ആരോഗ്യം മെച്ചപ്പെടുത്താൻ ലോക്ഡൗൺ കാലത്തേക്ക് ഒരു ടൈം ടേബിളുമായി സിജോയ് വർഗീസ്
Mail This Article
അലസത ഉൾപ്പെടെ ലോക്ഡൗൺ അടിച്ചേൽപ്പിക്കുന്ന പ്രതികൂല സാഹചര്യങ്ങളെ അനുകൂല സാഹചര്യമാക്കി മാറ്റാനുള്ള ഒരു ‘സ്പെഷൽ ടൈംടേബിൾ’ അവതരിപ്പിക്കുന്നു നടനും പരസ്യചിത്ര സംവിധായകനുമായ സിജോയ് വർഗീസ്.
∙ വാട്ടർ ടൈം: രാവിലെ ഉണർന്നാൽ അന്നു കുടിക്കാനുള്ള വെള്ളം തയാറാക്കുകയാണിത്. ആഴ്ചയിലെ ഓരോ ദിവസവും തുളസി, പനികൂർക്ക, മല്ലി, ജീരകം, കരിങ്ങാലി തുടങ്ങി ഓരോ ഔഷധം ഇട്ടു വെള്ളം തിളപ്പിച്ച് ഓരോരുത്തർക്കും പ്രത്യേകം ബോട്ടിലിലാക്കി സൂക്ഷിക്കുന്നു. ഇത് ആ ദിവസം അവസാനിക്കും മുൻപ് കുടിച്ചു തീർക്കണം. രോഗപ്രതിരോധ ശേഷി വർധിക്കുന്നു എന്നതു മാത്രമല്ല, വെള്ളം കുടിക്കുന്നതു കുറയുന്നതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും അകറ്റാം
∙ ഫുഡ് ടൈം: ഭക്ഷണത്തിന് എല്ലാവർക്കും കൃത്യമായ സമയം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രിയിലും കൃത്യമായി നിർദേശിച്ചിട്ടുള്ള അര മണിക്കൂറിനുള്ളിൽ എല്ലാവരും ഭക്ഷണം കഴിച്ചിരിക്കണം.
∙ ക്ലീനിങ് ടൈം: ഭക്ഷണത്തിനു ശേഷം വീട്ടിലെ ഏതെങ്കിലും മുറി വൃത്തിയാക്കാൻ ഒരു മണിക്കൂർ. ഒറ്റയടിക്ക് എല്ലാ മുറികളും വൃത്തിയാക്കുന്ന മുഷിപ്പില്ല എന്നതും എല്ലാവരും ഓരോ ഭാഗം വീതം വൃത്തിയാക്കുന്നതിനാൽ എളുപ്പം തീരുമെന്നതും മെച്ചം.
∙ ഗാഡ്ജെറ്റ്സ് ടൈം: ഉച്ചഭക്ഷണത്തിനു ശേഷം ഒരു മണിക്കൂർ മാത്രം. ഈ സമയം ചെറിയൊരുറക്കത്തിനോ ഇല്ലെങ്കിൽ മൊബൈൽ, കംപ്യൂട്ടർ, സമൂഹമാധ്യമ ഉപയോഗം തുടങ്ങിയവയ്ക്കും നീക്കിവയ്ക്കാം. സ്ക്രീൻ ടൈം ക്രമീകരിക്കുന്നതിലൂടെ കണ്ണിന് ആയാസം കിട്ടുമെന്നതും അമിത ഉപയോഗം മൂലമുള്ള അഡിക്‌ഷനും ഒഴിവാക്കാം.
∙ ഗാർഡൻ ടൈം: ഒരു മണിക്കൂർ ചെടികളെ പരിപാലിക്കാം. അടുക്കളത്തോട്ടവും പൂന്തോട്ടവുമൊക്കെ നിർമിക്കാം. ശുദ്ധവായു ശ്വസിക്കാനും പുറംവെയിലേൽക്കാനുമെല്ലാം ഇതു സഹായകമാകും. മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധം ഉറപ്പാക്കി വേണം പുറത്തുള്ള ജോലികൾ.
∙ സ്റ്റീം ടൈം: വൈകിട്ട് കുളിയൊക്കെ കഴിഞ്ഞെത്തിയാൽ അൽപസമയം ആവി കൊള്ളുന്നതു നല്ലതാണ്. പ്രതിരോധശേഷി വർധിക്കാനും കാലാവസ്ഥാ മാറ്റം മൂലമുള്ള ശ്വസന പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.
∙ പ്രയർ ടൈം: അൽപസമയം ഈശ്വരനോടു പ്രാർഥിക്കാം. ഈശ്വര വിശ്വാസമില്ലാത്തവർക്ക് മെഡിറ്റേഷനാകാം. ഇതു മനസ്സു ശാന്തമാക്കി വയ്ക്കാനും പോസിറ്റിവിറ്റി ലഭിക്കാനും ഉതകും.
∙ ടോക്ക് ടൈം: വീട്ടിലുള്ളവർക്കു സാമൂഹിക അകലം പാലിച്ച് മനസ്സു തുറന്നു സംസാരിക്കാം, പാട്ടുപാടാം, വിശേഷങ്ങൾ പങ്കിടാം. കുടുംബാംഗങ്ങൾ തമ്മിലുള്ള ആത്മബന്ധം ഇതു ശക്തമാക്കും.
∙ മൂവി ടൈം: രാത്രി ഭക്ഷണത്തിനു ശേഷം ഒരു സിനിമ. ഓരോ ദിവസവും കുടുംബാംഗങ്ങളിൽ ഓരോരുത്തരുടെ ഇഷ്ടപ്രകാരമുള്ളവ തിരഞ്ഞെടുക്കാം.
English Summary : COVID- 19 and healthy life ideas from Sijoy Varghese