സൗന്ദര്യത്തിന് തക്കാളി, യുവത്വം നിലനിര്‍ത്താൻ മഞ്ഞൾ; ശരീരഭാരം നിയന്ത്രിച്ചു യൗവനം കാത്തു സൂക്ഷിക്കാൻ ചെയ്യേണ്ടത്
Mail This Article
യൗവനം പടിയിറങ്ങിയാലും ചെറുപ്പത്തിന്റെ പ്രസരിപ്പ് നിലനിൽത്താൻ കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെ സാധിക്കും. പച്ചക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കും. ഇലക്കറികൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, റെഡ്മീറ്റ്, ബേക്കറി സാധനങ്ങൾ, എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ, മൈദ കൊണ്ടുള്ള വിഭവങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക എന്നതും ചെറുപ്പം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ പാലിക്കേണ്ട കാര്യങ്ങളാണ്. അമിതമായി മധുരം കഴിക്കുന്നത് പ്രായം കൂടുതൽ തോന്നിക്കുന്നതിനും അസുഖങ്ങൾക്കും കാരണമാവും. എല്ലാറ്റിലുമുപരി ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നത് യൗവനം കാത്തു സൂക്ഷിക്കാന്‍ സഹായിക്കും.
ആന്റി ഓക്സിഡന്റുകളും ചർമാരോഗ്യവും
ആരോഗ്യകരമായ ചർമത്തിന് ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. ഇലക്കറികകളും ഗ്രീൻ ടീ യും ഇതിനു സഹായിക്കും. കാത്സ്യത്തിന്റെ അളവ് ഭക്ഷണത്തിൽ പരമാവധി കൂട്ടണം. പാൽ, പാലുൽപന്നങ്ങൾ, ചെറിയ മത്സ്യങ്ങൾ, റാഗി, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തുന്നതു ചർമാരോഗ്യം മെച്ചപ്പെടുത്തും.
മാംസ്യവും വൈറ്റമിൻ സിയും
ചർമസംരക്ഷണത്തിനും നഖങ്ങൾ, മുടി എന്നിവയുടെ വളർച്ചയ്ക്കും ആവശ്യമായ പോഷകമാണ് മാംസ്യം അഥവാ പ്രോട്ടീൻ. ചർമത്തിന്റെ തിളക്കം കൂട്ടാൻ പ്രോട്ടീനടങ്ങിയ ഭക്ഷണം കഴിക്കുന്നതു സഹായിക്കും. മുഴുധാന്യങ്ങൾ, പയർ, പരിപ്പ് വർഗങ്ങൾ, നട്സ്, സീഡ്‌സ്, മുട്ടയുടെ വെള്ള, മത്സ്യം, മാംസം എന്നിവ മാംസ്യത്തിന്റെ കലവറയാണ്. ശരീരത്തിൽ പാടുകളുണ്ടാവുന്നതും തിളക്കക്കുറവും ചർമം ചുളിയുന്നതും പലപ്പോഴും വൈറ്റമിൻ സിയുടെ കുറവുമൂലമാണ്. ഇലക്കറികൾ, കപ്പയ്ക്ക, നാരങ്ങാ, തക്കാളി, കുരുമുളക്, ഓറഞ്ച്, കിവി എന്നിവയിൽ നിന്നും വേണ്ടത്ര വൈറ്റമിൻ സി ലഭിക്കും.
