ADVERTISEMENT

പ്രായം എന്നത് വെറുമൊരു അക്കം മാത്രമാണെന്ന് പറയാം. എന്നിരുന്നാലും 40 വയസ്സ് എത്തിയാൽ ആരോഗ്യകാര്യങ്ങളിൽ അല്‌പം ശ്രദ്ധിച്ചു തുടങ്ങാം. പലർക്കും മുഖത്തെ ചുളിവുകൾ വീണു തുടങ്ങുന്നതും മുടി നരച്ചു തുടങ്ങുന്നതും എല്ലാം നാൽപ്പതു പിന്നിടുമ്പോഴാകും. നിരവധി അനാരോഗ്യപ്രശ്നനങ്ങളുടെ തുടക്കവും ഈ പ്രായത്തിലാകാം.

ജീവിതം നിറയെ സന്തോഷവും നല്ല ആരോഗ്യവും സുരക്ഷയും ലഭിക്കാൻ നാൽപ്പതു വയസ്സ് എത്തുമ്പോൾ ജീവിത ശൈലി ഒന്ന് ക്രമീകരിക്കാം. ഇതാ നാൽപ്പതു കഴിഞ്ഞാൽ ആരോഗ്യത്തോടെ ഇരിക്കാൻ ചില സൂത്രങ്ങൾ. 

1. ഒഴിവാക്കല്ലേ പ്രഭാതഭക്ഷണം 

ഓരോ ദശാബ്‌ദം പിന്നിടുമ്പോഴും ഉപാപചയപ്രവർത്തനങ്ങൾ രണ്ടു ശതമാനം കുറഞ്ഞു വരും. ഉപാപചയ പ്രവർത്തനം അഥവാ മെറ്റബോളിസം അതിന്റെ മൂർധന്യാവസ്ഥയിലെത്തുന്ന സമയം പ്രഭാതഭക്ഷണം കഴിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ പ്രാതൽ കഴിക്കുക എന്നത് ഏറെ പ്രധാനമാണ്. ദിവസം മുഴുവൻ നിങ്ങളുടെ പ്രവൃത്തികൾക്ക് ഊർജ്ജസ്വലതയേകാൻ രാവിലെ കഴിക്കുന്ന ഭക്ഷണം സഹായിക്കും. 

2. വ്യായാമം മുടക്കരുതേ 

ഒരു ദിവസം വെറും അരമണിക്കൂർ എന്തെങ്കിലും കായിക പ്രവർത്തനങ്ങൾ നടത്തിയാൽ അത് എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തും. പിന്നീടുള്ള വർഷങ്ങളിൽ പരുക്കുകൾ പറ്റാനുള്ള സാധ്യത കുറയും. വ്യായാമം ചെയ്യാൻ ജിമ്മിൽ പോവുകയൊന്നും വേണ്ട. സൂര്യ നമസ്‌കാരം ചെയ്യാം. അതുപോലെ ചെറിയ വ്യായാമങ്ങൾ ചെയ്യാം. 

3. തുടങ്ങാം ഹോബികൾ 

ഹോബി തുടങ്ങാൻ നാൽപ്പതു വയസ്സാകുംവരെ കാത്തിരിക്കേണ്ട കേട്ടോ. മുപ്പതുകളിൽ ഉള്ളപ്പോൾ തന്നെ, നിങ്ങളുടെ ജോലികൾക്കപ്പുറത്ത് മനോഹരമായ ഒരു ലോകമുണ്ടെന്ന്  ഓർമിക്കാം. ജീവിത കാലം മുഴുവൻ ഇഷ്ടമുള്ള വിനോദങ്ങൾ തുടരാം. ഹോബികൾ ഒരാളെ ആരോഗ്യവും ദീർഘായുസ്സും ഉള്ളവരാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏജിങ്, പ്രായമായവരിൽ നടത്തിയ ഒരു പഠനത്തിൽ, വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ കൂടുതൽ ആരോഗ്യമുള്ളവരും സന്തുഷ്ടരും ആണെന്നു  കണ്ടു. 

4. കരുതൽ നൽകാം കണ്ണുകൾക്ക് 

ശരീരത്തിലെ മറ്റു ഭാഗങ്ങൾക്കു കൊടുക്കുന്ന ശ്രദ്ധ കണ്ണിനും കാഴ്‌ച ശക്തിക്കും നൽകണം. കൃത്യമായ ഇടവേളകളിൽ നേത്രരോഗ വിദഗ്ധനെ കാണണം. കണ്ണിനു പ്രശ്നങ്ങളില്ലെങ്കിലും പരിശോധന നടത്തണം. ഗ്ലൂക്കോമ, തിമിരം, കംപ്യൂട്ടർ സ്‌ക്രീനിൽ കുറെ സമയം നോക്കുന്നതു മൂലമുണ്ടാകുന്ന ഡ്രൈ ഐ ഇവയെല്ലാം ഉണ്ടോ എന്നു പരിശോധിക്കാം. സ്ത്രീകൾ സ്‌തനാർബുദം, സെർവിക്കൽ  കാൻസർ തുടങ്ങിയവയ്ക്കുള്ള പരിശോധന നടത്തണം.

5. നഷ്ടപ്പെടുത്തരുതേ ഉറക്കം 

ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മാർഗങ്ങളിലൊന്നാണ് കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക എന്നത്. ആഴ്ചാവസാനവും ഇതു  തുടരണം. ജൈവഘടികാരത്തിന്റെ പ്രവർത്തനങ്ങളെ ശരിയായ വിധത്തിൽ തുടരാൻ സമയക്രമം സഹായിക്കും. കിടപ്പു മുറിയിൽ വെളിച്ചം പാടില്ല. ശബ്ദരഹിതവും സമാധാനമുള്ളതും ആയിരിക്കണം കിടപ്പു മുറി. 

25 വയസ്സു കഴിഞ്ഞാൽ ജോലിത്തിരക്ക്, പ്രായമായ മാതാപിതാക്കൾ, കുട്ടികളെ വളർത്തൽ ഇവയെല്ലാമായി തിരക്കിലാകും. അപ്പോൾ ആരോഗ്യത്തെ മാറ്റി നിർത്തും. എന്നാൽ 40 കൾ നിങ്ങളുടെ സൗഖ്യത്തെപ്പറ്റി ചിന്തിപ്പിക്കും. 40 കഴിഞ്ഞാൽ ആരോഗ്യകരമായി ജീവിതം തുടരാൻ എല്ലാവർക്കും സാധിക്കട്ടെ. അതിനായി മേൽപ്പറഞ്ഞ നുറുങ്ങുകൾ ശീലമാക്കാം.

English Summary : After 40 health care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com