ADVERTISEMENT

കണ്ണ് ഇല്ലാണ്ടായാല്‍ മാത്രമേ കണ്ണിന്‍റെ വില അറിയുള്ളൂ എന്ന് പഴമക്കാര്‍ പറയാറുണ്ട്.  ഏറ്റവും ശ്രദ്ധയോടെ നാം കാത്ത് സൂക്ഷിക്കേണ്ട അവയവങ്ങളില്‍ ഒന്നാണ് കണ്ണുകള്‍. ജനിതകപരമായ കാരണങ്ങള്‍ക്കും പ്രായത്തിനുമൊപ്പം ചില മോശം ശീലങ്ങളും ജീവിതശൈലിയും കാഴ്ചനഷ്ടത്തിലേക്ക് നയിക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തില്‍ 220 കോടി ജനങ്ങള്‍ ഹ്രസ്വദൃഷ്ടിക്കോ ദൂരക്കാഴ്ചയ്ക്കോ കുഴപ്പമുള്ളവരാണ്. ഇതില്‍ പകുതിയോളം പേരിലെങ്കിലും കൃത്യസമയത്തെ ഇടപെടല്‍ കൊണ്ട് കാഴ്ച വൈകല്യം ഒഴിവാക്കാവുന്നതാണെന്ന് കരുതപ്പെടുന്നു. 

 

കാഴ്ചയെ പ്രതികൂലമായി ബാധിക്കുന്ന അഞ്ച് ദുശ്ശീലങ്ങള്‍ വിവരിക്കുകയാണ് എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ന്യൂഡല്‍ഹി വിഷന്‍ ഐ സെന്‍ററിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. തുഷാര്‍ ഗ്രോവര്‍. 

 

1. അമിതമായ സ്ക്രീന്‍ ഉപയോഗം

സ്മാര്‍ട്ട് ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും  അരങ്ങ് വാഴുന്ന ലോകത്തില്‍ ഇവ കണ്ണുകള്‍ക്കുണ്ടാക്കുന്ന നാശത്തെ പറ്റി പലരും ബോധവാന്മാരല്ല. ദീര്‍ഘനേരം സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും നോക്കി ഇരിക്കുന്നത് കണ്ണുകള്‍ക്ക് സമ്മര്‍ദമുണ്ടാക്കും. അവയില്‍ നിന്ന് പുറപ്പെടുവിക്കുന്ന വെളിച്ചം കണ്ണുകളെ വരണ്ടതാക്കുകയും തലവേദനയുണ്ടാക്കുകയും ചെയ്യും. മങ്ങിയ കാഴ്ചയ്ക്കും ഈ ശീലം കാരണമാകും. 

 

2. പുകവലി

തൊണ്ടയ്ക്കും ശ്വാസകോശത്തിനും മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തിനും പുകവലി വില്ലനാകും. പുകവലിയും പുകയില ഉപയോഗവും കണ്ണുകളിലെ പേശികള്‍ നശിക്കാനും തിമിരം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും. 

 

3. സണ്‍ഗ്ലാസുകള്‍ ധരിക്കാതിരിക്കല്‍

പുറത്തിറങ്ങുമ്പോൾ  സണ്‍ഗ്ലാസുകള്‍ ധരിക്കാതിരിക്കുന്നത് കണ്ണുകളില്‍ അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കുന്നതിന് ഇടയാക്കും. ഈ അപകടകരമായ രശ്മികള്‍ കണ്ണുകളില്‍ അര്‍ബുദത്തിന് വരെ കാരണമാകാം. അപകടകരമായ മാലിന്യങ്ങള്‍ അടങ്ങിയ പുറത്തെ വായുവില്‍ നിന്നു കണ്ണുകളെ സംരക്ഷിച്ച് നിര്‍ത്താനും സണ്‍ ഗ്ലാസ് സഹായിക്കും. 

 

4. കണ്ണുകള്‍ ഇടയ്ക്കിടെ തിരുമ്മല്‍

കണ്ണുകള്‍ ഇടയ്ക്കിടെ തിരുമ്മുന്നത് ഇവയുടെ പുറം ഭാഗത്തിന് ക്ഷതമേല്‍പ്പിക്കും. പൊടിയും ബാക്ടീരിയകളും കണ്ണിലേക്ക് പടരുന്നതിനും കണ്ണുകളുടെ കോര്‍ണിയയെ ദുര്‍ബലപ്പെടുത്താനും ഇത് കാരണമാകും. കണ്ണുകള്‍ തിരുമ്മാനുള്ള തോന്നല്‍ നിയന്ത്രിക്കാനാകാതെ വന്നാല്‍ തിരുമ്മുന്നതിന് പകരം വെള്ളമൊഴിച്ച് കഴുകേണ്ടതാണ്. 

 

5. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാത്ത ഐ ഡ്രോപ്സ് ഉപയോഗം

ഡോക്ടറുടെ നിര്‍ദ്ദേശമൊന്നും കൂടാതെതന്നെ ഏതെങ്കിലും ഐ ഡ്രോപ്സുകള്‍ കണ്ണില്‍ ഒഴിക്കുന്ന പ്രവണത ചിലര്‍ക്കുണ്ട്. ഇത്തരത്തിലുള്ള ഐ ഡ്രോപ്സ് ഉപയോഗം ഗുണത്തിന് പകരം ദോഷം ചെയ്യും. ഇടയ്ക്ക് കണ്ണ് ഒന്ന് ചുവന്ന് കണ്ടാല്‍ ഉടനെ ഡ്രോപ്സ് ഒഴിക്കരുത്. ദീര്‍ഘനേരത്തെ ജോലിക്കോ രാത്രിയിലെ ഉറക്കമില്ലായ്മയ്ക്കോ ശേഷം കണ്ണ് ചുവക്കുന്നത് സാധാരണമാണ്. 

 

കണ്ണുകള്‍ക്ക് ആവശ്യത്തിന് പോഷണം നല്‍കുന്ന കാരറ്റും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കുകയും ഉറങ്ങുകയും ചെയ്യണമെന്നും ഡോ. തുഷാര്‍ ചൂണ്ടിക്കാട്ടി. പഴയ കോണ്‍ടാക്ട് ഗ്ലാസുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം. കോണ്‍ടാക്ട് ഗ്ലാസുകള്‍ വച്ചു കൊണ്ട് ഉറങ്ങുന്നതും കണ്ണിന് ദോഷം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Summary: Correct these 5 everyday habits that could lead to poor vision 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com