സ്ത്രീകളുടെ ലൈംഗികാരോഗ്യത്തിന് ഈ അഞ്ച് ജീവിതശൈലീ മാറ്റങ്ങള്‍
Mail This Article
സ്ത്രീകളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്. ജീവിതശൈലിയില്‍ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ ലൈംഗികമായി പകരുന്ന രോഗങ്ങള്‍, എച്ച്ഐവി എയ്ഡ്സ്, അലര്‍ജികള്‍, പലതരം അണുബാധകള്‍ തുടങ്ങിയവയുടെ സാധ്യതകള്‍ ഒഴിവാക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. വന്ധ്യത, സെര്‍വിക്കല്‍ അര്‍ബുദം, മുഴകള്‍, ഫൈബ്രോയ്ഡുകള്‍, ആര്‍ത്തവ പ്രശ്നങ്ങള്‍, എന്‍ഡോമെട്രിയോസിസ്, പിസിഒഎസ് തുടങ്ങിയ ചില പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹാരം കാണേണ്ടവയാണ്. സ്ത്രീകളുടെ ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തിന് പിന്തുടരേണ്ട ചില ജീവിതശൈലീ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ലല്ലാനഗര്‍ മദര്‍ഹുഡ് ഹോസ്പിറ്റല്‍സിലെ സീനിയര്‍ കണ്‍സല്‍റ്റന്‍റ് ഗൈനക്കോളജിസ്റ്റ് ഡോ. ശാലിനി വിജയ്
പുകവലിയോട് നോ പറയാം
പുകവലിക്ക് ഇന്ന് സ്ത്രീ പുരുഷ ഭേദമില്ല. അര്‍ബുദം ഉള്‍പ്പെടെ പല പ്രശ്നങ്ങള്‍ക്ക് പുകയിലയിലെ വിഷ വസ്തുക്കള്‍ കാരണമാകും. അണ്ഡാശയം, ഗര്‍ഭാശയം ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ പ്രത്യുത്പാദനപരമായ അവയവങ്ങള്‍ക്ക് പുകവലി ഹാനികരമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. ഗര്‍ഭകാലത്തെ പുകവലി ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങളുണ്ടാക്കും.
ചെക്കപ്പും പരിശോധനകളും
പ്രായമാകും തോറും പല തരത്തിലുള്ള ലൈംഗികവും പ്രത്യുത്പാദനപരവുമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കും. ഇതിനാല്‍ പാപ് സ്മിയര്‍ പരിശോധന, ലൈംഗിക രോഗങ്ങള്‍ക്കായുള്ള പരിശോധന എന്നിവ ഇടയ്ക്ക് നടത്തേണ്ടത് അത്യാവശ്യമാണ്.
സുരക്ഷിതമായ ലൈംഗിക ബന്ധം
രോഗം വരാതെ നിയന്ത്രിക്കാന്‍ സുരക്ഷിതമായ ലൈംഗിക ബന്ധം ശീലിക്കേണ്ടത് അത്യാവശ്യമാണ്. എച്ച്ഐവി എയ്ഡ്സ് പോലുള്ള രോഗങ്ങള്‍ നിങ്ങളുടെ ജീവിതംതന്നെ മാറ്റി മറിക്കാം. പങ്കാളിക്ക് ലൈംഗിക രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ആര്‍ത്തവ ശുചിത്വം
ആര്‍ത്തവ കാലത്തും ശുചിത്വം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. പാഡുകളും ടാംപൂണുകളും നാലഞ്ച് മണിക്കൂര്‍ കൂടുമ്പോഴെങ്കിലും മാറ്റേണ്ടതാണ്. ആര്‍ത്തവ സമയത്ത് അസാധാരണമായി എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.
സൗകര്യപ്രദമായ വസ്ത്രം
ലൈംഗിക അവയവങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുത്. വായുസഞ്ചാരമുള്ള തരം അടിവസ്ത്രങ്ങളാകണം അണിയേണ്ടത്. ലൈംഗികാവയവങ്ങള്‍ ശുചിയായി സൂക്ഷിക്കുക. ഇവ വൃത്തിയാക്കാന്‍ രാസവസ്തുക്കളോ സോപ്പോ ഉപയോഗിക്കരുത്. സ്വകാര്യ ഭാഗങ്ങള്‍ മുന്നില്‍ നിന്ന് പിന്നിലേക്ക് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.
സമീകൃത ആഹാരം
ഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്ന തരം സമീകൃത ആഹാരം കഴിക്കാനും ശ്രദ്ധിക്കണം. ആര്‍ത്തവത്തെ തുടര്‍ന്നുണ്ടാകുന്ന തലവേദന, തലകറക്കം, രക്തത്തിലെ കുറഞ്ഞ പഞ്ചസാര, പഞ്ചസാരയോടുള്ള ആര്‍ത്തി എന്നിവ നിയന്ത്രിക്കാന്‍ മഗ്നീഷ്യം സഹായിക്കും. ആര്‍ത്തവത്തിന് മുന്‍പുള്ള ക്ഷീണം, വിഷാദം എന്നിവയെ നേരിടാന്‍ കാല്‍സ്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
Content Summary : Sexual and Reproductive Health: lifestyle changes every woman must make