എപ്പോഴും ഒപ്പം ഒരു കുപ്പി വെള്ളം, ഉച്ചയ്ക്ക് ചോറ്, വൈകിട്ട് ആറരയ്ക്കുള്ളിൽ ഭക്ഷണം; ആരോഗ്യമന്ത്രിയുടെ ആരോഗ്യ ശീലങ്ങൾ
Mail This Article
കോവിഡിൽ നിന്ന് അകലം പാലിക്കാൻ ഉപദേശിച്ചുകൊണ്ടിരിക്കുന്ന മന്ത്രി കെ. കെ. ശൈലജ പുതിയൊരു മുദ്രാവാക്യം കൂടി ഏറ്റെടുത്തു, ചുറ്റും ചൂടാണ്; വെറുതെ ചൂടാകരുത്. മന്ത്രിക്കൊപ്പം സ്ഥാനാർഥിത്വവും കൂടി കിട്ടിയതോടെ നിർത്താതെ ഓടുകയാണിപ്പോൾ. പക്ഷേ, എങ്ങോട്ട് ഓടിയാലും ഒരു കുപ്പി വെള്ളം കൂടി കരുതും. കോട്ടൺ വസ്ത്രങ്ങളാണ് മന്ത്രിക്കിഷ്ടം. മക്കളോ ബന്ധുക്കളോ മറ്റു വസ്ത്രങ്ങൾ സമ്മാനിച്ചാലും അതു ചൂടു കാലത്തു ധരിക്കില്ല. കാലവാസ്ഥയ്ക്കനുസരിച്ചു ഭക്ഷണ രീതിയിൽ മാറ്റമില്ല. ഏതു കാലത്തിനും യോജിക്കുന്നവ മാത്രമേ കഴിക്കൂ. കട്ടിയേറിയ ഭക്ഷണം എപ്പോഴും നല്ലതല്ലെന്നു പറയുന്ന മന്ത്രി തന്റെ ചിട്ടയും പറഞ്ഞു, ‘ബിരിയാണി പോലുള്ള ഭക്ഷണങ്ങൾ വല്ലപ്പോഴുമേ കഴിക്കാറുള്ളൂ. എണ്ണ കൂടുതലുള്ള ഭക്ഷണം പരമാവധി ഒഴിവാക്കും.’ രാവിലെ മാത്രമാണു ചായ. അതു മധുരമില്ലാത്തത്. അതിഥികൾ ഉണ്ടെങ്കിൽ, അവർ അത്രയ്ക്കു നിർബന്ധിച്ചാൽ ഒരു ചായകൂടി.
രാവിലെ പുട്ട്, ഇഡ്ഡലി, ദോശ എന്നിവയിൽ ഏതെങ്കിലും ഒരിനം. ഒപ്പം ചമ്മന്തിയാണ് ഇഷ്ടം. മസാലയുള്ള കറികളോടു വലിയ താൽപര്യമില്ല. ഉച്ചയ്ക്ക് ചോറു വേണം. ഇഷ്ടമുള്ള അരിയിലുള്ള ചോറാണെങ്കിൽ മുൻപ് ഏറെ കഴിച്ചിരുന്നു. ഇപ്പോൾ കുറച്ചു. കറികൾ കുറച്ചു മതി. തേങ്ങ അരച്ച മീൻകറിയാണിഷ്ടം. പുഴുക്കും തോരനുമാണിഷ്ടം. ചക്കപ്പുഴുക്കാണ് ഏറെയിഷ്ടം.
ചക്കയില്ലാത്ത കാലത്ത് മരച്ചീനും കടലയും ഏത്തയ്ക്ക, കാച്ചിൽ, ചേമ്പ് എന്നിവയിട്ട പുഴുക്ക്. മുൻപ് രാത്രി വൈകിയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഒരു വർഷമായി അതു മാറ്റി. വൈകിട്ട് ആറരയ്ക്കുള്ളിൽ ഭക്ഷണം കഴിക്കും. ചപ്പാത്തിയോ വെജിറ്റബിൾ സൂപ്പോ മതിയാകും. പിന്നീടു വല്ലാതെ വിശന്നാൽ ഒരു ഗ്ലാസ് ജ്യൂസ് കുടിക്കും. ഓഫിസിൽ നിന്ന് ഇറങ്ങുന്നതു 11ന്. ഉറങ്ങുമ്പോൾ 12 മണി കഴിയും. ഉറക്കത്തിന് 5 മണിക്കൂർ ലഭിച്ചാൽ ഭാഗ്യം. ഇതു പറയുമ്പോൾ മന്ത്രി വീണ്ടും ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ടു പറഞ്ഞു, ‘വെള്ളം കുടി കുറഞ്ഞാൽ അപ്പൊ വരും തലവേദന.’
അതിനുശേഷം മന്ത്രി വേനൽക്കാലത്തു കർശനമായി പാലിക്കേണ്ട ചില കാര്യങ്ങൾ കൂടി ഓർമിപ്പിച്ചു, ‘പകൽ നടക്കുമ്പോൾ തണലുള്ള സ്ഥലം തിരഞ്ഞെടുക്കുക. തൊഴിലാളികൾ ചൂടു കുറഞ്ഞ സമയത്തു ജോലി ചെയ്യുക. കുട്ടികളുടെ കാര്യം മറക്കരുത്. അവർ ഓടിച്ചാടി നടക്കും. എപ്പോഴും വെള്ളം കൊടുക്കുക. പക്ഷികളെയും മറ്റു ജീവികളെയും കൂടി കരുതുക. വീട്ടുമുറ്റത്തും ടെറസിലും ഒരു പാത്രം വെള്ളം വയ്ക്കാൻ മറക്കല്ലേ...’
English Summary : Health secrets of health minister K. K Shailaja