വേനലിൽ ഇവ കഴിച്ചാൽ ദഹനപ്രക്രിയ താറുമാറാകും; ഒഴിവാക്കേണ്ട ഭക്ഷണത്തെക്കുറിച്ച് ആയുര്‍വേദം പറയുന്നത്
Mail This Article
നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ പല വിധത്തിലാണ് ശരീരത്തെ ബാധിക്കുകയെന്നാണ് ആയുര്‍വേദം പറയുന്നത്. ചില ഭക്ഷണങ്ങള്‍ ശരീരത്തെ ചൂടാക്കുമെന്നും ചിലത് തണുപ്പിക്കുമെന്നും ആയുര്‍വേദ ആചാര്യന്മാര്‍ വിശദീകരിക്കുന്നു. ഇതു മനസ്സിലാക്കി കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണവിഭവങ്ങള്‍ വേണം തിരഞ്ഞെടുക്കാനെന്ന് ദ ഹെല്‍ത്ത്സൈറ്റ്.കോമില്‍ എഴുതിയ ലേഖനത്തില്‍ ആയുര്‍വേദ വിദഗ്ധന്‍ ഡോ. ഗൗരവ് ത്രിപാഠി പറയുന്നു.
വേനലില്‍ എളുപ്പം ദഹിക്കുന്ന തരം ലഘുവായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അമിത ഭക്ഷണം ഈ കാലാവസ്ഥയില്‍ ഒഴിവാക്കണം. സാധാരണ താപനിലയിലുള്ള വെള്ളത്തില്‍ പുതിനയിലയോ നാരങ്ങയോ ഒരു നുള്ള് പഞ്ചസാരയോ ഇട്ട് കഴിക്കുന്നത് വേനലില്‍ ശരീരത്തിന്‍റെ ചൂടകറ്റാന്‍ നല്ലതാണ്. ലസ്സി, ഹെര്‍ബല്‍ ചായ എന്നിവയും ചൂടിനെ പ്രതിരോധിക്കാന്‍ കഴിക്കാവുന്നതാണ്. ദഹനപ്രക്രിയയെ താറുമാറാക്കുമെന്നതിനാലും ശരീരത്തില്‍ വിഷാംശങ്ങള്‍ അടിയാന്‍ കാരണമാകുമെന്നതിനാലും ഐസിട്ട പാനീയങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
പഞ്ചസാരപ്പാനിയോ തേനോ വേനലിന് പറ്റിയതല്ല. സാലഡുകൾ രാത്രികാലങ്ങളിൽ കഴിക്കാതെ ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് ദഹനത്തിന് നല്ലത്. പഴുക്കാത്ത പഴങ്ങളും കാരറ്റ്, ബീറ്റ് റൂട്ട്, റാഡിഷ്, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കടുക് പോലുള്ള വസ്തുക്കളും വേനല്‍ക്കാലത്ത് ഒഴിവാക്കാം. അമിത എരിവുള്ളതും ചൂടുള്ളതുമായ ഭക്ഷണവിഭവങ്ങളും വേണ്ടെന്ന് വയ്ക്കാം. മധുരവും കയ്പ്പും ഉള്ള ഭക്ഷണങ്ങള്‍ വേനലിന് പറ്റിയതാണെന്നും ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു. പഴുത്ത പഴങ്ങള്‍, സാലഡ്, പാല്‍, വെണ്ണ, നെയ്യ്, കോട്ടേജ് ചീസ്, യോഗര്‍ട്ട്, വല്ലപ്പോഴും ഐസ്ക്രീം എന്നിവയും ഉഷ്ണകാലത്ത് കഴിക്കാന്‍ മികച്ചതാണ്.
ആപ്പിള്‍, ബെറി, ചെറി, കരിക്ക്, മുന്തിരി, നാരങ്ങ, മാങ്ങ, തണ്ണിമത്തന്‍, പൈനാപ്പിള്‍, പ്ലം, മാതളനാരങ്ങ എന്നിവയും വേനല്‍ക്കാലത്ത് കഴിക്കാനായി നിർദേശിക്കപ്പെടുന്നു. ബ്രക്കോളി, കാബേജ്, കോളിഫ്ളവര്‍, വെള്ളരി, ഗ്രീന്‍ ബീന്‍സ്, ലെറ്റൂസ്, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ് എന്നിവയും വേനലിന് നല്ലതാണെന്ന് ഡോ. ഗൗരവ് പറഞ്ഞു. ധാന്യ വിഭവങ്ങളില്‍ ബാര്‍ലി, അരി, ബസ്മതി, ഗോതമ്പ് എന്നിവ കഴിക്കണമെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്.
Content Summary : Summer Diet in Ayurveda