ഗുണം നഷ്ടമാകാതെ ജ്യൂസ് കുടിക്കാന്‍ ഈ അഞ്ച് തെറ്റുകള്‍ ഒഴിവാക്കാം
Mail This Article
ആരോഗ്യത്തോടെ ഇരിക്കാന്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പോഷകസമ്പുഷ്ടമായ പാനീയമാണ് ഫ്രഷ് ജ്യൂസുകള്‍. എന്നാല്‍ വീട്ടില്‍തന്നെ ജ്യൂസ് തയാറാക്കുമ്പോൾ നാം വരുത്തുന്ന ചില തെറ്റുകള്‍ ജ്യൂസിന്‍റെ ഗുണം നഷ്ടമാക്കാനും ഗുണത്തേക്കാളേറെ ശരീരത്തിന് അവ ദോഷം ചെയ്യാനും സാധ്യതയുണ്ട്. ജ്യൂസ് എങ്ങനെ തയാര്‍ ചെയ്യണം, എപ്പോള്‍ കുടിക്കണം എന്നുള്ളതും വളരെ പ്രധാനമാണ്. പ്രഭാതഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് ജ്യൂസും കൂടി തയാറാക്കുമ്പോൾ ഇനി പറയുന്ന തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം
1. മധുരം ചേര്‍ക്കരുത്
ജ്യൂസിനൊപ്പം കൃത്രിമ മധുരം ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാന്‍ കാരണമാകും. ഇതിനാല്‍ ജ്യൂസിലേക്ക് പുറമേ നിന്ന് പഞ്ചസാര ചേര്‍ക്കേണ്ടതില്ല.
2. പച്ചക്കറികള്‍ ചേര്‍ക്കേണ്ട പോലെ ചേര്‍ക്കണം
പഴങ്ങളേക്കാള്‍ ഗുണപ്രദമാണ് പച്ചക്കറി ജ്യൂസ്. എന്നാല്‍ ശരിയായ രീതിയില്‍ ചേര്‍ത്തില്ലെങ്കില്‍ ഇവയുടെ രുചി നഷ്ടമാകുകയും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യും. കയ്പ്പുള്ള പച്ചക്കറികള്‍ ജ്യൂസില്‍ ചേര്‍ത്താല്‍ രുചി നഷ്ടമാകുകയും ജ്യൂസ് കുടിക്കുന്നവര്‍ക്ക് മനംമറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
3. ജ്യൂസ് മിക്സറിലെ ചൂട്
പഴങ്ങള്‍ ഇട്ട് അവയെ അമര്‍ത്തി നീരെടുക്കുന്ന ജ്യൂസറിനെ അപേക്ഷിച്ച് ജ്യൂസ് മിക്സറില്‍ വളരെ വേഗം ജ്യൂസ് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. എന്നാല്‍ ഇവയുണ്ടാക്കുന്ന ചൂട് പഴങ്ങളിലെയും പച്ചക്കറികളിലെയും പോഷണങ്ങള്‍ നഷ്ടമാക്കാന്‍ ഇടയാക്കും. ജ്യൂസ് ഉണ്ടാക്കുന്ന യന്ത്രം ചൂടാകാതെ ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
4. ജ്യൂസ് എപ്പോള്‍ കുടിക്കണം
ഉണ്ടാക്കിയ ശേഷം ജ്യൂസ് ഉടനെ കുടിക്കുന്നത് അതിലെ പോഷണങ്ങള്‍ മുഴുവനായും ശരീരത്തിന് ലഭിക്കാന്‍ സഹായിക്കും. നേരെ മറിച്ച് രാവിലെ ഉണ്ടാക്കിയ ജ്യൂസ് ഫ്രിഡ്ജില്‍ വച്ച് വൈകുന്നേരം എടുത്ത് ഉപയോഗിക്കുന്നത് നല്ലതല്ല. വീട്ടിലുണ്ടാക്കിയ ജ്യൂസ് 24 മണിക്കൂര്‍ വരെ കേടു കൂടാതെ സൂക്ഷിക്കാമെങ്കിലും ജ്യൂസ് ഉടനെ കുടിക്കുന്നതാണ് ആരോഗ്യപ്രദം.
5. കുരു ജ്യൂസില്‍ കലര്‍ത്തരുത്
ജ്യൂസ് ഉണ്ടാക്കാനായി പഴങ്ങളും പച്ചക്കറികളും എടുക്കുമ്പോൾ അവയിലെ കുരു നീക്കം ചെയ്യാന്‍ മറക്കരുത്. ഒരൊറ്റ കുരു ചേര്‍ന്നാല്‍ പോലും ചിലപ്പോള്‍ രുചിയില്‍ മാറ്റം വരാം. ചില പഴങ്ങളുടെയും പച്ചക്കറികളുടെയും കുരുവില്‍ വിഷാംശം ഉണ്ടാകാമെന്ന കാര്യവും ശ്രദ്ധിക്കണം.
Content Summary: Fruit Juice and Healthy lifestyle