുന്നേറ്റാൽ അവൻ ആദ്യം അന്വേഷിക്കുന്നത് മൊബൈൽ ഫോണാണ്. യുട്യൂബിൽ കയറി കാർട്ടൂണുകൾ കാണും. അല്ലെങ്കിൽ ഫോണിൽ ഏതെങ്കിലുമൊക്കെ നോക്കിക്കൊണ്ടിരിക്കും. വോയ്സ് സെർച്ചാണ് പലപ്പോഴും അവന്റെ സഹായി. ഭക്ഷണം കഴിക്കുമ്പോൾ പോലും അവൻ ഫോണിൽ നിന്നു കണ്ണെടുക്കില്ല. കളിയില്ല, വഴക്കില്ല, രാവിലെ മുതൽ ഉറങ്ങുന്നതുവരെ ഫോണും പിടിച്ചിരിക്കും. ഫോൺ വാങ്ങി വച്ചാൽ അവൻ കരച്ചിലും ബഹളവുമാണ്. പിന്നെ കുട്ടിക്കും ബോറടിക്കില്ലേന്നു കരുതി അതങ്ങു നൽകും. കുട്ടിയുടെ കാഴ്ച ശക്തിയെ ബാധിക്കുമോ എന്നു പേടിയുണ്ട്. പക്ഷേ മറ്റെന്തു ചെയ്യണമെന്നറിയില്ല. ഫോൺ മുഴുവൻ സമയവും കുട്ടിയുടെ കയ്യിലാണ് ഈ ഓൺലൈൻ ക്ലാസുകളുടെ കാലത്ത് അല്ലെങ്കിൽ മറ്റെന്തു ചെയ്യാനാകുമെന്നാണ് ചില അമ്മമാരുടെ ചോദ്യം.
? മൊബൈൽ അഡിക്‌ഷൻ എങ്ങനെ തിരിച്ചറിയാം?
ഫോൺ വാങ്ങി വയ്ക്കുമ്പോൾ കുട്ടി കരയുക, ബഹളം വയ്ക്കുക, വിഷാദത്തിലാകുക ഇതെല്ലാം മൊബൈൽ അഡിക്‌ഷൻ ലക്ഷണങ്ങളാകാം. രണ്ടോ മൂന്നോ ദിവസം കുട്ടി പിണങ്ങിയിരിക്കുന്നതും വാശി കാണിക്കുന്നതും സങ്കടപ്പെടുന്നതുമെല്ലാം സ്വാഭാവിക വാശിയായി കണ്ടാൽ മതി. പക്ഷേ അതിൽ കൂടുതൽ ദിവസം ഇത് തുടർന്നാൽ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള വിഷാദം, ദേഷ്യം, ഫോൺ മാറ്റിവച്ചാലും കണ്ടു പിടിച്ച് വീണ്ടും ഉപയോഗിക്കുന്നു. ആരോടും മിണ്ടാതിരിക്കുക, ഏകാന്തനായിരിക്കുക, തലവേദന, ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങി ലക്ഷണങ്ങൾ കൂടുതൽ ദിവസമുണ്ടാകുകയാണെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാം.
? പുതിയ കാലത്ത് കുട്ടികൾക്ക് മൊബൈൽ നൽകാതിരിക്കാൻ സാധിക്കില്ലല്ലോ?
കോവിഡ് വരുന്നതിന് മുൻപുവരെ നമുക്ക് കുട്ടികൾക്ക് ഫോൺ നൽകരുതെന്നും അഥവാ ഉപയോഗിക്കുന്നുവെങ്കിൽ അത് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമാകണമെന്നെല്ലാം നിർബന്ധം പറയാൻ സാധിക്കുമായിരുന്നു. പക്ഷേ ... ഓൺലൈൻ ക്ലാസുകളുടെ ഈ കാലത്ത് അത് സാധ്യമല്ല. പക്ഷേ ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടി കുട്ടികൾക്ക് ഫോൺ നൽകിയപ്പോഴും കൃത്യമായ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ നമുക്ക് വീഴ്ച വന്നിട്ടുണ്ട്. പതുക്കെ പതുക്കെ നിയന്ത്രണങ്ങൾ കൊണ്ടുവരുകയാണ് ചെയ്യേണ്ടത്. കോവിഡ് പ്രതിസന്ധി നീങ്ങി, അല്ലെങ്കിൽ ക്ലാസുകൾ സാധാരണ ഗതിയിൽ ആയതിന് ശേഷം നമുക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങാം.
? ഫോൺ വാങ്ങിവയ്ക്കുന്നത് മറ്റെന്തെങ്കിലും അപകടത്തിന് കാരണമാകുമോ?
കുട്ടിയുടെ കയ്യിൽ നിന്ന് ഫോൺ പെട്ടെന്നു വാങ്ങിവയ്ക്കരുത്. അതു തീർച്ചയായും അപകടം ചെയ്യും. അവർക്ക് സമ്മർദം അനുഭവപ്പെടാം. ചിലപ്പോൾ വയലന്റാകാൻ പോലും സാധ്യതയുണ്ട്. മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങിവച്ചതിന് ആത്മഹത്യ ചെയ്ത സംഭവം പോലുമുണ്ടായിട്ടുണ്ട്. കുട്ടികളുടെ എല്ലാ വിനോദവും ഇപ്പോൾ ഫോണിനകത്താണ്. സ്കൂളിൽ പോകാൻ സാധിക്കുന്നില്ല. കൂട്ടുകാരെ കാണാനാകുന്നില്ല. അവരുടെ സൗഹൃദങ്ങൾ മുഴുവൻ ഇപ്പോൾ ഫോണികത്താണ്. ഇതു പല കുട്ടികളേയും ഫോണില്ലാതെ ജീവിക്കാനാകില്ലെന്ന സ്ഥിതിയിലേക്ക് കൊണ്ടെത്തിച്ചു. ഈ സാഹചര്യത്തിൽ അതു വരെ നൽകിയിരുന്ന ഫോൺ പെട്ടെന്ന് കുട്ടിയുടെ കയ്യിൽ നിന്നു തിരികെ വാങ്ങിയാൽ അതവരെ ബാധിക്കാൻ സാധ്യതയുണ്ട്. മദ്യപാനം, പുകവലി പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതു പോലെ പതുക്കെ പതുക്കെ മാത്രമേ മൊബൈൽ അഡിക്‌ഷനും നമുക്ക് പരിഹരിക്കാൻ സാധിക്കൂ
? എങ്ങനെ പരിഹരിക്കാം?
