കൈകളിലെ കരുവാളിപ്പും വരൾച്ചയും മാറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ
Mail This Article
ചർമസംരക്ഷണത്തിൽ കൈകൾക്കും ഏറെ പ്രാധാന്യമുണ്ട്. അൽപം സമയം മാറ്റിവച്ചാൽ കരുവാളിച്ചതും വരണ്ടതുമായി കൈകളുടെ ഭംഗി വീണ്ടെടുക്കാം.
∙ യാതൊരു ചെലവുമില്ലാതെ കൈകൾക്കു നൽകാവുന്ന ഏറ്റവും നല്ല പരിചരണങ്ങളിൽ ഒന്നാണു മസാജിങ്. കൈകളിലെ രക്‌തയോട്ടം വർധിപ്പിക്കാൻ ഇതു സഹായിക്കും. രാത്രി കിടക്കുന്നതിനു മുൻപു കൈകളിൽ മോയിച്യുറൈസർ പുരട്ടി നന്നയി മസാജ് ചെയ്‌തശേഷം സോക്‌സിട്ടു കിടന്നാൽ കൈകൾ കൂടുതൽ മൃദുവാകും.
∙ രാസവസ്‌തുക്കൾ ഉപയോഗിക്കേണ്ടി വന്നാൽ നിർബന്ധമായും കൈയുറ ധരിക്കണം. ഡിറ്റർജന്റുകളുമായി അമിത സമ്പർക്കമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. കൈകൾ വരളാനും ചൊറിഞ്ഞു പൊട്ടാനും ഡിന്റർജന്റുകൾ കാരണമാകും.
∙ കൈകളുടെ നിറം വർധിപ്പിക്കാൻ നാരങ്ങാനീരും പഞ്ചസാരും ചേർത്തു സ്‌ക്രബ് ചെയ്യുകയോ പാൽപ്പൊടിയും നാരങ്ങാനീരും തേനും ചേർത്തു കൈകകളിൽ പുരട്ടുകയോ ചെയ്‌താൽ മതി.
∙ വരണ്ട ചർമമുള്ളവർ കൈകളിൽ സോപ്പ് ഉപയോഗിക്കുന്നതു കഴിവതും ഒഴിവാക്കുക. ചെറുപയർ പൊടിയും വെളിച്ചെണ്ണയും ചേർത്തു പേസ്‌റ്റ് രൂപത്തിലാക്കി ഉപയോഗിക്കാം.
∙ കൈകൾ മൃദുവാകാൻ ചെറുതായി ചൂടാക്കിയ എണ്ണ പുരട്ടുകയൊ ഗ്ലിസറിനും റോസ് വാട്ടറും ചേർത്തു പുരട്ടുകയോ ചെയ്യാം.
∙ പുറത്തു പോകുന്നതിനു മുൻപു കൈകളിൽ സൺസ്‌ക്രീൻ പുരട്ടാൻ മറക്കേണ്ട.
∙ കൈകളിലെ കറുത്തപാടുകൾ അകറ്റാൻ ഉരുളക്കിഴങ്ങ് പേസ്‌റ്റ് രൂപത്തിലാക്കി പുരട്ടാം. വെള്ളരിക്കാനീരും നാരാങ്ങാനീരും ചേർത്തുപയോഗിക്കുന്നതും ഫലം നൽകും.
∙ മറ്റൊരു പ്രധാന പ്രശ്‌നമാണ് കൈകളിലെ ചുളിവുകൾ. പ്രായമേറിയവരിലും സൂര്യപ്രകാശം കൂടുതൽ ഏൽക്കുന്നവരിലുമാണു ചുളിവുകൾ സാധാരണയായി കാണുന്നത്. കൈകളെ വേണ്ടവിധത്തിൽ പരിചരിച്ചില്ലെങ്കിൽ ഏതു പ്രായക്കാർക്കും ഇതു വരാവുന്നതാണ്. ദിവസവും മോയിച്യുറൈസ് ചെയ്യുകയും മസാജ് ചെയ്യുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്‌താൽ ചുളിവുകളെ ഒരു പരിധിവരെ അകറ്റി നിർത്താനാകും. തേനും വൈറ്റമിൻ ഇ ക്യാപ്‌സ്യൂളും ചേർത്തു കൈകളിൽ പുരട്ടുന്നതും നല്ലതാണ്.
∙ കൈകളിൽ പുരട്ടാവുന്ന ചില കൂട്ടുകൾ: ഒലീവ് ഓയിലും വെളിച്ചെണ്ണയും, വെള്ളരിക്കാ നീരും ഗ്ലിസറിനും, നാരങ്ങാനീരും ഒലീവ് ഓയിലും, ഓറഞ്ച്‌നീരും തേനും, ഒരു ടേബിൾ സ്‌പൂൺ ഗ്ലിസറിനും ഒരു സ്‌പൂൺ നാരങ്ങാനീരും അഞ്ചു തുള്ളി റോസ് വാട്ടറും, ആൽമണ്ട് ഓയിലും തേനും.
English Summary : Skin care and beauty tips