ADVERTISEMENT

പ്രായമാകുമ്പോൾ എല്ലുകൾക്കും സന്ധികൾക്കുമൊക്കെ ബലക്കുറവുണ്ടാകുകയും ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിലും ഈ പ്രശ്‌നങ്ങൾ വർധിച്ചു വരികയാണ്. 

കൈമുട്ട്, കാൽമുട്ട്, വിരലുകൾ, കാൽപാദം, കഴുത്ത്, നടുവ് എന്നിവയ്‌ക്കെല്ലാം വേദന, പുറംവേദന, സന്ധിവാതം, ഓസ്റ്റിയോപോറോസിസ്, ഇൻഫ്ലമേഷൻ തുടങ്ങിയ നിരവധി ആളുകളെ അലട്ടുന്നുണ്ട്. ഈ കോവിഡ് കാലത്ത് ഈ പ്രശ്‌നങ്ങൾ അധികമായിട്ടുമുണ്ട്. എല്ലുകളുടെയും സന്ധികളുടെയും വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ വൈറ്റമിൻ സപ്ലിമെന്റുകളെ ആശ്രയിക്കുന്നവർ നിരവധിയാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പ്രധാന പോഷകങ്ങൾ എല്ലാം ലഭിക്കേണ്ടതാണ്. എന്നാൽ ഭക്ഷണത്തിലൂടെ വേണ്ടത്ര പോഷകങ്ങൾ ലഭിക്കുന്നില്ലെങ്കിൽ സപ്ലിമെന്റുകളെ ആശ്രയിക്കേണ്ടി വരുന്നു. 

വൈറ്റമിൻ സപ്ലിമെന്റുകൾ ഏതൊക്കെ?

1. ഫിഷ് ഓയിൽ 

എല്ല്, സന്ധി, ഹൃദയം, ചർമപ്രശ്‌നങ്ങൾ ഉള്ളവർക്ക് ഇത് ഉപയോഗിക്കാം. ഒമേഗ ഫാറ്റി ആസിഡ് ഇവയിൽ ധാരാളം ഉണ്ട്. ഇത് സന്ധികളിലെ ഇൻഫ്ലമേഷൻ കുറയ്ക്കുകയും സന്ധിവാതം, മുട്ടുവേദന ഇവ വരാതെ തടയുകയും ചെയ്യും. 

2. കാൽസ്യം 

പതിവായി എല്ലിനും സന്ധികൾക്കും വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്‌ടറുടെ നിർദേശപ്രകാരം കാൽസ്യം സപ്ലിമെന്റ് കഴിക്കണം. ശക്തമായ എല്ലുകളും പല്ലുകളും ലഭിക്കാൻ ഇത് സഹായിക്കും. മുട്ടുവേദന, സന്ധികളിലെ വീക്കം ഇവയും അകറ്റും. 

3. വൈറ്റമിൻ ഡി 

വൈറ്റമിൻ ഡി യുടെ അഭാവം എല്ലുകൾക്കും സന്ധികൾക്കും വേദന ഉണ്ടാക്കും. വൈറ്റമിൻ ഡി, കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കും. ഡി സപ്ലിമെന്റ് കഴിക്കുന്നതിലൂടെ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടും. 

4.ഗ്ലൂക്കോസാമിൻ 

കാൽമുട്ടിന്റെ സന്ധികളെ ശക്തിപ്പെടുത്തുകയും കാർട്ടിലേജിനു കേടുപാടുകൾ വരാതെ തടയുകയും ചെയ്യുന്ന ഒന്നാണിത്. സന്ധിവേദന മൂലമുണ്ടാകുന്ന ഇൻഫ്ലമേഷനെ കുറയ്ക്കുന്നു. ഓസ്റ്റിയോ ആർത്രൈറ്റിസ് മൂലം വിഷമിക്കുന്ന പ്രായമേറിയവർക്ക് ഒരനുഗ്രഹമാണ് ഗ്ലൂക്കോസാമിൻ. കാരണം പ്രായമാകുമ്പോൾ ഗ്ലൂക്കോസാമിന്റെ അളവ് കുറയുന്നു. ഈ സപ്ലിമെന്റ് എടുത്ത് ഏതാനും മാസങ്ങൾ കഴിഞ്ഞേ ഫലം കാണൂ എന്ന് മാത്രം. 

5. കോൺഡ്രോയ്ടിൻ 

സന്ധി വേദന ഒഴിവാക്കാനും കാർട്ടിലേജിനെ പുനർ നിർമിക്കാനും സഹായിക്കുന്നു. 

സപ്ലിമെന്റുകൾ അധികമായാൽ

വൈദ്യ നിർദേശം ഇല്ലാതെ സപ്ലിമെന്റുകൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഉയർന്ന രക്തസമ്മർദം, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, തലവേദന, തലകറക്കം, ദഹനപ്രശ്‌നങ്ങൾ, ഓക്കാനം, അടിവയറുവേദന, മലബന്ധം, ചർമത്തിന് റിയാക്‌ഷൻ, കരളിനും, വൃക്കയ്ക്കും പ്രശ്‌നങ്ങൾ തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം. ഹൃദയധമനികളിൽ പ്ലേക്ക് അടിഞ്ഞുകൂടാൻ കാൽസ്യം സപ്ലിമെന്റുകൾ കാരണമാകും. 

ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രമേ സപ്ലിമെന്റുകൾ കഴിക്കാവൂ. വൈറ്റമിൻ ഡെഫിഷ്യൻസി വരാതിരിക്കാൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാം. പോഷകങ്ങളടങ്ങിയ സമീകൃതാഹാരം ശീലമാക്കാം. മത്സ്യം, നട്സ്, സീഡ്‌സ്, പച്ചനിറത്തിലുള്ള ഇലക്കറികൾ, ബ്രക്കോളി ഇവയെല്ലാം കാൽസ്യം പ്രദാനം ചെയ്യും. വൈറ്റമിൻ ഡി ലഭിക്കാൻ ദിവസവും വെയിലു കൊള്ളുകയും വ്യായാമം ശീലമാക്കുകയും ചെയ്യാം. ഇതെല്ലാം പിന്തുടർന്നാൽ എല്ലുകളെയും സന്ധികളെയും ശക്തമാക്കാം.

English Summary : Supplements for healthy bones and joints - Good or bad? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com