പെരുമഴയെ ഓടിത്തോൽപിച്ച് ഫൺ റൺ, ആവേശത്തോടെ പങ്കെടുത്ത ആയിരങ്ങൾക്കു നന്ദി
Mail This Article
കോരിച്ചൊരിയുന്ന മഴയെ ഓടിത്തോൽപിക്കാനുള്ള ആവേശത്തോടെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കായികപ്രേമികൾ മൂന്നു ജില്ലകളിലായി നടന്ന ഫൺ റണ്ണിൽ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള രാജ്യാന്തര ഐടി കമ്പനി ഐബിഎസിന്റെ സഹകരണത്തോടെ ജൂലൈ മൂന്നിന് മലയാള മനോരമ നടത്തിയ ബോൺ സാന്തേ മാരത്തണിൽ കുടുംബസമേതമാണ് ആളുകൾ പങ്കെടുത്തത്. ജൂൺ 29 ന് മാരത്തൺ നടത്താനായിരുന്നു തീരുമാനമെങ്കിലും കനത്ത മഴ മൂലം ജൂലൈ മൂന്നിലേക്കു മാറ്റുകയായിരുന്നു. പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് പെരുമഴ ആർത്തു പെയ്തെങ്കിലും പേമാരിയെ ഓടിത്തോൽപിക്കാനുള്ള ഊർജവുമായിട്ടായിരുന്നു ജനങ്ങൾ ഫൺ റണ്ണിൽ പങ്കെടുക്കാനെത്തിയത്. മഹാമാരിയെ വകവയ്ക്കാതെ മുന്നോട്ടു പോയ ഫൺറണ്ണിൽ വൻ ജനപങ്കാളിത്തം ഉണ്ടായി എന്നതും എടുത്തു പറയേണ്ടതാണ്. മൂന്നു ജില്ലകളിലായി ക്രമീകരിച്ച ഫൺ റണ്ണിന്റെ കൂടുതൽ വിശേഷങ്ങളറിയാം.
അനന്തപുരിയിൽ ആവേശം നിറച്ച് പൊതുജനങ്ങൾക്കൊപ്പം കായികതാരങ്ങളും
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബോൺ സാന്തേ ഫൺ റണ്ണിൽ പൊതുജനങ്ങൾക്കൊപ്പം കായികതാരങ്ങളുമെത്തിയത് ആവേശം ഇരട്ടിയാക്കി. നൂറുകണക്കിനു കായികതാരങ്ങളാണ് ശംഖുമുഖത്തു നടന്ന ഫൺ റണ്ണിൽ പങ്കെടുത്തത്. ‘‘ജനങ്ങളെ പ്രതിസന്ധിയിലാക്കിയ മഹാമാരിക്കു ശേഷം കായിക രംഗത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സൂചനയാണ് മരത്തൺ നൽകുന്നത്’’– തിരുവനന്തപുരം ജില്ലയിലെ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മന്ത്രി ആന്റണി രാജു പറഞ്ഞു.
ദേശീയ താരങ്ങൾക്കൊപ്പം തായ്കൊണ്ടോ, സൈക്കിളിങ് താരങ്ങൾ, രാജ്യത്തെ സർവകലാശാലാ മീറ്റുകളിൽ വിജയം നേടിയ താരങ്ങൾ, ജില്ലയിലെ സ്പോർട്സ് താരങ്ങൾ, ക്ലബ്ബുകൾ, സായി കായികതാരങ്ങൾ എന്നിവരും ഫൺ റണ്ണിൽ പങ്കെടുത്തു. ദേശീയ താരങ്ങളായ അശോക് രാജ്, അവതാർ പാട്ടിൽ , പൂജ ശ്വേത, ശ്രുതി കംബോജി, അഗസാ തോമസ് എന്നിവരടക്കം ഫൺ റണ്ണിനെത്തി. മാരത്തണിന്റെ ഭാഗമായി നടത്തിയ 5 കിലോമീറ്റർ ഫൺ റണിൽ ആർ.എസ്. മനോജ് ഒന്നാം സ്ഥാനം നേടി. ബെഞ്ചമിൻ ബാബു രണ്ടാം സ്ഥാനവും ടി. അനീഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. 10 കിലോമീറ്റർ റണ്ണിൽ കെ. അജിത് ഒന്നാമതും എസ് ജിജിൽ രണ്ടാമതും ആർ. രഞ്ജിത് മൂന്നാമതും ഫിനിഷ് ചെയ്തു. വിജയികൾക്ക് 20000, 10000, 5000 രൂപ വീതം പ്രൈസ് മണിയും മെഡലും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഐബിഎസ് വൈസ് പ്രസിഡന്റും തിരുവനന്തപുരം മേധാവിയുമായ ലതാ നായർ പ്രസംഗിച്ചു.
കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കു ശേഷം കുടുംബങ്ങളെയും യുവത്വത്തെയും ഒന്നു ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്. മാരത്തണിൽ പങ്കെടുത്തവർക്കായി സൗജന്യ മെഡിക്കൽ പരിശോധന ഒരുക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഹെൽത്ത് പാർട്‌ണർ പിആർഎസ് ഹോസ്പിറ്റലായിരുന്നു. ഫിറ്റ്നസ് പാർട്‌ണർ ഡി ആർക് 1 ആയിരുന്നു.
കൊച്ചിയിൽ ആവേശമേളം; പങ്കെടുത്തത് ആയിരങ്ങൾ
ജൂലൈ മൂന്നിന് പുലർച്ചെ കൊച്ചിയിലെ കേന്ദ്രീയ വിദ്യാലയ സ്കൂൾ മൈതാനത്തുനിന്ന് ആരംഭിച്ച ഫൺ റണ്ണിൽ പങ്കെടുത്തത് ആയിരക്കണക്കിനാളുകളാണ്. ഹൈബി ഈഡൻ എംപി, ഐബിഎസ് സോഫ്റ്റ്‌വെയർ സീനിയർ വൈസ് പ്രസിഡന്റ് അശോക് രാജൻ, മലയാള മനോരമ മാർക്കറ്റിങ് സർവീസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത ഫൺ റൺ കേന്ദ്രീയ വിദ്യാലയ സ്കൂൾ മൈതാനത്തുനിന്ന് ആരംഭിച്ച് ഓൾഡ് റെയിൽവേ റോഡ് വരെ പോയി മടങ്ങുന്ന രീതിയിലായിരുന്നു ക്രമീകരിച്ചത്.
രാവിലെ 6 നു വാം അപ്പിനായി സൂംബാ പ്രകടനത്തോടെയായിരുന്നു തുടക്കം. 5 കിലോമീറ്റർ ഫൺ റണ്ണിൽ അശ്വിൻ ആന്റണി ഒന്നാം സ്ഥാനവും (20,000 രൂപ), ദീപക് മാത്യു രണ്ടാം സ്ഥാനവും (10,000), ആർ. രമേശ് കൃഷ്ണൻ മൂന്നാം സ്ഥാനവും (5,000) നേടി. 10 കിലോമീറ്റർ വിഭാഗത്തിൽ ഷെറിൻ റോസ് ഒന്നാം സ്ഥാനവും (20,000 രൂപ), ലാബി ജോൺ രണ്ടാം സ്ഥാനവും (10,000), സരുൺ സജി മൂന്നാം സ്ഥാനവും (5,000) നേടി. മാരത്തണിൽ പങ്കെടുത്തവർക്കായി മെഡിക്കൽ പരിശോധന ഒരുക്കിയിട്ടുണ്ടായിരുന്നു. കൊച്ചിയിലെ ഹെൽത്ത് പാർട്‌ണർ സംഗീത് ഹോസ്പിറ്റലായിരുന്നു.
ആവേശത്തിരയിൽ മുങ്ങിയ കോഴിക്കോടൻ ഫൺറൺ
ഫൺ റണ്ണിന്റെ ആവേശം മനസ്സിലാവാഹിച്ച് നൂറുകണക്കിനാളുകളാണ് കോഴിക്കോട് ബീച്ചിലെത്തിയത്. മുന്നൂറിലേറെആളുകൾ പങ്കെടുത്ത ഫൺ റൺ മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്തു. കുടുംബത്തോടൊപ്പം എത്തിയവരായിരുന്നു ഏറെയും. 5 കിലോമീറ്റർ ഓട്ടത്തിൽ മനോജ് കുമാർ, ജെ.അശ്വൻ, അജ്മൽ സനാദ് എന്നിവർ ആദ്യ 3 സ്ഥാനങ്ങളിലെത്തി. 10 കിലോമീറ്റർ ഓട്ടത്തിൽ ആനന്ദ് കൃഷ്ണ, എംപി. നബീൽ സഹി , ടി.ആർ. സുജിത്ത് എന്നിവർ ആദ്യ സ്ഥാനങ്ങളിലെത്തി. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തിയവർക്ക് 20000, 10000, 5000 രൂപ വീതം സമ്മാനം നൽകി. ഒപ്പം മെഡലും സർട്ടിഫിക്കറ്റും ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരുന്നു. വാം അപ് സുംബ സെഷനോടെയായിരുന്നു മാരത്തൺ തുടക്കം. പങ്കെടുക്കുന്നവർക്കായി പ്രഭാത ഭക്ഷണവും മെഡിക്കൽ പരിശോധനയും ഒരുക്കിയിരുന്നു. ആസ്റ്റർ മിംസ് ആശുപത്രി ഹെൽത്ത് പാർട്ണറും ഹോട്ടൽ പാരഗൺ റിഫ്രഷ്മെന്റ് പാർട്ണറുമായിരുന്നു.
Content Summary : Thank you to everyone who participated in Bonne Sante Marathon 2022