വൈറ്റമിൻ ഇ മുതൽ സിങ്ക് വരെ
വൈറ്റമിൻ ഇ, വൈറ്റമിൻ സി യുമായി ചേർന്ന് ആന്തരികപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതോടൊപ്പം അൾട്രാവയറ്റ‌് കിരണങ്ങളുടെ തീവ്രത തടയുന്ന ആന്റി ഓക്സിഡന്റായും പ്രവർത്തിക്കും. ബദാം, സൂര്യകാന്തി വിത്തുകൾ, മധുരക്കിഴങ്ങ‌്, ഇലക്കറികൾ, സ്പിനാച്, അവൊക്കാഡോ എന്നിവ ഈ പോഷകങ്ങളുെട സ്രോതസ്സുകളാണ്. സിലിക്കൺ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചർമത്തിന്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കും. വാഴപ്പഴം, ഓട്സ്, ഉണക്കമുന്തിരി, ഗോതമ്പ്, ഗ്രീൻ ബീൻസ്, ബ്രൗൺ റൈസ‌്, കാബേജ്, ആപ്പിൾ, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയയിൽ ധാരാളം സിലിക്കൺ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, സൗന്ദര്യത്തിനും പൊട്ടാസ്യം അത്യാവശ്യമാണ്. പൊട്ടാസ്യം കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ സഹായിക്കുന്നു. സരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിനും പൊട്ടാസ്യം സഹായിക്കും. കിവി, ആപ്രിക്കോട്ട്, ഈന്തപ്പഴം, പഴം എന്നിവയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
സൗന്ദര്യസംരക്ഷണത്തിന് അത്യാവശ്യമായ ഒന്നാണ് സിങ്ക്. മുഖക്കുരുവും മുഖത്തുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കി ചർമത്തെ സംരക്ഷിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. മുഴുധാന്യങ്ങൾ, ബീൻസ്, മിസോ, ബ്രോക്കോളി, ഗ്രീൻ ബീൻസ്, ചോക്‌ലെറ്റ്, തണ്ണിമത്തൻ, ന്യൂട്രിഷനൽ യീസ്റ്റ്, മത്തങ്ങാക്കുരു തുടങ്ങിയവയിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ചർമം വൃത്തിയാകാൻ ശരീരത്തെ ശുചിയാക്കാൻ സഹായിക്കുന്ന ധാതുക്കളിൽ മുന്നിലാണ് മഗ്നീഷ്യം. ഇത് ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കും. അവൊക്കാഡോ, നട്സ്, സീഡ്സ്, മുഴുധാന്യങ്ങൾ, നേന്ത്രപ്പഴം, ഇലക്കറികൾ തുടങ്ങിയവയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
നന്നായി കുടിക്കാം ശുദ്ധജലം
ശരീരത്തിൽ ഈർപ്പം നിലനിർത്താനും, ശരീരത്തെ ശുദ്ധിയാക്കാനുമെല്ലാം ജലം അനിവാര്യമായതിനാൽ ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. വിയർപ്പിലൂടെയും മറ്റും നഷ്ടപ്പെടുന്ന ജലം, ധാരാളം വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ തിരികെയെത്തും. ഇതു ശരീരം ശുചിയാക്കി കൂടുതൽ ഉന്മേഷം പ്രദാനം ചെയ്യും. പഴച്ചാറുകൾ, കരിക്കിൻവെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നതും നല്ലതാണ്.
സൗന്ദര്യം കൂട്ടാൻ തക്കാളി
തക്കാളി ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കും. പ്രായമാകുന്നതിന്റെ ഭാഗമായി ചർമത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റു കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ തക്കാളിക്കു കഴിയും. സൂര്യരശ്മികൾ ഏറ്റു ചർമത്തിൽ ഉണ്ടാകുന്ന കരുവാളിപ്പു നീക്കം ചെയ്യാൻ തക്കാളി ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നതും ചർമത്തിൽ പുരട്ടുന്നതും നല്ലതാണ്. ചർമത്തിന്റെ ഉപരിതലത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന സീബത്തിന്റെ അളവ് കുറയ്ക്കാൻ തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസ്ട്രിജന്റുകൾ സഹായിക്കുന്നു. മാത്രമല്ല, മുഖക്കുരു, മുഖത്തെ കരിവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കാനും തക്കാളി അനുയോജ്യമാണ്. തക്കാളിയിലെ ലൈക്കോപീൻ ഒരു മികച്ച ആന്റിഏജിങ് ആന്റിഓക്‌സിഡന്റാണ്. കൂടാതെ ഇതിൽ വൈറ്റമിൻ കെ, എ, ബി1, ബി7, സി, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടു ഭക്ഷണത്തിൽ തക്കാളി ഉൾപ്പെടുത്തിയാൽ പ്രായാധിക്യത്തിന്റെ പല അടയാളങ്ങളേയും തടഞ്ഞുനിർത്താം.
യുവത്വം നിലനിര്‍ത്താൻ മഞ്ഞൾ
യുവത്വത്തെ എന്നും കൂടെ നിർത്താൻ മഞ്ഞളിനുള്ള കഴിവ് ചെറുതല്ല. തലച്ചോറിലെ കോശങ്ങൾക്ക് വാർധക്യലക്ഷണങ്ങൾ പിടിപെടാതെ തടയാനും അൽസ്ഹൈമേഴ്സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും മഞ്ഞളിലെ പിഗ്മെമെന്റിനു കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഓറഞ്ച്, അവൊക്കാഡോ, ഡാർക് ചോക്‌ലെറ്റ്, ഓട്സ്, ഗ്രീൻ ടീ, സാൽമൺ മത്സ്യം, ഇലക്കറികൾ, ചണവിത്തുകൾ തുടങ്ങിയവയെല്ലാം തന്നെ വിവിധ തരത്തിൽ ചർമത്തിലും ശരീരത്തിലുമുണ്ടാകുന്ന വിവിധ പ്രായാധിക്യ ലക്ഷണങ്ങളെ പ്രതിരോധിക്കാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നവയാണ്.
Content Summary : Anti aging diet and beauty tips