ADVERTISEMENT

സൈക്കിൾ ചവിട്ടി ആരോഗ്യം നന്നാക്കാമെന്നു കരുതി 10000 രൂപയിലേറെ കൊടുത്ത് ഒരെണ്ണം വാങ്ങി വീട്ടിലെ മൂലയ്ക്കിടുന്നതാണ് പലരുടെയും പതിവ്. ആദ്യത്തെ ആവേശത്തിന് ഉപയോഗിച്ചു തുടങ്ങി ഇടയ്ക്കൊന്നു പഞ്ചറായാൽ പിന്നെ പറയുകയും വേണ്ട. ശരിക്കും സൈക്കിള്‍ ഉപയോഗം ശീലമാക്കാൻ ആഗ്രഹിക്കുന്ന കൊച്ചീക്കാർക്ക് അതിന് അവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോയും കൊച്ചി സ്മാർട് സിറ്റി മിഷൻ ലിമിറ്റഡും. അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ള മൈ ബൈക്ക് എന്ന സ്റ്റാർട്ടപ്പുമായി ചേർന്നാണു പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 1000 സൈക്കിളുകളാണ് മെട്രോ സ്റ്റേഷനുകളിലും പ്രധാന ബസ് ഷെൽട്ടറുകളിലും ലഭ്യമാക്കുന്നത്.

സൈക്കിൾ പങ്കുവയ്ക്കൽ

മലയാളിയുടെ ആരോഗ്യശീലത്തിലെ മാറ്റം ലക്ഷ്യമിട്ടാണ് ആദ്യഘട്ടം മുതൽ കൊച്ചി മെട്രോ സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. മെട്രോയിൽ സൈക്കിൾ കയറ്റാം എന്ന നിലപാടെടുത്തതും ഇതിന്റെ ഭാഗമായാണ്. ഒരു മെട്രോ സ്റ്റേഷനിൽ ചെന്നിറങ്ങിയാൽ സൈക്കിൾ ഓടിച്ചു പോകാനുള്ള ദൂരത്തിലുള്ള സ്ഥലങ്ങളിലാണ് പോകേണ്ടതെങ്കിൽ സൈക്കിൾ കയറ്റാനുള്ള സൗകര്യം യാത്രക്കാർക്ക് ഏറെ ഉപകാരമായി. സൈക്കിൾ ഷെയറിങ് പദ്ധതിയും സമാന അവസരമാണ് നൽകുന്നത്. സ്ഥിരമായി ജോലിക്കായും മറ്റും മെട്രോയിൽ യാത്ര ചെയ്യുന്നവർക്കും നഗരത്തിലും മറ്റും അത്യാവശ്യങ്ങൾക്കു പോകുന്നവർക്കുമെല്ലാം മികച്ച സേവനമാണ് സൈക്കിൾ ഷെയറിങ് ഉപയോഗിക്കുന്നതിലൂടെ ലഭ്യമാകുക. മണിക്കൂർ നിരക്കിനു പുറമേ ആഴ്ച, മാസ വരിസംഖ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ സൈക്കിൾ ഓഫിസിലേയ്ക്കോ വീട്ടിലേയ്ക്കൊ കൊണ്ടുപോയി സൂക്ഷിക്കുന്നതിനു തടസമില്ല. 

