ADVERTISEMENT

ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ, ഞാനൊരു പ്രമേഹരോഗിയാണ്. ഇടയ്ക്കിടെ ഞാൻ ഡോക്ടറെ കാണാറുണ്ട്. കഴിഞ്ഞ ദിവസം ‍ഡോക്ടറെനിക്ക് ഇൻസുലിൻ (Insulin)നിർദേശിക്കുകയുണ്ടായി. ഇൻസുലിൻ ഉപയോഗിച്ചതിനു ശേഷം ഇടയ്ക്കിടെ എനിക്ക് തലകറക്കം (Dizziness) വരുന്നു. എന്താണിതിനു കാരണം എന്നു വിശദീകരിക്കാമോ?

 

ഉത്തരം: പ്രമേഹരോഗികളിൽ ഉപയോഗിച്ചു വരുന്ന മരുന്നുകളിൽ പ്രധാനപ്പെട്ട മരുന്നാണ് ഇൻസുലിൻ. ഒരു പ്രമേഹരോഗിക്ക് ആദ്യമായിത്തന്നെ അവരുടെ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റവും തുടർന്ന് ചില ഗുളികകളുമാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്. സാധാരണയായി കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. അതിനുശേഷവും പ്രമേഹം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ ഡോക്ടർമാരും നിങ്ങളോട് ഇൻസുലിൻ ഉപയോഗിക്കാൻ ഉപദേശിക്കും. ഏത് ഇൻസുലിനാണ് ഉപയോഗിക്കേണ്ടത്. എത്ര ഡോസ് ഉപയോഗിക്കണം, ഏതു സമയത്താണ് ഇന്‍ജക്ഷൻ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തിയതിനു ശേഷം മാത്രമേ ഇൻസുലിൻ ഉപയോഗിക്കാൻ പാടുള്ളൂ. ഉദാഹരണത്തിന്, ആദ്യമായി ഇൻസുലിൻ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് ഒരു പക്ഷേ ഡോക്ടർമാർ ദിവസത്തിൽ ഒരു തവണ മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഇൻസുലിൻ കൊടുക്കാറുണ്ട്. പ്രമേഹത്തിന്റെ തോത് വളരെ കൂടി നിൽക്കുന്ന ഘട്ടത്തിലാണെങ്കിൽ നിർബന്ധമായും രണ്ടു ഡോസ് ഇൻസുലിനോ, അപൂർവം ചില ഘട്ടങ്ങളിൽ മൂന്നു ഡോസോ നിർദേശിക്കാറുണ്ട്. 

 

ഇൻസുലിനു ശേഷം ചില വ്യത്യാസങ്ങൾ നമ്മുടെ ശരീരത്തിൽ അനുഭവപ്പെടാം. ഇൻസുലിൻ കുറഞ്ഞ അവസ്ഥയിലാണ് ഇത് ഉപയോഗിക്കുന്നതെങ്കിൽ, ശരീരത്തിൽ ഒരു പ്രത്യേക ഉന്മേഷത്തിനു സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കുക. കൂടുതൽ മൂത്രമൊഴിക്കുക എന്നീ ലക്ഷണങ്ങൾ ഉള്ള രോഗികൾക്ക് ഇവ കുറഞ്ഞുവരാൻ സാധ്യതയുണ്ട്. ഇൻസുലിൻ ഡോസ് കൃത്യമല്ലെങ്കിൽ ചില രോഗികളിൽ, ഷുഗർ തീരെ കുറയുന്ന ഹൈപ്പോഗ്ലേസീമിയ ഉണ്ടാകാൻ സാധ്യതയുണ്ട്. അപ്പോൾ ഈ രോഗികൾക്ക് ഇടയ്ക്കിടെ തലകറക്കം വരാം. കൂടുതൽ വിയർക്കാം. തലവേദന വരാം. ഓർമശക്തി ശരിയല്ലാതാകുക, ഹൃദയമിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം. അങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് ഇൻസുലിൻ നിർദേശിച്ച ഡോക്ടറെ ഒന്നു കൂടി കണ്ട് ഡോസ് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 

 

Content Summary : Insulin Shock and Insulin Reactions - Dr. P. K. Jabbar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com