ADVERTISEMENT

വിയർപ്പുനാറ്റം പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. ചൂടുകാലം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. വിയർപ്പുനാറ്റത്തിനു പിന്നിലെ കാരണങ്ങളും ഇതു നേരിടാനുള്ള ആയുർവേദ വഴികളും നോക്കാം.

നമ്മുടെ ശരീരത്തിലെ ത്വക്കിന്റെ അഞ്ച് ഉപാംഗങ്ങളാണ് നഖം, രോമം, വിയർപ്പുഗ്രന്ഥികൾ, രോമകൂപങ്ങൾ, സീബ ഗ്രന്ഥികൾ. ഇവയിൽ ഏറെ പ്രത്യേകതുള്ളതാണ് വിയർപ്പുഗ്രന്ഥികൾ. ത്വക്കിന്റെ ഒരു ചതുരശ്ര സെന്റിമീറ്റർ പ്രദേശത്ത് 10 രോമകൂപങ്ങളും 100 വിയർപ്പുഗ്രന്ഥികളും 15 സീബ ഗ്രന്ഥികളും ധാരാളം സൂക്ഷ്മ രക്തക്കുഴലുകളുമുണ്ടാകും. ആന്തരാവയവങ്ങളിൽ നിന്നുവരുന്ന ചൂടേറിയ രക്തം, ഈ സൂക്ഷ്മ രക്തക്കുഴലുകളിൽ നിറഞ്ഞൊഴുകി ശരീരോപരിതലത്തിലൂടെ ചൂട് പുറന്തള്ളുന്നു. എന്നാൽ അന്തരീക്ഷത്തിലെ ചൂട് ശരീരോഷ്മാവിനെക്കാൾ അധികമെങ്കിൽ വിയർപ്പ്  സഹായത്തിനെത്തും. ശരീരോപരിതലത്തിലെത്തുന്ന വിയർപ്പുതുള്ളികൾ ചൂടായിരിക്കുന്ന ചർമത്തിൽ നിന്നു താപം വലിച്ചെടുത്ത് ആവിയായി പോകും. ഇങ്ങനെ ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ് വിയർപ്പ്. 

ഇതിൽ നിന്നും വ്യത്യസ്തമായ ഒരിനം സ്വേദഗ്രന്ഥികളാണ് അപോക്രൈൻ ഗ്രന്ഥികൾ. കഷം, നാഭി പ്രദേശം, സ്തനപ്രദേശം എന്നിവിടങ്ങളിൽ ഇത്തരം ഗ്രന്ഥികൾ കൂടുതലാണ്. ഇതിലൂടെ വരുന്ന അല്പം കട്ടികൂടിയ വിയർപ്പ് ത്വക്കിലുള്ള ചില ബാക്ടീരിയകളുമായി പ്രവർത്തിച്ച് ഒരുതരം ഗന്ധമുണ്ടാക്കുന്നു. 

വിയർപ്പു നാറ്റം അകറ്റാൻ

∙ രാമച്ചം ചേർത്തു തിളപ്പിച്ചാറിയ വെള്ളത്തിൽ അൽപം നാരങ്ങാനീരും ചേർത്ത് കുളിക്കാൻ ഉപയോഗിക്കാം. 

∙ വാകപ്പൊടി വെള്ളത്തിൽ കുഴച്ച് പേസ്റ്റാക്കി സോപ്പിനു പകരം ഉപയോഗിക്കാം.

∙ പരുത്തിത്തുണി ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ ധരിക്കുക.

∙ പുനർന്നവാസവം, ശാരിബാസവം, ചന്ദനാസവം, കൈശോരഗുൽഗുലുഗുളിക എന്നിവ വിദഗ്ധ നിർദേശത്തിൽ ഉപയോഗിക്കാം.

∙ ത്രിഫലാ ചൂർണം ചൂടുവെള്ളത്തിൽ നിത്യേന കഴിക്കാം.

English Summary : Tips for reducing body odor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com