ആദ്യ ഘട്ടത്തിൽ സമാന പദ്ധതിയുമായി രംഗത്തെത്തിയത് ഒരു സൈക്കിൾ ക്ലബ്ബായിരുന്നു. ആക്സിസ് ബാങ്കുമായി സഹകരിച്ച് നടപ്പാക്കിയ സൈക്കിൾ ഷെയറിങ് പദ്ധതി വിജയകരമായിരുന്നു. അടുത്ത ഘട്ടത്തിൽ സിഎസ്എംഎല്ലുമായി ചേർന്ന് മറ്റൊരു കമ്പനി പദ്ധതി നടപ്പാക്കി. ഇതിനെല്ലാം സ്ഥലം അനുവദിക്കുക മാത്രമാണ് കൊച്ചി മെട്രോ ചെയ്തത്. പദ്ധതി കൊച്ചി മെട്രോയും സ്മാർട് സിറ്റിയും ചേർന്ന് നടത്താൻ തീരുമാനിച്ചതോടെയാണ് ടെണ്ടർ വിളിക്കുകയും ഏതാനും കമ്പനികൾ മുന്നോട്ടു വരികയും ചെയ്തത്. ഇതിൽ ഉപയോക്താക്കൾക്ക് ഉപകാരമാകുന്ന മികച്ച ആശയങ്ങൾ മുന്നോട്ടു വയ്ക്കുകയും മുൻപരിചയമുള്ളതിനാലുമാണ് മൈബൈക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഹൈദരാബാദിൽ 2014 മുതൽ സൈക്കിൾ ഷെയറിങ് പദ്ധതി ലാഭകരമായി നടപ്പാക്കുന്ന കമ്പനിയാണ് കൊച്ചിയിൽ മൈബൈക്ക് പദ്ധതി നടപ്പാക്കുന്നത്. ദക്ഷിണേന്ത്യയിൽ ആദ്യമായി കേരളത്തിലാണ് ഇവർ സൈക്കിൾ ഷെയറിങ്ങുമായി നടപ്പാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാനത്ത് കൂടുതൽ ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് തീരുമാനമെന്ന് കമ്പനിയുടെ കേരളത്തിന്റെ ചുമതലയുള്ള ആദിത് വേണുഗോപാൽ മനോരമ ഓൺലൈനോടു പറ‍ഞ്ഞു. 22 മെട്രോ സ്റ്റേഷനുകൾക്കു പുറമേ മറൈൻ ഡ്രൈവ്, ക്യൂൻസ് വോക്ക് വേ, എറണാകുളം ബോട്ട്  ജെട്ടി, കുസാറ്റ് എന്നിവടങ്ങളിലും സൈക്കിളുകൾ ലഭ്യമാകും. കൂടുതൽ ടെർമിനലുകൾ സ്ഥാപിക്കാനാണ് കമ്പനിയുടെ തീരുമാനം. കെഎംആർഎല്ലും സിഎസ്എംഎല്ലും ചേർന്നാണു സൈക്കിളുകൾ വാങ്ങുന്നത്. നടത്തിപ്പ് ചുമതലയാണു സ്റ്റാർട്ടപ്പിനുള്ളത്. മൊബൈൽ ആപിൽ ലോഗിൻ ചെയ്താൽ തൊട്ടടുത്തുള്ള സൈക്കിൾ ഡോക്ക് ഏതാണെന്ന് അറിയാൻ കഴിയും. 

എങ്ങനെ ഉപയോഗിക്കാം.

താരതമ്യേന ആർക്കും വളരെ എളുപ്പത്തിൽ സൈക്കിൾ എടുത്ത് ഉപയോഗിക്കാവുന്ന ജിപിഎസ് ലോക്കിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. കൊച്ചിയിൽ ഇതിനകം 360 സൈക്കിളുകൾ എത്തിച്ചിട്ടുണ്ട്. 6 സൈക്കിളുകൾ വീതമുള്ള 60 ടെർമിനലുകളാണു മെട്രോ പാതയിൽ ഉള്ളത്. മൈ ബൈക്ക് (my byk)  ആപ് വഴി റജിസ്റ്റർ ചെയ്തു മണിക്കൂറിന് 2 രൂപ നിരക്കിൽ സൈക്കിൾ ഒാടിക്കാം. ഇതിന് ആദ്യം ഡിപ്പോസിറ്റ് തുകയായി 500 രൂപ അടയ്ക്കണം. ഈ തുക സേവനം വേണ്ടെന്നു വയ്ക്കുമ്പോൾ തിരികെ ലഭിക്കും. 

മൂന്നു പ്ലാനുകളാണ് മൈബൈക്ക് ആദ്യഘട്ടത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മണിക്കൂറിന് 2 രൂപ ഈടാക്കുന്ന 15 രൂപയുടെ സ്കീമും 199, 499 രൂപ പാക്കേജുകളുമാണുള്ളത്. 199 രൂപയ്ക്കു ഒരാഴ്ചത്തേക്കു സൈക്കിൾ വീട്ടിലൊ ഒാഫിസിലോ സൂക്ഷിച്ചു ഉപയോഗിക്കാം. 499 രൂപയ്ക്കു ഇതേ ആനുകൂല്യം ഒരു മാസത്തേക്കു ലഭ്യമാകും. ഇതിനിടെ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ സമീപത്തുള്ള ടെർമിനിൽ വച്ച് മറ്റൊരെണ്ണം എടുക്കാം.  കൊച്ചി മെട്രോ ഉപയോഗിക്കുന്നവർക്കു വീട്ടിലേക്കുള്ള യാത്ര മൈ ബൈക്ക് എളുപ്പമാക്കും. അഹമ്മദാബാദ്, പുണെ തുടങ്ങിയ നഗരങ്ങളിൽ നടപ്പാക്കിയ സമാനമായ പദ്ധതികൾ വിജയമായിരുന്നു. ഇതിനകം 250 പേർ മൈബൈക്ക് ആപ് ഉപയോഗിക്കുന്നതിന് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

English Summary : Kochi metro and cycle sharing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com