∙ ഫോൺ ഉപയോഗിക്കാൻ അവർക്ക് സമയനിയന്ത്രണം ഏർപ്പെടുത്താം
∙ കുട്ടികൾക്ക് എപ്പോഴും ഫോൺ കയ്യിൽ കൊണ്ടു നടക്കുന്ന ശീലം അവസാനിപ്പിക്കാം
∙ ഫോണിലെ ഗെയിമിനു പകരം വീട്ടിലെ മുതിർന്നവർ ഉൾപ്പെടെ അംഗങ്ങൾക്ക് കുട്ടികളോടൊപ്പം കളിക്കാം
∙ കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക
∙ ഭക്ഷണം കഴിക്കുമ്പോൾ, പ്രാർഥിക്കുമ്പോൾ, വീട്ടിൽ അതിഥികളെത്തുമ്പോൾ തുടങ്ങി എപ്പോഴും ഫോൺ ഉപയോഗിക്കുന്ന രീതി മുതിർന്നവരടക്കം വീട്ടിലെ എല്ലാം അംഗങ്ങളും ഉപേക്ഷിക്കുക
∙വരും കാലങ്ങളിൽ ഫോണിന്റെ അമിത ഉപയോഗം മൂലം കുട്ടികൾക്ക് ഒട്ടേറെ വ്യക്തിത്വ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. പ്രതിസന്ധികളുടെ ഇക്കാലത്ത് അവർക്ക് സാമൂഹിക ഇടപെടലിനുള്ള അവസരം കുറവാണ്. അത് പരിഹരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികളുമായി സംസാരിക്കാൻ അവർ അവസരമുണ്ടാക്കണം. അതിന് ആദ്യം മാതാപിതാക്കൾ ഫോൺ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. അവർ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം.
∙ ചെറിയ കുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ ഫോണിൽ കിഡ്സ് ലോക്ക് പോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താം.
അമ്മമാരുടെ ശ്രദ്ധയ്ക്ക്
പലപ്പോഴും തീരെ ചെറിയ കുട്ടികളിൽ ഫോൺ അഡിക്‌ഷനുണ്ടാകുന്നതിന് കാരണം മാതാപിതാക്കളാണ്. ഒരു വയസ്സുമാത്രമുള്ള കുട്ടികളുടെ അമ്മമാർ പോലും ഭക്ഷണം കൊടുക്കുമ്പോഴും മറ്റും കുട്ടികൾക്ക് ഫോൺ നൽകുന്നതു കാണാം. ഇതു മൂലം കുട്ടി വയറുനിറയെ ഭക്ഷണം കഴിച്ചോ എന്നു നമുക്കറിയില്ല. കുട്ടി ഭക്ഷണത്തിന്റെ രുചി ശ്രദ്ധിക്കുന്നില്ല. ഇതു കുട്ടിയ്ക്ക് ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കും. ഇത്തരം പ്രശ്നങ്ങൾ നിസാരമായി കാണരുത്. ഫോൺ വാങ്ങിവയ്ക്കുമ്പോൾ കുട്ടി വാശിപിടിക്കുകയും ഭക്ഷണം കഴിക്കാതിരിക്കുകയുമൊക്കെ ചെയ്യാം. സാധാരണ ഗതിയിൽ അവൻ പതുക്കെ വാശിയിൽ നിന്നു പിന്മാറിക്കോളും. ആ വാശിക്ക് കീഴടങ്ങിയാൽ പിന്നെ കുട്ടികളുടെ ഫോൺ അഡിക്‌ഷൻ നിയന്ത്രിക്കാനാകില്ല. രണ്ടു വയസ്സിൽ താഴെയുളള കുട്ടികൾക്ക് ഫോൺ നൽകാനെ പാടില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഫോൺ നൽകുന്നതിന് പകരം അമ്മയ്ക്ക് കുഞ്ഞിനോടൊപ്പം കളിക്കാം. ഫോണിന് പകരം കുഞ്ഞിന് ടിവി വച്ചു കൊടുക്കുന്നത് കൊണ്ട് വലിയ കാര്യമില്ല. പക്ഷേ.. അത് ഫോണിനോളം ദോഷം ചെയ്യില്ലെന്നതും ശരിയാണ്. കളിപ്പാട്ടങ്ങൾ നൽകാം. കഥപറഞ്ഞു കൊടുക്കാം. ചിത്രങ്ങൾ കാണിച്ചു കൊടുക്കാം. സ്ക്രീനല്ല അമ്മയാണ് ഇപ്പോൾ കുഞ്ഞിനാവശ്യമെന്ന് തിരിച്ചറിയണം.
കടപ്പാട്: ജെയ്സി ഫിലിപ്
കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്, പത്തനംതിട്ട
English Summary : Mobile addiction in children