കഷണ്ടിക്ക് പരിഹാരം; മുടി വളർച്ചയെ സഹായിക്കുന്ന പ്രോട്ടീൻ കണ്ടെത്തി
Mail This Article
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്ന ചൊല്ല് അപ്രസക്തമായേക്കാം. കാരണം കഷണ്ടി അകറ്റി മുടി വീണ്ടും കിളിർത്തുവരാൻ സഹായിക്കുന്ന ഒരു പ്രോട്ടീൻ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. മുടി കൊഴിയുന്നത് തടയുകയും പുതിയ തലമുടി കിളിർത്തു വരാൻ സഹായിക്കുകയും ചെയ്യുന്ന GAS6 എന്ന പ്രോട്ടീൻ ഹാർവഡ് സർവകലാശാല ഗവേഷകരാണ് കണ്ടെത്തിയത്.
സ്‌ട്രെസ് ആണ് മുടികൊഴിച്ചിലിന് ഒരു കാരണം. ദേഷ്യം, വിഷമം, ഉത്കണ്ഠ ഇതെല്ലാം കഷണ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കോവിഡ്– 19 ബാധിച്ചവർക്കും മുടികൊഴിച്ചിൽ ഉണ്ടാകുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും കഷണ്ടി വരാൻ സ്‌ട്രെസ് ഹോർമോണിന് പ്രധാന പങ്കുണ്ട്.
ചെറുപ്പത്തിലെ കഷണ്ടി ബാധിക്കുന്നതും മുടി കൊഴിയുന്നതും പലരെയും മാനസിക പ്രയാസത്തിലാക്കും. ആത്മവിശ്വാസക്കുറവിനും സമ്മർദത്തിനും ഇത് കാരണമാകും. അതുകൊണ്ടുതന്നെ കഷണ്ടി അകറ്റുന്ന പ്രോട്ടീനിന്റെ കണ്ടെത്തൽ ഏറെപ്പേർക്ക് ആശ്വാസമാകും എന്നത് തീർച്ചയാണ്.
തലമുടി നാരുകൾ വീണ്ടും കിളിർത്തു വരാൻ സഹായിക്കുന്ന ഒരു ക്രീം അല്ലെങ്കിൽ ലോഷൻ രൂപപ്പെടുത്തിയെടുക്കാൻ ഈ കണ്ടെത്തൽ ഗവേഷകരെ സഹായിക്കും. ഇത് കഷണ്ടിക്ക് സ്ഥിരമായ ഒരു പരിഹാരമേകും.
എലികളിലാണ് പരീക്ഷണം നടത്തിയത്. അവയുടെ അഡ്രിനൽ ഗ്രന്ഥി സർജറിയിലൂടെ നീക്കം ചെയ്‌തു. വൃക്കകളുടെ മുകളിലുള്ള ഈ ഗ്രന്ഥിയാണ് സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടികോസ്‌റ്റിറോൺ (കോർട്ടിസോളിനു തുല്യം) പുറപ്പെടുവിക്കുന്നത്. സ്‌ട്രെസ് ഹോർമോണിന്റെ അഭാവത്തിൽ എലികളിൽ മൂന്നിരട്ടി മുടി കിളിർത്തു വന്നു. എലികളിൽ ഹെയർ ഫോളിക്കിൾ സ്റ്റെം സെൽ (HFSC) നിർജീവമാകുന്നതും മുടി വളർച്ചയെ നിയന്ത്രിക്കുന്നതുമെല്ലാം കോർട്ടികോസ്‌റ്റിറോൺ എന്ന സ്‌ട്രെസ് ഹോർമോൺ ആണ്.
കോർട്ടികോസ്‌റ്റിറോണിന്റെ അളവ് കൂടുമ്പോൾ തലമുടി നാരുകൾ (hair follicles) വിശ്രാന്താവസ്ഥയിൽ ആകുകയും തലമുടി കിളിർക്കാതിരിക്കുകയും ചെയ്യും. മറിച്ച് കോർട്ടികോസ്‌റ്റിറോൺ ഇല്ല എങ്കിൽ ഹെയർ ഫോളിക്കിൾ സ്റ്റെം സെൽ - മുടി നാരുകളിലെ മൂലകോശങ്ങൾ - ആക്ടിവേറ്റ് ചെയ്യപ്പെടുകയും പുതിയ മുടി വളരുകയും ചെയ്യും.
കോർട്ടികോസ്‌റ്റിറോൺ, GAS 6 ന്റെ ഉൽപാദനത്തെ തടയുന്നതായി പഠനത്തിൽ കണ്ടു. സ്‌ട്രെസ് ഹോർമോണിന്റെ അഭാവത്തിൽ ഈ പ്രോട്ടീൻ മുടി നാരുകളുടെ വളർച്ച വേഗത്തിലാക്കുന്നു എന്നും കണ്ടു.
എലികളിൽ നടത്തിയ ഈ ആദ്യ ഘട്ട പഠനത്തിനു ശേഷം മനുഷ്യരിൽ സുരക്ഷിതമായി ഇത് ഉപയോഗിക്കും മുൻപ് നിരവധി പഠനങ്ങൾ നടത്തേണ്ടതുണ്ട്. ഈ കണ്ടെത്തലിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് ഹാർവഡിലെ ഓഫിസ് ഓഫ് ടെക്‌നോളജി ഡെവലപ്മെന്റിനാണ്.
ഭാവിയിൽ പ്രോട്ടീൻ ക്രീം വിപണിയിലെത്തുമ്പോൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയ ഒരു ആശ്വാസമാകും. ഹാർവഡ് സ്റ്റെം സെൽ ഇൻസ്റ്റിറ്റ്യൂട്ട്, കേംബ്രിഡ്‌ജിലെ ഡിപ്പാർട്മെന്റ് ഓഫ് ഡെർമറ്റോളജി, ന്യൂയോർക്കിലെ മൗണ്ട് സിനായിയിലെ ഇക്കാൻ സ്‌കൂൾ ഓഫ് മെഡിസിൻ, ഹാർവഡ് മെഡിക്കൽ സ്‌കൂൾ, ബോസ്‌റ്റൺ തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ ഗവേഷകർ ചേർന്നാണ് ഈ പഠനം നടത്തിയത്. ശാസ്ത്രരംഗത്തെ ഒരു വഴിത്തിരിവായേക്കാവുന്ന ഈ പഠനം നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ചു.
English Summary : Permanent cure to baldness on the way, Harvard study on hair-growth protein promises sure fix